ന്യൂദല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016ലെ നടപടി ശരിവച്ച് സുപ്രീം കോടതി. അഞ്ചംഗ ബെഞ്ചില്‍ നാലു ജഡ്ജിമാരും കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഒരു ഭരണഘടനവിരുദ്ധതയും ഇല്ലെന്ന് നാലു ജഡ്ജിമാരും വിധിയെഴുതി. നാലുപേര്‍ക്കായി ജസ്റ്റിസ് ബി.ആര്. ഗവായി തയാറാക്കിയ വിധിയാണ് വായിച്ചത്. അതേസമയം, ബി.വി. നാഗരത്ന ആണ് നോട്ട് നിരോധനത്തെ എതിര്‍ത്തത്. പാര്‍ലമെന്റിലെ നിയമനിര്‍മാണം വഴി മാത്രമേ നോട്ട് നിരോധിക്കാവൂ എന്നും കേന്ദ്രസര്‍ക്കാര്‍ നടപടി ശരിയല്ലെന്നും നാഗരത്ന വിധിച്ചു. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്. സാമ്പത്തിക കാര്യങ്ങളില്‍ കോടതി ഇടപെടല്‍ ആശാസ്യമല്ലെന്നും നോട്ട് നിരോധനം പൂര്‍ണമായി ഫലപ്രാപ്തിയില്‍ എത്തിയില്ല എന്നു കരുതി നടപടി തെറ്റാണെന്ന് കരുതാനാവില്ലെന്ന് നാലു ജഡ്ജിമാരും വിധിച്ചു.
നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
അതേസമയം, നോട്ട് നിരോധനം റിസര്‍വ് ബാങ്കിന്റെ ശുപാര്‍ശയോടെയാണ് നടപ്പാക്കിയത് എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കള്ളപ്പണം ഇല്ലാതാക്കുക, നികുതി വെട്ടിപ്പ് തടയുക, ഭീകരപ്രവര്‍ത്തനം തടയുക എന്നിവ ലക്ഷ്യമിട്ടാണ് നോട്ട് നിരോധനമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് എന്നാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ആരോപിക്കുന്നത്. ഇതാണ് ഇപ്പോള്‍ സുപ്രീം കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: