പാലക്കാട്: റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനായി അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയുമായി റെയില്‍വെ മന്ത്രാലയം. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടുകളോടെ സ്റ്റേഷനുകളുടെ വികസനം എന്നതാണ് ലക്ഷ്യം.
വിമാനത്താവളങ്ങള്‍ക്കും മറ്റുമുള്ള ഗതാഗത സംവിധാനങ്ങള്‍ക്ക് സമാനമായ രീതിയിലുള്ള ആശയത്തിലാണ് റെയില്‍വെ സ്റ്റേഷനുകളും രൂപകല്പന ചെയ്ത് നടപ്പിലാക്കുവാന്‍ തീരുമാനം. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി ഘട്ടം ഘട്ടമായി നടപ്പിലാക്കും. മിനിമം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്റ്റേഷനുകളില്‍ എല്ലാവിധ സംവിധാനവും ഉറപ്പാക്കും. പുതിയ സൗകര്യം ഏര്‍പ്പെടുത്തുകയും നിലവിലുള്ളവ നവീകരിക്കുകയും വേണമെങ്കില്‍ മാറ്റിസ്ഥാപിക്കുകയും ചെയ്യും.
റെയില്‍വേ സ്റ്റേഷനുകളുടെ പ്രവേശ കവാടം സൗന്ദര്യാത്മക രീതിയിലാക്കും. നിലവിലുള്ള സംവിധാനം ഉപയോഗിച്ച് സ്റ്റേഷന് കവാടകങ്ങള്‍ക്ക് അധിക ഇടം ഉപയോഗപ്പെടുത്തും. ഇവയ്ക്ക് റൂഫ് പ്ലാസയും ഉണ്ടായിരിക്കും. യാത്രക്കാരെ ആകര്‍ഷിക്കുന്ന രീതിയില്‍ കവാടങ്ങള്‍ നിര്‍മിക്കുക എന്നതാണ് ലക്ഷ്യം. ഇതിനു വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള ഹാളുകള്‍, എക്സിക്യൂട്ടീവ് ലോഞ്ചുകള്‍ എന്നിവ ഗ്രേഡ് അനുസരിച്ച് തരംതിരിക്കും. കഫറ്റീരിയ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കും. ഇവയ്ക്കുസമീപം ചെറുകിട ബിസിനസ് മീറ്റിങുകള്‍ നടത്തുവാനുള്ള സംവിധാനവും ഒരുക്കും. സ്റ്റേഷനിലേക്കുള്ള സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിന് വിശാലവമായ സ്ഥലം ഉള്‍പ്പെടുത്തും. സൗകര്യവും മെച്ചപ്പെടുത്തും. ബോര്‍ഡുകള്‍, കാല്‍നടപ്പാത, പാര്‍ക്കിങ് സൗകര്യം, മെച്ചപ്പെട്ട ലൈറ്റിങ് സംവിധാനവും ഉറപ്പാക്കും.
മനോഹരമായ ലാന്റ്സ്കേപ്പിങ്, ഗ്രീന്പാച്ചുകള് എന്നിവ അതത് പ്രദേശങ്ങളിലെ കലാ-സംസ്കാരം എന്നിവ ഉള്‍ക്കൊണ്ടുകൊണ്ട് നിര്‍മിക്കും. സ്റ്റേഷനുകളുടെ യാത്രക്കാരുടെ തിരക്കനുസരിച്ച് വേണമെങ്കില്‍ രണ്ടാമത് പ്രവേശന കവാടകവും ഉണ്ടാക്കും.
പ്ലാറ്റ്ഫോമുകള്, അവയുടെ ഷെല്‍ട്ടറുകള്‍, ഫ്ളോറിങ് എന്നിവ മെച്ചപ്പെട്ട രീതിയിലാക്കും. സാധാരണ 600 മീറ്ററുകളാണ് പ്ലാറ്റ്ഫോം ഷെല്‍ട്ടറുകളുടെ ദൈര്‍ഘ്യം. ഇവയുടെ സ്ഥാനം, ദൈര്‍ഘ്യം എന്നിവ ഘട്ടംഘട്ടമായി തീരുമാനിക്കും. പ്ലാറ്റ്ഫോമുകളുടെ മേല്‍ക്കൂരയും ഇതിനുവേണ്ട രീതിയില്‍ ഉയര്‍ത്തും. പ്ലാറ്റ്ഫോമുകള്ക്കുസമീപം അഴുക്കുചാലുകള്‍ ആധുനിക രീതീയില്‍ സജീകരിക്കും. ട്രെയിനുകളുടെ പരിപാലന സൗകര്യവും ഉറപ്പാക്കും.
ലൈനുകളിലുള്ള കേബിളുകള്‍ സൗന്ദര്യമാത്മകമായ രീതിയില്‍ മൂടിവെക്കും. ഭാവിയില്‍ കൂടുതല്‍ കേബിളുകള്‍ ഇടുന്നതിനുള്ള സംവിധാനവും ഇതോടൊപ്പം ഏര്‍പ്പെടുത്തും.
നിലം, മതിലുകള്‍, ഫര്‍ണീച്ചര്‍ എന്നിവ ആധുനിക രീതിയില്‍ മോടിപിടിപ്പിക്കും. പൊടിയും മറ്റും തട്ടുന്നതിനാല്‍ കഴുകി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ളതാക്കും. വിശ്രമമുറികള്‍, പ്ലാറ്റ്ഫോമുകള്, ഓഫീസ് എന്നിവയിലെ ഫര്‍ണീച്ചറുകള്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ മോടിപിടിപ്പിക്കും. സിഗ്നലുകളും ശ്രദ്ധേയമായ രീതിയില്‍ രൂപകല്പന ചെയ്യും. യാത്രക്കാര്‍ക്ക് പെട്ടെന്ന് ദൃശ്യമാകുന്ന രീതിയിലാണ് ഇവ സജീകരിക്കുക.
റെയില്‍വെയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് പാര്‍സലുകള്‍. ഇവ കൈകാര്യം ചെയ്യുന്നതിനും ശേഖരിച്ചുവെക്കുന്നതിനും പ്രത്യേക സ്ഥലം മാസ്റ്റര്‍ പ്ലാനില്‍ തയാറാക്കും. ഉപയോക്താക്കള്‍ക്ക് സൗജന്യ വൈഫൈ ആക്സസ് നല്കുന്ന രീതിയിലാണ് വ്യവസ്ഥ. എല്ലാ സ്റ്റേഷനുകളിലും ഇതിനായി പ്രത്യേക ഇടം കണ്ടെത്തും. പാഴ്സലുകള്‍ കൊണ്ടുവരുന്നതിനും സൗകര്യമുണ്ടാക്കും. ഒന്ന്, രണ്ട് കാറ്റഗറികളില്‍പ്പെട്ട സ്റ്റേഷനുകളില്‍ എസ്കലേറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തും. എല്ലാ സ്റ്റേഷനുകളിലും ദേശീയപതാക ഉയര്ത്തിവെക്കുന്നതിനുള്ള സംവിധാനവും ഒരുക്കും.
പാലക്കാട് ഡിവിഷന്റെ കണ്‍സള്‍റ്റന്‍സി വര്‍ക്ക് ഏറ്റെടുക്കുവാന്‍ തയാറുള്ളവര്‍ പാലക്കാട് സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയറുമായി തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ പത്തുമുതല്‍ അഞ്ചുവരെ ബന്ധപ്പെടാവുന്നതാണ്. ഇ-മെയില്‍: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: