ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭക്തിസാന്ദ്രമായ മുഹൂര്‍ത്തങ്ങള്‍ ഒരു കൊച്ചുപെണ്‍കുട്ടിയുടെ യാത്രയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന മാളികപ്പറും ഭക്തിയുള്ളവരെ മുഴുവന്‍ കരയിക്കുന്നു. ധാരാളം നര്‍മ്മമുഹൂര്‍ത്തങ്ങള്‍ ഉടനീളം ഉണ്ടെങ്കിലും ശബരിമല തീര്‍ത്ഥാടനം മാത്രം നിറഞ്ഞുനില്‍ക്കുന്ന രണ്ടാം പകുതിയിലെ തീക്ഷ്ണ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിക്കുന്നു.
ഉള്ളരുകുന്ന കുഞ്ഞുഭക്തയുടെ നിഷ്കളങ്കമായ ഭക്തിയുടെ കഥ പറയുന്ന മാളികപ്പുറം തീര്‍ച്ചയായും പ്രേക്ഷകന്റെ കണ്ണുനിറയ്‌ക്കുന്നതോടൊപ്പം മനസ്സും നിറയ്‌ക്കുന്നു. ഭക്തിയും അതിന്റെ നിഷ്കളങ്കതയുമാണ് മാളികപ്പുറത്തെ ആസ്വാദ്യകരമാക്കുന്നത്.
സിനിമയുടെ അടിത്തറ ഭക്തിയിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും കുടുംബപ്രേക്ഷകര്‍ക്കായി ഒരുക്കിയ ചിത്രമാണിത്. സിനിമ കണ്ടു കഴിയുമ്പോള്‍ ശരിക്കും ശബരിമലയിൽ പോയി വന്ന ഒരു അനുഭുതിയാണ് തോന്നുക. സിനിമ കണ്ടിരിക്കുമ്പോൾ ഒരു തീ൪ത്ഥാടനത്തിന്റെ എല്ലാ ആ൪ദ്രതയു൦ അനുഭവവേദ്യമാകും.
അയ്യപ്പഭക്തയായ കല്യാണി എന്ന എട്ടുവയസ്സുകാരി ഈ സിനിമയിലെ പ്രധാന ജീവല്‍സ്പന്ദമാണ്. ഇതുവരെ മല ചവിട്ടാന്‍ ഭാഗ്യം കിട്ടാത്ത കല്യാണി ഒടുവില്‍ അച്ഛനൊപ്പം മലയ്‌ക്കു പോകാന്‍ തീരുമാനിക്കുന്നു. കറുപ്പണിഞ്ഞ് അവള്‍ മാളികപ്പുറമായി ശബരിമലയ്‌ക്ക് യാത്രയാവുന്നു. കല്യാണിയെ ഈ ദൗത്യത്തില്‍ കട്ടയ്‌ക്ക് സപ്പോര്‍ട്ട് ചെയ്യാന്‍ കൂട്ടകാരന്‍ പീയൂഷും ഉണ്ട്. യാത്രയ്‌ക്കിടയില്‍ സ്വാമിയായ ഉണ്ണി മുകുന്ദനെ കണ്ടുമുട്ടുന്നു. തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവപരമ്പരകളാണ് ചിത്രത്തില്‍. കല്യാണിയായി കൊച്ചുനടി ദേവനന്ദ മികച്ച പ്രകടനമാണ് കാഴ്ചവെയ്‌ക്കുന്നത്. പീയൂഷായി ശ്രീപദ് യാനും നന്നായി അഭിനയിച്ചു.
സൈജു കുറുപ്പിന്റെ സാധാരണ കാണുന്ന വേഷം തന്നെയാണ് ഇതിലും. രമേഷ് പിഷാരടി മികച്ച പ്രകടനമാണ് ഈ ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത് എന്ന് പറയാതെ വയ്യ.
സിനിമയുടെ രണ്ടാം പാതി ഈ കുട്ടിയുടെ ശബരിമലയിലേക്കുള്ള യാത്രയാണ്. സംവിധായകനായ വിഷ്ണു ശശി ശങ്കര്‍ പ്രേക്ഷകരുടെ പള്‍സറിഞ്ഞാണ് ഓരോ രംഗങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. അഭിലാഷ് പിള്ള എന്ന തിരക്കഥാകൃത്തും ശബരിമലയെ കേന്ദ്രീകരിച്ച് ഭക്തിസാന്ദ്രമായ കഥാതന്തു മെനഞ്ഞതില്‍ വിജയിച്ചിരിക്കുന്നു.
പ്രേക്ഷകനെ ചിരിപ്പിച്ചും രസിപ്പിച്ചും ഭക്തിയിലാറാടിച്ചും സിനിമയിലൂടനീളം ആറാടുകയാണ് ഉണ്ണി മുകുന്ദന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: