ന്യൂദല്‍ഹി: ഭാരത് ജോഡോ യാത്ര വഴി സഖ്യകക്ഷികളുടെ മേല്‍ വല്യേട്ടന് കളിക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രം പൊളിഞ്ഞു. കശ്മീരില്‍ സിപിഎമ്മും യുപിയില്‍ എസ് പിയും മായാവതിയുടെ ബിഎസ് പിയും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് പ്രചാരണം അഴിച്ചുവിട്ടത് കോണ്‍ഗ്രസ് തന്നെയാണ്. എന്നാല്‍ ഈ പാര്‍ട്ടികള്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകില്ലെന്ന് അറിയിച്ചതോടെ കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിയ്ക്കും ജയറാം രമേഷിനും നാണക്കേടായിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ കശ്മീരില്‍ സിപിഎം പങ്കെടുക്കില്ല. സിപിഎം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് താരിഗാമിയും പങ്കെടുക്കില്ല. കോണ്‍ഗ്രസ് തന്നെയാണ് സിപിഎമ്മിന്റെ താരിഗാമി കശ്മീരില്‍ ഭാരത് ജോഡോ യാത്രയെ അനുഗമിക്കുമെന്ന് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഈവാര്‍ത്ത സിപിഎം കേന്ദ്ര കമ്മിറ്റി തള്ളുകയായിരുന്നു. കന്യാകുമാരി വരെ ഒരിടത്തും സിപിഎം ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നില്ല. തമിഴ്നാട്ടിലും സിപിഎം വിട്ടുനിന്നു.
ഉത്തര്‍പ്രദേശില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാനില്ലെന്ന് സമാജ് വാദി പാര്‍ട്ടിയും ബിഎസ് പിയും ആര്‍എല്‍ഡിയും അറിയിച്ചു. ഭാരത് ജോഡോ യാത്രയെ മുന്‍നിര്‍ത്തി പ്രതിപക്ഷ ഐക്യവേദിയൊരുക്കി അതിന്റെ തലപ്പത്ത് കയറാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. കോണ്‍ഗ്രസിന്റെ ഈ രാഷ്ട്രീയ നീക്കം തിരിച്ചറിഞ്ഞ് എസ് പി, ബിഎസ് പി, ആര്‍എല്‍ഡി നേതാക്കള്‍ ഭാരത് ജോഡോ യാത്രയുമായി അകലം പാലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: