കാഞ്ഞാണി: ജര്‍മ്മന്‍ കമിതാക്കള്‍ക്ക് ഭാരതീയ ആചാര പ്രകാരം വിവാഹം. വാടാനപ്പള്ളിയില്‍ ആര്‍ഷയോഗ ഗുരുകുലം സംഘടിപ്പിച്ച യോഗോത്സവിന് എത്തിച്ചേര്‍ന്നവര്‍ക്ക് വിദേശികളുടെ വിവാഹ ചടങ്ങുകള്‍ കൗതുക കാഴ്ചയായി. യോഗാ ഇന്‍സ്ട്രക്ടറും ജര്‍മ്മനിയില്‍ ഐ.ടി. പ്രൊഫഷണലുമായ സ്റ്റീഫന്‍ സ്വോ ബോഡയും, യോഗാ തെറാപ്പിസ്റ്റായ ഹെയ്ദി ബെനിസ്ചകായും തമ്മിലാണ് വിവാഹിതരായത്.
ഭാരതീയ ആചാര പ്രകാരമായിരിക്കണം തങ്ങളുടെ വിവാഹം എന്ന താല്പര്യത്താല്‍ യോഗ ഗുരുവായ ഹരിലാല്‍ജിയെ സമീപിക്കുകയും തുടര്‍ന്ന് ആര്‍ഷയോഗയില്‍ എത്തിച്ചേരുകയുമായിരുന്നു ഇവര്‍. കുതിരപ്പുറത്താണ് മുണ്ടും ഷര്‍ട്ടും ധരിച്ച വരന്‍ എത്തിച്ചേര്‍ന്നത്. കേരളീയ മാതൃകയില്‍ വസ്ത്രം ധരിച്ചെത്തിയ വധുവിന്റെ കഴുത്തില്‍ വരന്‍ താലി ചാര്‍ത്തുന്നതിന് അറബിക്കടലിലെ തിരമാലകള്‍ സാക്ഷിയായി.
ആചാര്യ ഹരിലാല്‍ജി, മീര കരാണത്ത്, ഡോക്ടര്‍ ലക്ഷ്മി കുമാരി എന്നിവരുടെ സാനിധ്യത്തില്‍ ഏങ്ങണ്ടിയൂര്‍ ബൈജുരാജിന്റെ കാര്‍മികത്വത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: