തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മേയര്‍ ആര്യാ രാജേന്ദ്രന്റെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടറുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത് ഫോറന്‍സിക്ക് പരിശോധനയ്‌ക്ക് അയച്ചു. ഡി.ആര്‍ അനിലിന്റെ മൊബൈലും ഫോറന്‍സിക് പരിശോധനക്ക് നല്‍കിയിട്ടുണ്ട്. കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ചോദ്യം ചെയ്യലിൽ അനിൽ മൊഴി നൽകിയത്.
സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി.ആർ.അനിലിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇന്നലെ മന്ത്രിമാരായ എം.ബി. രാജേഷിന്റെയും വി. ശിവന്‍കുട്ടിയുടെയും സാന്നിദ്ധ്യത്തില്‍ രാഷ്‌ട്രീയ കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഡി.ആര്‍. അനിലിനെ മാറ്റി നിറുത്തിക്കൊണ്ടുള്ള സമവായത്തിന് ധാരണയായത്. മേയറുടെ പ്രവര്‍ത്തനങ്ങളിലും സമീപനത്തിലും സി പി എം നേതൃത്വത്തിന് കടുത്ത എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തുവന്നാലും മേയറെ മാറ്റില്ലെന്ന ആദ്യ നിലപാടില്‍ നിന്ന് കോടതിവിധിക്ക് അനുസരിച്ച് തീരുമാനമെടുക്കുമെന്ന് സമവായ ചര്‍ച്ചയില്‍ സമ്മതിച്ചത് ഇതിന് തെളിവാണെന്നാണ് വിലയിരുത്തുന്നത്.
മേയര്‍ക്കെതിരായ കേസ് പരിഗണനയിലായതിനാല്‍ കോടതി നിര്‍ദ്ദേശം അനുസരിച്ച് മാത്രമേ തുടര്‍നടപടി സ്വീകരിക്കാനാകൂവെന്ന മന്ത്രിമാരുടെ നിലപാട് പ്രതിപക്ഷ നേതാക്കള്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ കോര്‍പ്പറേഷനില്‍ നടത്തിവന്ന സമരം പിന്‍വലിക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും ഡി.സി.സി പ്രസിഡന്റ് പാലോട് രവിയും അറിയിച്ചു. മേയർ ആര്യാ രാജേന്ദ്രന്റെയും സ്ഥിരം സമിതി അദ്ധ്യക്ഷന്റെയും രാജി ആവശ്യപ്പെട്ട് ബിജെപിയും യുഡിഎഫും കോർപ്പറേഷൻ ഓഫീസിൽ 56 ദിവസത്തോളം സമരം നടത്തിയിരുന്നു. കത്ത് വിവാദത്തിൽ കൃത്യമായ അന്വേഷണമല്ല നടക്കുന്നതെങ്കിൽ വീണ്ടും ബിജെപി സമരവുമായി മുമ്പോട്ട് വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: