ഹീബ്രു ഭാഷയില്‍ പെലെ എന്ന വാക്കിന് അത്ഭുതം എന്നാണത്രെ അര്‍ഥം. കറുത്ത മുത്ത് എന്നു ഫുട്ബോള്‍ ലോകം വാത്സല്യത്തോടെ വിളിച്ച പെലെ കളിക്കളത്തിലെ അത്ഭുതമായിരുന്നു. ആ അത്ഭുതം ഇനിയില്ല. ഇനി അങ്ങനെയൊരാള്‍ ഉണ്ടാകുമോ എന്നു പറയാനുമാവില്ല. ഉണ്ടായാലും അവരാരും പെലെയെപ്പോലെ ആവുമെന്നു കരുതാനും വയ്യ. ഫുട്ബോള്‍ മൈതാനത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒരുങ്ങുന്നതായിരുന്നില്ല എഡ്സണ് അരാന്റസ് ഡോ നാസിമെന്റോ എന്ന പെലെയുടെ ജീവിതവും പ്രതിഭയും. റെക്കോര്‍ഡുകള്‍ തിരുത്തപ്പെട്ടേക്കാം. പക്ഷേ, ആ പ്രതിഭാസത്തിന്റെ ശോഭ മങ്ങുകയില്ല. അനശ്വരമായി നിലനില്ക്കുക തന്നെ ചെയ്യും. കാരണം, പെലെ അതു നേടിയ കാലവും അന്നത്തെ സാമൂഹ്യ, സാങ്കേതിക പശ്ചാത്തലവും ഇനി വരില്ല. അതുകൊണ്ടുതന്നെ ഇനിയുള്ള നേട്ടങ്ങളെ അതുമായി താരതമ്യം ചെയ്യാനുമാവില്ല. പെലെ സമം പെലെ എന്നു തന്നെയേ പറയാനൊക്കൂ. ഫുട്ബോള്‍ ലോകത്തെ ധാരണകളും വിശ്വാസങ്ങളും അത്ഭുതകരമായി തിരുത്തിക്കുറിച്ച അസാമാന്യ പ്രതിഭയാണ് കടന്നു പോയത്. പോയകാലത്തെ ആ മൂഹൂര്‍ത്തങ്ങളെ അതേ കരുത്തോടെയും സൗന്ദര്യത്തോടെയും ഉള്‍ക്കൊള്ളാന്‍ പുതിയ തലമുറയ്ക്കോ കാലത്തിനോ കഴിയില്ലായിരിക്കാം. പക്ഷേ, അത് ആ നേട്ടത്തിന്റെയോ കളിക്കാരന്റെയോ ശോഭകുറയ്ക്കുന്നില്ലല്ലോ. കളിക്കളത്തിലെ പില്ക്കാലത്തെ രാജാക്കന്മാരുമായി തന്നെ താരതമ്യം ചെയ്യരുതെന്നു പെലെ തന്നെ പലതവണ പറഞ്ഞത് ഇതൊക്കെ മനസ്സില്‍ കുറിച്ചായിരിക്കണം. ഒരു കാലത്തു ചൂടുപിടിച്ച പെലെ-മറഡോണ താരതമ്യത്തിന്റെ മൂര്‍ധന്യത്തിലായിരുന്നു ആ വാക്കുകള്‍. മറഡോണ മറഡോണയും പെലെ പെലെയുമാണെന്നാണ് അന്നു പറഞ്ഞത്. അതാണു സത്യവും.
ഹിറ്റ്ലറുടെ വര്‍ണവെറിക്കെതിരെ ജെസ്സി ഓവന്‍സ് എന്ന അത്ലിറ്റ്, ട്രാക്കിലെ നേട്ടങ്ങളിലൂടെ നടത്തിയ പോരാട്ടത്തിന്റെ സൗമ്യമായ രൂപമാണ് ഫുട്ബോള്‍ കളത്തിലൂടെ പെലെയും നടത്തിയത്. കറുപ്പിന്റെ കരുത്തിനും സൗന്ദര്യത്തിനുമുള്ള മനസ്സുതുറന്ന അംഗീകാരമായാണ് പെലെയെ കറുത്ത മുത്തായി കാണാന്‍ ഫുട്ബോള്‍ ലോകം തയ്യാറായത്. പെലെയും ബ്രസീലും മൂന്നാം ലോകകിരീടം നേടിയ 1970ല്‍ ഇംഗഌണ്ടിനെ കീഴടക്കിയ ശേഷം അവരുടെ ബോബി മൂറുമായി ജഴ്സി കൈമാറുകയും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്ത പെലെ, വര്‍ണ വിവേചനത്തിന്റെ അതിരുകള്‍ ഇല്ലാതാക്കിയതായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. നൈജീരിയയില്‍ കലാപം നടമാടുന്ന സമയത്ത് അവിടെയെത്തിയ പെലെയുടെ കളികാണാന്‍ കാലാപകാരികള്‍ തത്ക്കാലത്തേയ്ക്കു സമാധാനം പ്രഖ്യാപിച്ചത് പെലേയ്ക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണ്. രാഷ്ട്രത്തലവന്മാര് പോലും പെലെയെ കാണാന്‍ കാത്തിരുന്നു. കളികളുടെ ലോകത്തെ, യഥാര്‍ഥ ലോകത്തിനും മുകളില്‍ പ്രതിഷ്ഠിക്കുകയായിരുന്നു പെലെ. എല്ലാം ചെയ്തത് മാന്യതയുടേയും മര്യാദയുടേയും കൃത്യമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടു തന്നെ. ഒരു വിവാദത്തിലും കുടുങ്ങിയില്ല. ആരോപണങ്ങള്‍ക്ക് അതീതനായി നില്ക്കാന് കഴിഞ്ഞ ഈ പെലെയാണ് കളിക്കളത്തിലെ യഥാര്‍ഥ നക്ഷത്ര ശോഭ.
കുട്ടിത്തം വിടാത്ത പതിനേഴാം വയസ്സില്‍ പെലെ ചെന്നു കയറിയത്, മഹാരഥന്മാരായ ഡിഡിയും വാവയും ഗാരഞ്ചയും മറ്റും അടങ്ങിയ ലോകകപ്പു ടീമിലേയ്ക്കാണ്. ആ ടീം പട്ടികകണ്ടപ്പോഴേ ലോകം അത്ഭുതപ്പെട്ടിട്ടുണ്ടാകും. അവര്‍ക്കിടയിലൂടെയാണ് തുടരെ ഗോളടിച്ച് വിസ്മയം തീര്‍ത്തത്. മൂന്നു ലോകകപ്പു കളിച്ചു മൂന്നിലും കിരീടവിജയത്തിലെത്തിയ മറ്റൊരു കളിക്കാരന് ഫുട്ബോള്‍ ചരിത്രത്തിലില്ലല്ലോ. ഇടയ്ക്കൊരു ലോകകപ്പില്‍ പരുക്കേറ്റു പുറത്തായപ്പോള്‍ ബ്രസീല്‍ തോറ്റു പുറത്താവുകയും ചെയ്തു. ലോകകപ്പു ഫൈനല്‍ കളിച്ച പ്രായംകുറഞ്ഞതാരം, ഫൈനലില്‍ ഗോളടിച്ച പ്രായംകുറഞ്ഞ താരം. റെക്കോര്‍ഡുകള്‍ ഏറെയുണ്ട് ശേഖരത്തില്‍! ഫുട്ബോളിന്റെ കുത്തക തങ്ങള്‍ക്കാണെന്ന യൂറോപ്പിന്റെ അഹങ്കാരത്തിനു മുകളിലാണ് പെല ആഞ്ഞടിച്ചത്. മൂന്നു വിജയങ്ങളോടെ ബ്രസീലിന് യൂള്‍റിമെ കപ്പ് സ്വന്തമാക്കിക്കൊടുത്തിടത്തു തീരുന്നില്ല ആ പ്രഹരം. യൂറോപ്യന്‍ ക്ലബ്ബില്‍ കളിച്ചാലെ ലോകതാരമായി ഉയരാനും കരുത്ത് ആര്‍ജിക്കാനും കഴിയൂ എന്ന വിശ്വാസത്തേയും പെലെ വെല്ലുവിളിച്ചു. താന്‍ ബ്രസീല്‍ വിട്ട് എങ്ങോട്ടുമില്ലെന്നു തീരുമാനിക്കുകയും അതു നടപ്പാക്കുകയും ചെയ്തു. സാന്റോസിന്റെ ജഴ്സിയണിഞ്ഞുള്ള ക്ലബ് ജീവിതം അവസാനിപ്പിച്ചത് ലോകകപ്പിനൊടു വിട പറഞ്ഞ ശേഷമായിരുന്നു. പിന്നീടു പോയത് അമേരിക്കയിലെ കോസ്മോസിലേയ്ക്കാണ്. അത് അവിടെ കളി വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ക്ഷണത്തെ തുടര്‍ന്നായിരുന്നു. അവനവനില്‍ വിശ്വാസമുണ്ടെങ്കില്‍ എവിടെ കളിച്ചാലും ഫുട്ബോള്‍ ഫുട്ബോള്‍ തന്നെ എന്ന് അടിവരയിടുന്നതായിരുന്നു ഈ നീക്കങ്ങള്‍. പലരും 35നും അതിനു മുകളിലുമുള്ള പ്രായത്തിലും ലോകകപ്പുകളിക്കുമ്പോള് 30 വയസ്സിനു മുന്നേതന്നെ ആ രംഗം വിടുമ്പോള്‍ ഒന്നോ രണ്ടോ ലോകകപ്പു കൂടികളിക്കാനുള്ള ഊര്‍ജം പെലെയില്‍ ബാക്കിയായിരുന്നു. ഫുട്ബോള്‍ ലോകം എന്നും തങ്ങള്‍ക്കു മാത്രം കളിക്കാനുള്ളതല്ല എന്ന സന്ദേശം ആ വിടപറയലില് വായിക്കാം. പെലെ ഒരിക്കലും അതുപറഞ്ഞിട്ടില്ലെന്നു മാത്രം.
വിസ്മയം തീര്‍ത്ത ഗോളുകളും പുല്‍നാമ്പുകളെപ്പോലും കോരിത്തരിപ്പിച്ച പ്രകടനങ്ങളും ഗോള്‍ മേഖലയെ കിടിലംകൊള്ളിച്ച മുന്നേറ്റങ്ങളും ഡ്രിബഌങ്ങിന്റെ ചാരുതയും ഫുട്ബോള്‍ മൈതാനങ്ങളും ആരാധക മനസ്സുകളും ഇനിയും ഓര്‍ത്തിരിക്കും. തലമുറകളുടെ മാറ്റത്തില്‍ പുത്തന്‍ പ്രതിഭാസങ്ങള്‍ പിറന്നേക്കാം. പക്ഷേ, പെലെ പെലെയായിത്തന്നെ നിലനില്ക്കും; ഫുട്ബോളിലെ ഒരേയൊരുപെലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: