ന്യൂദല്‍ഹി: നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള 1700 കേസുകള്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതിത്തള്ളിയെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
“അന്ന് 1700 കേസുകളാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ കര്‍ണ്ണാടകത്തില്‍ റദ്ദാക്കിയത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക മാത്രമല്ല നേതാക്കളില്‍ പലരെയും അഴിക്കുള്ളിലാക്കുകയും ചെയ്തു. “- അമിത് ഷാ പറഞ്ഞു. ബിജെപി കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ സംഘടിപ്പിച്ച മെഗാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
2009ല്‍ മൈസൂരിലും മറ്റ് നഗരങ്ങളിലും പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ പങ്കാളികളായ കര്‍ണ്ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി (കെഎപ് ഐ), പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യ എന്നീ സംഘടനകളില്‍പ്പെട്ടവര്‍ക്ക് നേരെ എടുത്ത നൂറുകണക്കിന് കേസാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ 2015ല്‍ എഴുതിത്തള്ളിയത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ കേസുകള്‍ ചുമത്തപ്പെട്ട പലരും നിരപരാധികളാണെന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു സിദ്ധരാമയ്യ. എന്നാല്‍ സിദ്ധരാമയ്യ നിരപരാധികള്‍ എന്ന് പറഞ്ഞ് കുറ്റവിമുക്തരായവരില്‍ ചിലര്‍ ബെല്ലാരിയില്‍ ബൈക്കിലെത്തി യുവമോര്‍ച്ച പ്രവര്ത്തകന് പ്രവീണ്‍ നെട്ടാരുവിന്റെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ പ്രതികളായിരുന്നു.
സെപ്തംബര്‍ 28നാണ് കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ യുഎപിഎ നിയമപ്രകാരം അഞ്ചു വര്‍ഷത്തേക്ക് നിരോധിച്ചത്. ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും സുരക്ഷയും അപകടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടും അവരുടെ സഹോദര സംഘടനകളും ഏര്‍പ്പെടുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: