ന്യൂദല്‍ഹി:മോദി വിരുദ്ധ വാര്‍ത്തകളുടെയും കേന്ദ്രത്തിനെതിരായ അപവാദപ്രചരണത്തിന്റെയും കേന്ദ്രമായിരുന്ന എന്‍ഡിടിവിയുടെ കടിഞ്ഞാണ്‍ അദാനി സ്വന്തമാക്കി. പ്രണോയ് റോയിയുടെയും ഭാര്യ രാധിക റോയിയുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന എന്‍ഡിടിവിയുടെ 27.26 ശതമാനം ഓഹരികള്‍ ഡിസംബര്‍ 30 വെള്ളിയാഴ്ച അദാനി സ്വന്തമാക്കിയതോടെയാണ് ഉടമസ്ഥാവകാശം അദാനിയുടെ നിയന്ത്രണത്തിലായത്. ഇതോടെ എന്‍ഡിടിവിയില്‍ അദാനിയുടെ ഓഹരി 56.45 ശതമാനമായി ഉയര്‍ന്നു. നേരത്തെ ഇത് 29.18 ശതമാനം മാത്രമായിരുന്നു. .
ഒരു ഓഹരിയ്‌ക്ക് 342.65 രൂപ എന്ന വിലയ്‌ക്കാണ് ഇത്രയും ഓഹരികള്‍ വാങ്ങിയത്. ഏകദേശം 1,75,77,676 ഓഹരികളാണ് പ്രണോയ് റോയി-രാധിക റോയി ദമ്പതികളുടെ കയ്യിലുണ്ടായിരുന്നത്. കണക്കുകൂട്ടിയാല്‍ പ്രണോയ് റോയി- രാധികാ റോയി ദമ്പതികള്‍ക്ക് ഏകദേശം 602 കോടി രൂപയോളം നല്‍കിയിട്ടുണ്ട്. ഇടപാട് പൂര്‍ത്തിയാക്കിയതായി അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വെള്ളിയാഴ്ച അറിയിച്ചു. ആര്‍ ആര്‍ പിആര്‍ എന്ന അദാനി എന്‍റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള കമ്പനി സെബിയുടെ 2011ലെ നിയമപ്രകാരമാണ് ഈ ഓഹരികള്‍ വാങ്ങിയതെന്നും സ്റ്റോക്ക് എക്സചേഞ്ചിന് നല്‍കിയ അറിയിപ്പില്‍ പറയുന്നു.
ഇപ്പോള്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള ആര്‍ആര്‍പിആറിന് എന്‍ഡിടിവിയില്‍ 56.45 ശതമാനം ഓഹരികള്‍ സ്വന്തമായി. അദാനിയ്‌ക്ക് പരോക്ഷമായി ഉടമസ്ഥതയുള്ള വിശ്വപ്രധാന്‍ കമേഴ്സ്യല്‍ പ്രൈ. ലിമിറ്റഡ് എന്ന കമ്പനിയ്‌ക്ക് 8.27 ശതമാനം ഓഹരി വേറെയുമുണ്ട്. ഇതുകൂടി കണക്കാക്കിയാല്‍ അദാനിയുടെ കൈകളിലുള്ള ഓഹരി 64.27 ശതമാനമായി ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: