സച്ചിദാനന്ദ സ്വാമി
പ്രസിഡന്റ് ശിവഗിരി മഠം
അറിവിന്റെ തീര്‍ത്ഥാടനമെന്ന് അറിയപ്പെടുന്ന ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 90-ാമത് തീര്‍ത്ഥാടനം ഡിസംബര്‍ 15ന് ആരംഭിച്ച് നടന്നുവരികയാണ്. ഇത് ജനുവരി 5 വരെ തുടരും. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ സാംസ്കാരിക വേദിയാണ് ശിവഗിരി തീര്‍ത്ഥാടനം. ശിവഗിരി തീര്‍ത്ഥാടനം ഗുരുവിന്റെ തന്നെ മഹാസങ്കല്‍പ്പത്തില്‍ വിരിഞ്ഞ ഒരു പ്രസ്ഥാനമാണ്.
ശ്രീനാരായണ ഗുരുദേവന് ശിവഗിരിമഠം സ്ഥാപിച്ചത് 1904 ലാണ്. ഗുരുദേവന് നല്കിയ അദൈ്വത ജീവിതം എന്ന പ്രശസ്തമായ സന്ദേശമുണ്ട്. ഈ സന്ദേശത്തില്‍ മനുഷ്യര്‍ എങ്ങനെയാണ് അദൈ്വതഭാവനയോടെ കഴിയേണ്ടതെന്ന് വിഭാവനം ചെയ്യുന്നു. ശ്രീശങ്കരാചാര്യര്‍ ‘ഭാവദൈ്വതം സദാകുര്യാത് ക്രിയാദൈ്വതംന കുത്രചിത്’എന്നിങ്ങനെ അദൈ്വതത്തെ എങ്ങനെ ജീവിതത്തില്‍ പകര്‍ത്തണമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാ ജീവനുകളും ഒരേ ഒരു പരമാത്മ ചൈതന്യം തന്നെയാണെന്ന് അന്തരാത്മാവില്‍ ഭാവന ചെയ്തത്, പ്രവര്‍ത്തിയില്‍ പിന്തുടരേണ്ടതില്ലെന്ന് അദൈ്വതവാദിയായി ശ്രീശങ്കരന് ഉപദേശിക്കുന്നുണ്ട്. ഗുരുദേവനാകട്ടെ അദൈ്വത വാദിയായിരുന്നില്ല. അദൈ്വതി തന്നെയായിരുന്നു. എല്ലാമെല്ലാം ഒരേയൊരു അദൈ്വത സത്യമായിരിക്കുമ്പോള്‍ അത് ജീവിതത്തിലുടനീളം പിന്തുടരണമെന്ന് ഗുരു ഉപദര്‍ശനം ചെയ്യുന്നു. അദൈ്വത സത്യത്തിന്റെ വെളിച്ചത്തില്‍ എല്ലാവരും ആത്മസഹോദരന് എന്ന് ഗുരു ഉപദേശിക്കുന്നു.
‘അവനവനിന്നറിയുന്നതൊക്കെയോര്‍ത്താല്‍
അവനിയിലാദിമമായൊരു രൂപം
അവനവനാത്മസുഖത്തിനാചരിക്കുന്നവ
യപരന്നു സുഖത്തിനായ് വരേണം.’
ഞാനും നീയും അവനും ഇവനും ഇനി മറ്റൊരാളും തമ്മില്‍ ഭേദമില്ല. പരംപൊരുളിന്റെ എല്ലാമെല്ലാം ഒരേഒരു കിരണങ്ങള്‍ മാത്രമാണ്. അതായത് ഒരേയൊരു പരംപൊരുളാണ് അനേകം ജീവനുകളായി പ്രകാശിക്കുന്നത്. അതുകൊണ്ട് എല്ലാവരും നിന്റെ തന്നെ അംശമാകയാല്‍ നീ ചെയ്യുന്ന പ്രവര്‍ത്തിയെല്ലാം അന്യനുകൂടി ഹിതമായിരിക്കണം. അതായത് അന്യന് സുഖമുണ്ടാക്കുന്ന പ്രവര്‍ത്തിയേ നീ ചെയ്യാവു. നീ ചെയ്യുന്ന കര്‍മ്മം നിന്റെ സുഖത്തിന് നിദാനമായിരിക്കുന്നുവെങ്കിലും അത് മറ്റൊരാള്‍ക്ക് അഹിതമാകുന്നുവെങ്കില്‍ ആ പ്രവൃത്തി നീ ചെയ്യാന്‍ പാടില്ല. ഇപ്രകാരം അദൈ്വത ബോധത്തെ ഒരു ജീവിത ദര്‍ശനമാക്കി മാറ്റിയ മഹാത്മാവാണ് ശ്രീനാരായണ ഗുരു. മാത്രമല്ല അത് ജീവിതത്തിലുടനീളം കാട്ടിക്കൊടുക്കുകയും ചെയ്തു.
ശിവഗിരി മഠം സംസ്ഥാപനം ചെയ്തപ്പോള്‍ തന്നെ ഗുരുദേവന് അദൈ്വത ജീവിതമെന്ന സന്ദേശവും നല്‍കിയത് മേല്‍പ്പറഞ്ഞ ജീവിത പദ്ധതിയുടെ ഭാഗമായിട്ടാണ്. ഗുരുദേവന് ഒരു തീര്‍ത്ഥാടന കേന്ദ്രത്തിന് ആവശ്യമായ ഓരോ പുണ്യ കേന്ദ്രങ്ങളും തുടര്‍ന്ന് സ്ഥാപിക്കുകയായിരുന്നു. വര്‍ക്കലയില്‍ ഗുരുദേവന് ആദ്യമായി പരിചയപ്പെടുന്ന മൂന്നുപേര്‍ ഒരു മുസ്ലീം-ഒരു ദളിതന്-ഒരു ബ്രാഹ്മണന് എന്നിവരായിരുന്നു. ദൈവം തന്നെ മനുഷ്യാകാരം പൂണ്ടു വന്നതായി അവര്‍ക്കു തോന്നി. തുടര്‍ന്നാണ് കൊച്ചപ്പി വൈദ്യന് ഗുരുവിനെ ദര്‍ശിക്കുന്നതും ഗുരുവിന് ആസ്ഥാനമൊരുക്കുന്നതും. അടുത്തു സാമാന്യം ഉയര്‍ന്നു നില്ക്കുന്ന കുന്നിനെ ചൂണ്ടിക്കാണിച്ച് നമുക്ക് അവിടേയ്ക്ക് പോകണം എന്ന് ഗുരു കല്പ്പിച്ചു. കുന്നിന്റെ നെറുകയില്‍ ഒരു പര്‍ണ്ണശാല കെട്ടിയുണ്ടാക്കി ഇതുതന്നെ നമ്മുടെ സ്വര്‍ഗ്ഗം’എന്ന് കല്‍പ്പിച്ച്, കുന്നിന് മുകളില്‍ താമസമാക്കി. ശിവഗിരിയെന്ന് പേരും നല്കി. 1904-ല്‍ തന്നെ വര്‍ക്കലയ്ക്കടുത്ത വെട്ടൂരില്‍ പുലയ സമുദായത്തില്‍പ്പെട്ടവര്‍ക്കും പറയ സമുദായത്തില്‍പ്പെട്ടവര്‍ക്കുമായി ഓരോ കുടിപ്പള്ളിക്കൂടങ്ങള്‍ ഗുരുദേവന് സ്ഥാപിച്ചു. അവിടെ സംന്യാസിമാരും ഗൃഹസ്ഥന്മാരും അടങ്ങിയ ശിഷ്യന്മാരെ അധ്യാപകരായി നിയമിക്കുകയും ചെയ്തു. ജാതിമത ഭേദരഹിതമായി എല്ലാവരേയും ഒരേഒരു അദൈ്വത സത്യത്തിന്റെ സ്ഫുരണമായി കണ്ടുകൊണ്ടാണ് ഇതെല്ലാം ഗുരു സംസ്ഥാപനം ചെയ്തത്.
ശിവഗിരിയില്‍ താമസിയാതെ നെയ്ത്തുശാലയും സംസ്കൃത പാഠശാലയും ആയൂര്‍വേദപാഠശാലയും വൈദിക പാഠശാലയും വൈകാതെ തന്നെ ഗുരു തുടങ്ങി. 1912 മേയ് 1ന് പുലരും മുമ്പേ ശാരദാ പ്രതിഷ്ഠയും നടത്തി. അതോടുകൂടി ശിവഗിരി വലിയൊരു തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ന്നു വന്നു. ശാരദാ പ്രതിഷ്ഠയോട് ചേര്‍ന്ന് നടന്ന സമ്മേളനത്തില്‍ മിതവാദി കൃഷ്ണന് വക്കീല്‍ ചെയ്ത പ്രസംഗത്തില്‍ ശിവഗിരി പ്രസ്ഥാനത്തിന്റെ തലസ്ഥാനമായി ഉയര്‍ന്നുവെന്ന ധ്വനിയുണ്ട്. ബോധാനന്ദ സ്വാമിയും ശിഷ്യസംഘവും ഗുരുദേവ പ്രസ്ഥാനത്തില്‍ ലയിച്ചതും ഈ അവസരത്തില്‍ തന്നെ. ഗുരുദേവന് അവിടത്തെ പ്രഥമ ശിഷ്യനായ ശിവലിംഗ സ്വാമിയെ അനന്തരഗാമിയായും 1912-ല്‍ തന്നെ നിശ്ചയിക്കുകയും ചെയ്തു.
ഗുരുദേവന് സ്വന്തം അവതാര കൃത്യനിര്‍വ്വഹണത്തിന് പ്രാരംഭം കുറിച്ചത് അരുവിപ്പുറം പ്രതിഷ്ഠയില്‍ കൂടിയാണല്ലോ. തുടര്‍ന്ന് ഗുരു സ്വയം ഏറ്റെടുത്ത് പ്രഖ്യാപനം ചെയ്തതായിരുന്നു ശിവഗിരി മഠം. ശിവഗിരിയില്‍ നിന്ന് അടുത്ത പടിയായി നീങ്ങിയത് ആലുവായില്‍ അദൈ്വതാശ്രമം സ്ഥാപിച്ചുകൊണ്ടാണ്. അരുവിപ്പുറവും ശിവഗിരിയും അദൈ്വതാശ്രമവും ഗുരുദേവന് സ്വച്ഛയാ സ്ഥാപിച്ച പുണ്യ കേന്ദ്രങ്ങളാണ്. സഗുണോപാസനയില്‍ തുടങ്ങി ശിവഗിരിയില്‍ സാത്വികതയുടെ പാരമ്യതയിലുള്ള മൂര്‍ത്തിയെ- ശാരദയെ-പ്രതിഷ്ഠിച്ച് തുടര്‍ന്ന് അദൈ്വത സത്യത്തിലേയ്ക്ക് ആനയിക്കുന്ന ആദ്ധ്യാത്മികതയുടെ അനുപമ മേയമായ മാര്‍ഗ്ഗത്തെയാണ് ഗുരു അദൈ്വതാശ്രമത്തിന്റെ സംസ്ഥാപനത്തിലൂടെ തെളിയിച്ചത്.
അദൈ്വത ആശ്രമത്തില്‍ ക്ഷേത്രമോ പ്രതിഷ്ഠയോ നടത്തിയിട്ടില്ല. 1924-ല്‍ ആലുവായില്‍ പ്രശസ്തമായ സര്‍വ്വമത മഹാസമ്മേളനം അവിടന്നു വിളിച്ചുകൂട്ടി. സമ്മേളനത്തിനൊടുവില്‍ എല്ലാ മതത്തിന്റെയും സാരം ഏകമായാല്‍ എല്ലാ മതങ്ങളും എല്ലാവരും സമബുദ്ധിയോടും സമഭക്തിയോടും കൂടി പഠിക്കണമെന്നും അതിനായി അഞ്ചുലക്ഷം രൂപാ ചെലവില്‍ (അന്നത്തെ അഞ്ച് ലക്ഷം ഇന്നത്തെ എത്ര കോടി) ഒരു സര്‍വ്വമത പാഠശാല ശിവഗിരിയില്‍ സ്ഥാപിക്കണമെന്ന് മഹാഗുരു പ്രഖ്യാപനം ചെയ്തു. 1926-ല്‍ ശിവഗിരിയില്‍ തന്നെ ഒരു മാതൃകാപാഠശാല സ്ഥാപിക്കുകയും അവിടെ കൃഷിയും മെക്കാനിസവും പാഠ്യവിഷയങ്ങളില്‍ ഉള്‍പ്പെടുത്തി തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രായോഗികമാക്കുകയും ചെയ്തു. ഒരു തീര്‍ത്ഥാടന കേന്ദ്രത്തിനാവശ്യമായ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും മഹത്തായ ആശയ സംഹിതയും ഗുരുദേവന് സ്വരൂപിക്കുകയാണ് ചെയ്തത്. ശിവഗിരിയെ ഗുരുദേവഭക്തരുടെ ആത്മീയ കേന്ദ്രമായി ഗുരുദേവന് മാറ്റി.
ഗുരുദേവന് മാത്രമല്ല പ്രസ്ഥാന നായകനായ കുമാരനാശാനും സരസകവി മൂലൂരും അക്കാലത്ത് എഴുതിയ കവിതകളില്‍ ശിവഗിരിയെ ഒരു തീര്‍ത്ഥാടന കേന്ദ്രമായി വിഭാവനം ചെയ്തതിന്റെ സൂചനകളുണ്ട്. മഹാകവി കുമാരനാശാന് വിവേകോദയത്തില്‍ ശിവഗിരിയെക്കുറിച്ച് എഴുതിയതില്‍ അവിടെ (ശിവഗിരിയില്‍) ഇപ്പൊഴേ എത്തിക്കൊണ്ടിരിക്കുന്ന തീര്‍ത്ഥയാത്രാ സംഘങ്ങള്‍ക്കും’എന്ന് ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ട്. ശിവഗിരിയില്‍ അക്കാലത്ത് തന്നെ ഭക്തജനങ്ങള്‍ തീര്‍ത്ഥാടകരായി വന്നുകൊണ്ടിരുന്നുവെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. മാത്രമല്ല സരസകവി മൂലൂര്‍ ശിവഗിരിയെ വര്‍ണ്ണിക്കുമ്പോള്‍ ശാരദാംബയുടെ തിരുദര്‍ശനത്തെക്കുറിച്ച് എഴുതുന്നത് ഭക്തജനങ്ങള്‍ പുണ്യതീര്‍ത്ഥത്തില്‍ കുളിച്ചു അന്ത്യയാമത്തില്‍ വര്‍ണ്ണച്ഛവിയാല്‍ തമസ്സു നീക്കി എത്തിക്കൊണ്ടിരിക്കുന്ന തീര്‍ത്ഥാടകരെക്കുറിച്ച് പറയുന്നുണ്ട്. ചുരുക്കത്തില്‍ ഗുരുദേവന്റേയും ശിഷ്യന്മാരുടേയും മനസ്സില്‍ ശിവഗിരി ശ്രീനാരായണീയരുടെ തീര്‍ത്ഥാടന കേന്ദ്രമാണ് എന്ന മഹാസങ്കല്പം നിറഞ്ഞു പ്രശോഭിക്കുന്നതായി ചിന്തിക്കേണ്ടിയിരിക്കുന്നു. സര്‍വ്വോപരി ഗുരുദേവന് ഇതു നമ്മുടെ സ്വര്‍ഗ്ഗം’എന്ന് വിശേഷിപ്പിച്ച സ്ഥലത്ത് തന്നെ അദ്ദേഹത്തിന്റെ മഹാസമാധി സ്ഥാനമായി തീര്‍ന്ന് അവിടെ മഹാമന്ദിരം ഉയര്‍ന്നു വന്നതും ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ദീര്‍ഘദര്‍ശിത്വത്തെ വിളംബരം ചെയ്യുന്ന ഘടകങ്ങളാണ്.
പറഞ്ഞു വരുന്നത് ശിവഗിരി തീര്‍ത്ഥാടനം കോട്ടയത്ത് നാഗമ്പടം ക്ഷേത്ര സന്നിധിയില്‍, വല്ലഭശ്ശേരി ഗോവിന്ദനാശാനും ടി.കെ. കിട്ടന് വൈദ്യരും കൂടി ഗുരുവിന്റെ അനുമതിയോടെ ആരംഭിച്ച ഒന്നല്ല, മറിച്ച് ശ്രീനാരായണ ഗുരുദേവന്റെ തന്നെ മഹാസങ്കല്‍പ്പത്താല്‍ രൂപം പ്രാപിച്ച ഒരു പ്രസ്ഥാനമാണ്. അതിന് അനുമതി വാങ്ങിക്കാന്‍ ഗുരുദേവന്റെ കയ്യിലെ രണ്ട് ഉപകരണങ്ങളാണ് കിട്ടന് റൈറ്ററും വല്ലഭശ്ശേരിയും. ഇവര്‍ക്ക് പ്രചോദനമായത് കിട്ടന് റൈറ്ററുടെ ബന്ധു കൂടിയായ മൂലൂര്‍ എസ്. പത്മനാഭപ്പണിക്കരാണ്. അദ്ദേഹം ഈ ആശയവുമായി കോട്ടയത്ത് എത്തി ഗുരുസന്നിധിയില്‍ അവതരിപ്പിച്ച് ഗുരുദേവന്റെ കല്‍പ്പന ഉണ്ടാക്കുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ മലയാള മനോരമയുടെ നേതൃത്വത്തില്‍ അക്കാലത്ത് നിലവിലുണ്ടായിരുന്ന ഭാഷാപോഷിണി സാഹിത്യസദസില്‍ സംബന്ധിക്കാന്‍ മൂലൂരിന് പോകേണ്ടതായി വന്നു. അതിനാല്‍ തീര്‍ത്ഥാടനത്തിന്റെ അനുമതി വാങ്ങുവാന്‍ വല്ലഭശ്ശേരിയേയും തന്റെ ബന്ധു കൂടിയായ കിട്ടന് റൈറ്ററേയും ഏല്‍പ്പിച്ചു. മേല്‍പ്പറഞ്ഞ രണ്ടുപേരും ശിവഗിരി തീര്‍ത്ഥാടനമെന്ന ആശയം ഗുരുസന്നിധിയില്‍ അവതരിപ്പിച്ചപ്പോള്‍ തീര്‍ത്ഥാടനമോ ശിവഗിരിയിലോ കൊള്ളാമല്ലോ നമ്മുടെ ശാരദാദേവിയെ വന്ദിക്കാം. കുഴല്‍വെള്ളത്തില്‍ കുളിക്കാം’എന്ന് കല്‍പ്പിച്ച് ഉടനെ അനുവാദം നല്കി.
ഗുരുദേവന് അനുമതി നല്‍കിയതിന്റെ നാലാംവര്‍ഷം അതായത് 1932-ല്‍ ഡിസംബര്‍ 23-ന് നാലാം വര്‍ഷം സരസകവി മൂലൂരിന്റെ മൂത്തമകനായ ദിവാകര സ്വാമിയുടെ നേതൃത്വത്തില്‍ ഗുരുദേവന്റെ പാദസ്പര്‍ശം കൊണ്ട് പരിഭൂതമായ മൂലൂര്‍ ഭവനത്തില്‍ നിന്നും (കേരളാ വര്‍മ്മസൗധം) തിരിച്ച് അഞ്ച് പേരടങ്ങിയ പീതാംബര ധാരികളായ തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍ ഡിസംബര്‍ 28-ന് എത്തി, തീര്‍ത്ഥാടനത്തിന് ആരംഭം കുറിച്ചു. അന്ന് ശിവഗിരി മഠം മഠാധിപതി ദിവ്യശ്രീ അച്യുതാനന്ദ സ്വാമികളും സെക്രട്ടറി ദിവ്യശ്രീ സുദുണാനന്ദഗിരി സ്വാമികളുമായിരുന്നു. പി.വി. രാഘവന്, എം.കെ. രാഘവന്, തെക്കേവീട്ടില്‍ ശങ്കുണ്ണി, പി.കെ. ദാമോദരന്‍, പി.കെ. ദിവാകരന് എന്നിവരാണ് ഈ അഞ്ച് പേര്. അതിപ്പോള്‍ 90-ാമത്തെ തീര്‍ത്ഥാടനമായി വികസിതമായപ്പോള്‍ ലക്ഷോപലക്ഷം തീര്‍ത്ഥാടകരായി മാറിയിരിക്കുന്നു. ഗുരുദേവന് ഉപദേശിച്ച എട്ട് വിഷയങ്ങള്‍ കാലിക പ്രസക്തിയാര്‍ന്ന വിഷയങ്ങളുമായി ഘടിപ്പിച്ച് പന്ത്രണ്ട് സമ്മേളനങ്ങള്‍ ഈ വര്‍ഷം സംഘടിപ്പിച്ചിരിക്കുന്നു. ഒപ്പം ഗുരുദേവന് സ്ഥാപിച്ച ശിവഗിരി മതമഹാപാഠശാല-സര്‍വ്വമതപഠന കേന്ദ്രത്തിന്റെ കനകജൂബിലി ആഘോഷങ്ങളുടെ സമാപനം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: