ന്യൂദൽഹി: സ്വന്തം നാട് വിട്ട് മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്നവർക്കെല്ലാം വോട്ടിംഗ് സൗകര്യം ഒരുക്കാനുള്ള നീക്കവുമായി ഇലക്ഷൻ കമ്മീഷൻ. താമസിക്കുന്ന ഇടങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ റിമോട്ട് വോട്ടിംഗ് മെഷീനുകൾ പരീക്ഷിക്കാനാണ് ആലോചന. 16 രാഷ്ട്രിയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയുടെ കരട് അടുത്തമാസം വിശദീകരിക്കും.
മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവർക്ക് സ്വന്തം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി മൾട്ടി കോൺസ്റ്റിറ്റ്യുവൻസി പ്രോട്ടോടൈപ്പ് റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അഥവാ ആർവിഎം ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. ഒരേസമയം 72 മണ്ഡലങ്ങളിലെ വരെ വോട്ടുകൾ ഒറ്റ മെഷീനിൽ രേഖപ്പെടുത്താനാകും. ഈ വിധത്തിൽ തെരഞ്ഞെടുപ്പ് നടത്തുമ്പോൾ വോട്ടിംഗ് ശതമാനത്തിലും ഗണ്യമായ മാറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന് കമ്മീഷൻ കരുതുന്നു.
വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുടെ വോട്ട് സമാഹരിക്കാനായാൽ വോട്ടിംഗ് ശതമാനം ഗണ്യമായി ഉയരും. നിലവിൽ ഇതിനുള്ള തടസ്സം സ്വന്തം മണ്ഡലങ്ങളിലേക്ക് യാത്രചെയ്യാനുള്ള വോട്ടർമാരുടെ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തെ സാങ്കേതിക സൗകര്യം ഉപയോഗിച്ച് നേരിടുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം 67.4 ആയിരുന്നു. 130 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് മുപ്പത് കോടിയിലധികം പേരും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകാത്തതിന് പ്രധാന കാരണങ്ങളിലൊന്ന് കുടിയേറ്റമായിരുന്നു.
ആർവിഎം തെരഞ്ഞെടുപ്പുകളിൽ ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയായി പൈലറ്റ് പദ്ധതി പരീക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വരുന്ന ലോകസഭ തെരഞ്ഞെടുപ്പിലെങ്കിലും ഇത്തരം വോട്ടിംഗ് മെഷിൻ ഉപയോഗിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: