കാഞ്ഞങ്ങാട്: കുമ്പള അയ്യപ്പ ഭജനമന്ദിരത്തില്‍ നടന്ന ഉത്സവത്തിനിടയില്‍ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ കുത്തും അടിയുമേറ്റ അഞ്ചുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പലത്തറ ഡിവൈഎഫ്ഐ മേഖലാകമ്മറ്റിയംഗം കുമ്പളയിലെ ധനേഷ്(33), സഹോദരി ഭര്‍ത്താവ് സുരേഷ്(41), അജിത്ത്(30), സുജിത്ത്(29), സജിത്ത്(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ് സംഭവം. അയ്യപ്പഭജനവുമായി ബന്ധപ്പെട്ട് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ ധനേഷ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന് അജിത്ത് കമന്റിട്ടിരുന്നു. ചൊവ്വാഴ്ച രാത്രി വിളക്ക് പൂജ കഴിഞ്ഞ് ചൊവ്വാഴ്ച ഭജനമന്ദിരത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടതിനെ ധനേഷ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ഇതിനിടയില്‍ കത്തിയും മറ്റ് മാരകായുധവുമായി ധനേഷ്, സുരേഷ്, സുനില്‍, ബാലന് തുടങ്ങിയവര്‍ ചേര്‍ന്ന് തങ്ങളെ അക്രമിക്കുകയാണ് ചെയ്തതെന്ന് പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന അജിത്തും സുഹൃത്തുക്കളും പറഞ്ഞു.
ഭജനമന്ദിരത്തിന് സമീപം തട്ടുകടയില്‍ നില്‍ക്കുകയായിരുന്ന ധനേഷിനെ ഒരു പ്രകോപനവുമില്ലാതെ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമിക്കുകയായിരുന്നുവത്രെ. ഇതുകണ്ട് തടയാന്‍ശ്രമിച്ച സഹോദരീ ഭര്‍ത്താവ് സുരേഷിനേയും ഇവര്‍ മര്‍ദ്ദിച്ചു. മരവടികൊണ്ട് അടിയേറ്റ് ധനേഷിന്റെ തലക്കും കത്തികൊണ്ട് മുഖത്തും കുത്തി പരിക്കേല്‍പ്പിച്ചു. സുരേഷിനും കൈക്ക് കുത്തേറ്റ പരിക്കുണ്ട്. അക്രമികളെ നേരത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്ന് ആശുപത്രിയില്‍ കഴിയുന്ന ധനേഷ് പറയുന്നു.
അതേസമയം കുമ്പളയിലെ എകെജി ക്ലബ്ബിന്റെയും ഇഎംഎസ് ക്ലബ്ബിന്റെയം പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെ തര്‍ക്കത്തിലായിരുന്നുവത്രെ. ഇതേച്ചൊല്ലി പരസ്പരം വാക്കേറ്റവും പതിവായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞദിവസം നടന്ന അക്രമത്തിന് കാരണമെന്ന് പറയുന്നു. തര്‍ക്കം സംഘര്‍ഷത്തിലേക്കെത്തിയതോടെ പ്രശ്നം പരിഹരിക്കാന്‍ സിപിഎം നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: