മുന്നൂറ്റിയന്പത് കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്ഥാന് ബോട്ട് ഗുജറാത്ത് കടലില്‍ തീരരക്ഷാസേനയുടെ പിടിയിലായത് വലിയ ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്. ഭീകരവിരുദ്ധ സ്ക്വാഡിന്റെ രഹസ്യ വിവരം അനുസരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അന്താരാഷ്ട്രാ സമുദ്രാതിര്‍ത്തിയില്‍ പാക് ബോട്ട് കണ്ടെത്തിയതും, മുന്നറിയിപ്പുകള്‍ അവഗണിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തീരരക്ഷാസേനയുടെ കപ്പല്‍ പിന്തുടര്ന്ന് പിടികൂടിയതും. അല്‍ സഹേലി എന്ന ബോട്ടില്‍നിന്ന് ആയുധങ്ങളുള്‍പ്പെടെ പിടിയിലായ പത്തുപേര്‍ പാകിസ്ഥാനികളാണെന്ന് കരുതപ്പെടുന്നു. പതിനെട്ട് മാസത്തിനിടെ ഗുജറാത്തിലെ ഭീകരവിരുദ്ധ സ്ക്വാഡും തീരരക്ഷാസേനയും ചേര്‍ന്ന് മയക്കുമരുന്നും ആയുധങ്ങളും പിടികൂടുന്ന ഏഴാമത്തെ സംഭവമാണിത്. രണ്ടായിരം കോടി രൂപയുടെ മയക്കുമരുന്ന് ഏഴ് സംഭവങ്ങളില്‍നിന്നായി പിടികൂടിയിരുന്നു. പാകിസ്ഥാനില്‍നിന്നുള്ള നാല്പത്തിനാലു പേരെയും ഇറാന്‍കാരായ ഏഴ് പേരെയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യുകയുണ്ടായി. മീന്‍പിടുത്ത ബോട്ടുകള്‍ വഴിയും, ഗുജറാത്ത് തീരത്ത് എത്തുന്ന കപ്പലുകളിലെ കണ്ടെയ്നറുകള്‍ വഴിയുമാണ് പാകിസ്ഥാനില്‍നിന്ന് വന്‍തോതില്‍ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നത്. കള്ളക്കടത്തുകാര്‍ മാത്രമല്ല, ഭീകരരും കടല്‍മാര്‍ഗം ഇന്ത്യയിലെത്തി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. മുംബൈയിലെ 26/11 ഭീകരാക്രമണം നടത്തിയ അജ്മല്‍ കസബ് അടക്കമുള്ള ഭീകരര്‍ എത്തിയത് കടല്മാര്ഗത്തിലൂടെയായിരുന്നുവല്ലോ. ഇപ്പോള്‍ ഇത്തരം കടന്നുകയറ്റങ്ങള്‍ ഫലപ്രദമായി തടയാന്‍ കഴിയുന്നു എന്നത് വലിയ നേട്ടമാണ്.
ഇന്ത്യയിലേക്ക് വിവിധ മാര്‍ഗങ്ങളിലൂടെ മയക്കുമരുന്ന് കടത്തുന്നതില്‍ പാകിസ്ഥാന്റെ പങ്ക് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ മയക്കുമരുന്നു കടത്തുകളില്നിന്ന് ലഭിക്കുന്ന വരുമാനവും ഇതിനായി ഉപയോഗിക്കുകയാണെന്നും, ഈ പണം നമ്മുടെ സമ്പദ് വ്യവസ്ഥയുടെ കരുത്തു ചോര്‍ത്തുമെന്നും ഷാ പറയുകയുണ്ടായി. അതിര്‍ത്തികള്‍ വഴിയും തുറമുഖങ്ങള്‍ വഴിയും വിമാനത്താവളങ്ങള്‍ വഴിയും രാജ്യത്തേക്ക് മയക്കുമരുന്നുകള്‍ കടത്തുന്നത് തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ശ്രമിക്കണമെന്ന ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം വളരെ പ്രധാനപ്പെട്ടതാണ്. അതേസമയം ഈ വിപത്ത് ഏതെങ്കിലുമൊരു രാജ്യത്ത് ഒതുങ്ങിനില്ക്കുന്നതല്ല. ഇതിനു പിന്നില്‍ ഒരു രാജ്യാന്തര ശൃംഖലതന്നെയുണ്ട്. ഇതു സംബന്ധിച്ച വിവരം യഥാസമയം ശേഖരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആഗോള കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയുണ്ടായി. ഇങ്ങനെയൊരു സംവിധാനം നിലവില്‍ വന്നാല്‍ മയക്കുമരുന്ന് കടത്തിനെതിരായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിയും. പേരെടുത്തു പറഞ്ഞില്ലെങ്കിലും ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കടത്തിനു പിന്നില്‍ പാകിസ്ഥാനാണെന്ന അമിത് ഷായുടെ വിമര്‍ശനം ഒരിക്കല്‍ക്കൂടി ശരിവയ്ക്കുന്നതാണ് ഏറ്റവുമൊടുവില്‍ ഗുജറാത്ത് തീരത്ത് പാകിസ്ഥാന് ബോട്ട് പിടികൂടിയ സംഭവം. അതേസമയം സുരക്ഷാസേനകളുടെ ശ്രദ്ധയില്‍പ്പെടാത്തതും പിടികൂടാന്‍ കഴിയാത്തതുമായ നിരവധി സംഭവങ്ങള്‍ വേറെയുമുണ്ടാകുമെന്ന കാര്യം മറച്ചുവയ്ക്കേണ്ടതില്ല.
മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയില്ലെന്ന നയമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തുടരുന്നത്. വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് കടത്ത് ശൃംഖല തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, കുറ്റവാളികള്‍ എത്ര വമ്പന്മാരായാലും അടുത്ത രണ്ടുവര്‍ഷത്തിനിടെ ജയിലിലടയ്ക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് പാഴ്വാക്കാകില്ല. അതേസമയം മയക്കുമരുന്നു കടത്തിനെതിരായി കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ചില പ്രതിപക്ഷ പാര്‍ട്ടികളും സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയം കലര്‍ത്തുന്നത് നിര്‍ഭാഗ്യകരമാണ്. ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കടത്ത് കേസുകള്‍ പിടിക്കുന്നതെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. അതിര്‍ത്തി സംസ്ഥാനമായ ഗുജറാത്തിന് വളരെ നീണ്ട സമുദ്രതീരമുള്ളതിനാല്‍ പാകിസ്ഥാനില്‍ നിന്നും മറ്റുമുള്ള മയക്കുമരുന്ന് കടത്തുകാര്‍ അതുപയോഗിക്കുകയാണ്. ഇവയില്‍ പലതും പിടികൂടപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ഇതുമായി താരതമ്യം ചെയ്ത് കേരളത്തിലെ സ്ഥിതിവിശേഷം വിലയിരുത്തുമ്പോള്‍ പ്രത്യേകിച്ചും. കേരളത്തിലെ മയക്കുമരുന്നു കടത്തുകാര്‍ക്ക് ലഭിക്കുന്ന രാഷ്ട്രീയ-ഭരണ പിന്തുണ പലപ്പോഴും വിവാദമായിട്ടുള്ളതാണ്. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് ഉള്‍പ്പെട്ട മയക്കുമരുന്നു കടത്തു കേസില്‍ എന്തൊക്കെ അന്തര്‍നാടകങ്ങളാണ് അരങ്ങേറിയതെന്ന് ജനങ്ങള്‍ കാണുകയുണ്ടായി. ഇങ്ങനെയൊന്ന് ഗുജറാത്തില്‍ സങ്കല്‍പ്പിക്കാന്‍പോലും കഴിയില്ല. രാജ്യാന്തര മയക്കുമരുന്ന് കടത്തിനു പിന്നിലെ ആഗോള ഇസ്ലാമിക ഭീകരസംഘടനകളുടെ പങ്കിനെതിരെ ഐക്യരാഷ്ട്ര സഭ പോലും മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്. ഇത്തരം സംഘടനകളുടെ മുഖ്യ വരുമാന സ്രോതസ്സ് മയക്കുമരുന്നു കടത്താണ്. ഈ പണത്തിന്റെ പങ്കുപറ്റി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ കേരളത്തിലുമുണ്ട്. വ്യക്തികളെ മാത്രമല്ല, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെപ്പോലും ബാധിക്കുന്നതാണ് മയക്കുമരുന്നുകടത്തെന്ന ബോധ്യത്തോടെ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: