കോട്ടയം: ശബരിമല പരമ്പരാഗത തീര്‍ഥാടനപാതയിലെ കരിമല ക്ഷേത്രപരിസരത്തുള്ള കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ട നിലയില്‍. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് മലഅരയ മഹാസഭ. ശബരിമല ക്ഷേത്രത്തിലെ ആദ്യപൂജാരിയും ശബരിമല പതിനെട്ടാംപടിയിലെ ആദ്യപടി സ്ഥാപിച്ചയാളുമായ കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ട സംഭവത്തില്‍ മലഅരയ മഹാസഭയും സഭയുടെ ആത്മീയപ്രസ്ഥാനമായ ശ്രീ അയ്യപ്പ ധര്‍മ്മസംഘം ഭാരവാഹികളുമാണ് അന്വേഷണം ആവശ്യപ്പെട്ടത്.
ശ്രീ അയ്യപ്പധര്‍മ്മ സംഘത്തിന്റെ നേതൃത്വത്തില്‍ ഭക്തര്‍ തീര്‍ഥാടനത്തിനായി 26ന് വൈകിട്ട് പരമ്പരാഗത പാതയിലൂടെ കരിമലയിലെത്തിയപ്പോഴാണ് കരിമല അരയന്റെ കല്ലറ തുറന്ന് തകര്‍ക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്. പ്രാചീനകാലം മുതല്‍ മലഅരയ സമുദായത്തില്‍പ്പെട്ടവര്‍ അധിവസിച്ചിരുന്ന കരിമലയില്‍ കരിമല അരയന്റെ കല്ലറ കൂടാതെ ആരാധനാലയം, ചതുരക്കിണര്‍, നാളികേരമുടയ്ക്കാനുള്ള പുണ്യശില, പുരത്തറകള്‍ എന്നിവയടക്കം നിരവധി നിര്‍മിതികള്‍ ഉണ്ട്. ശബരിമലയിലേക്കുള്ള പരമ്പരാഗത തീര്‍ഥാടന പാതയോരത്ത് സ്ഥിതി ചെയ്യുന്ന കല്ലറയ്ക്ക് ആയിരത്തിലേറെ വര്‍ഷം പഴക്കമുണ്ട്. ഇതു തകര്‍ക്കപ്പെട്ടതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും മലഅരയ മഹാസഭാ നേതാക്കള്‍ പറഞ്ഞു.
ശബരിമല ക്ഷേത്രവുമായി അഭേദ്യ ബന്ധമുള്ള കരിമലയിലെ നിര്‍മിതികള്‍ തകര്‍ക്കുന്ന ശക്തികളെപ്പറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണം. വനാന്തരങ്ങളിലെ പൈതൃകങ്ങള്‍ സംരക്ഷിക്കാനായി കേന്ദ്ര സാംസ്കാരിക വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം. നിരവധി ചരിത്രശേഷിപ്പുകളും ആരാധനാകേന്ദ്രങ്ങളുമുള്ള തീര്‍ഥാടന പാത അടയ്ക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ 2020 മുതല്‍ നടക്കുന്നുണ്ട്.
അയ്യപ്പന് നടന്നുപോയ ചരിത്രപാത കൂടി ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കല്ലറ തകര്‍ക്കലിന്റെ പിന്നിലെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മലഅരയ സഭാ ജനറല്‍ സെക്രട്ടറി പി.കെ. സജീവ്, ട്രഷറര്‍ എം.ബി. രാജന്, ശ്രീഅയ്യപ്പ ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സി.എന്‍. മധുസൂദനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: