തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് നായകനാവുന്ന വാരിസ് എന്ന ചിത്രത്തിന് കെ.എസ്. ചിത്ര പാടിയ ഗാനം സൂപ്പര്‍ ഹിറ്റ്. യൂട്യൂബില്‍ ഒരാഴ്ച മുന്‍പ് റിലീസായ ഈ ഗാനം ഇതിനകം 96 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. സംഗീതത്തില്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ‘സോള്‍ ഓഫ് വാരിസ്’ എന്ന ഗാനം.
അമ്മ-മകന്‍ ബന്ധത്തിന്റെ ആഴവും ശക്തിയും പറയുന്ന മെലഡിയായതിനാലാകാം ഈ ഗാനത്തിന് കേള്‍വിക്കാര്‍ ഏറെയുണ്ടായത്. ശക്തമായ വരികള്‍ രചിച്ചിരിക്കുന്നത് വിവേകാണ്.
കെ.എസ്. ചിത്ര പാടിയ ഈ പാട്ടിന് എസ് തമന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സോള്‍ ഓഫ് വാരിസ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഈ ഗാനം സിനിമയുടെ ആത്മാവായതിനാലാണ് ആ പേര് നല്‍കിയിരിക്കുന്നത്. .
ചിത്രത്തിന്റെ സംവിധാനം വംശി പൈഡിപ്പിള്ളിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. രശ്മിക മന്ഥനയാണ് നായിക. പ്രകാശ് രാജ് ഒരു ഇടവേളയ്‌ക്ക് ശേഷം വിജയ് ചിത്രത്തില്‍ പ്രതിനായകനായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും വാരിസ് അവകാശപ്പെടുന്നു. പ്രഭു, എസ്.ജെ. സൂര്യ, ജയസുധ, സംഗീത, സംയുക്ത, ഷാം, ശരത് കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും അഭിനയിക്കുന്നു.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ജനവരി 12ന് ചിത്രം തിയറ്ററുകളില്‍ എത്തും. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: