ശ്രീനഗര്‍: പലായനം ചെയ്തവരെ പുനരധിവസിപ്പിക്കുന്നതിനായി രൂപീകരിച്ച ജമ്മു കശ്മീരിലെ റിലീഫ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ കമ്മീഷണറില്‍ (ആര്‍ആര്‍സി) 1,54,712 അംഗങ്ങളുള്ള 44,684 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 2021-2022 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലൂടെയാണ് ആഭ്യന്തര മന്ത്രാലയം ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
1980കളുടെ അവസാനത്തില്‍ രൂക്ഷമായ ഭീകരപ്രവര്ത്തനങ്ങളെത്തുടര്ന്നാണ് കശ്മീരി പണ്ഡിറ്റുകളും സിഖുകാരും മുസ്ലീങ്ങളുമടങ്ങുന്ന ജനങ്ങള്‍ മറ്റിടങ്ങളിലേക്ക് കുടിയേറിയത്. 1989-90 വര്‍ഷങ്ങളിലാണ് പലായനം രൂക്ഷമായത്. കശ്മീര്‍ താഴ്വര ഉപേക്ഷിച്ച് ജമ്മുവിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കുടിയേറിയ ഇവരെ അവരുടെ സ്വന്തം മണ്ണില്‍ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് രജിസ്ട്രേഷന് നടപടികള്‍ ഊര്‍ജിതമാക്കുന്നത്. വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, നിലവില്‍ രജിസ്റ്റര്‍ ചെയ്ത 44,684 കുടുംബങ്ങള്‍ ജമ്മുവില്‍ താമസമാക്കിയവരാണ്. ദല്‍ഹി, ബെംഗളൂരു, പൂനെ, മറ്റ് നഗരങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളം 21,333 കുടുംബങ്ങള്‍ വീടുവച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സമാനമായി, ജമ്മു കശ്മീര്‍ സര്‍ക്കാരിലെ ദുരിതാശ്വാസ, പുനരധിവാസ കമ്മീഷണര്‍ 861 ജമ്മു കുടിയേറ്റ കുടുംബങ്ങളെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ജമ്മു ഡിവിഷന്റെ മലയോര ഭാഗങ്ങളില്‍ നിന്ന് 4524 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മടങ്ങിയെത്തുന്നവര്‍ക്കായി പിഎംആര്പി 2008 പ്രകാരം ജമ്മുകശ്മീര്‍ സര്‍ക്കാരില്‍ 3000 ജോലികളും പിഎംഡിപി 2015ല്‍ അധികമായി 3000 ജോലികളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇങ്ങനെ ജോലി സ്വീകരിക്കുന്ന ആറായിരം പേര്‍ക്കായി 920 കോടി രൂപ ചെലവില്‍ 6000 ട്രാന്‍സിറ്റ് താമസസൗകര്യം നിര്‍മ്മിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
അവയില്‍ 1025 യൂണിറ്റുകളുടെ പണി പൂര്‍ത്തീകരിച്ചു. 1488 യൂണിറ്റുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്, 2744 യൂണിറ്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, പ്രധാനമന്ത്രിയുടെ വികസന പാക്കേജ്-2015 പ്രകാരം, ജമ്മു കശ്മീര്‍, ഛംബ്, നിയാബത്ത് എന്നിവിടങ്ങളില്‍ നിന്ന് കുടിയിറക്കപ്പെട്ട 36,384 കുടുംബങ്ങള്‍ക്ക് നിലവില്‍ 5.50 ലക്ഷം രൂപ ധനസഹായം വിതരണം ചെയ്തുവരുന്നുണ്ട്.
ജമ്മുകശ്മീര്‍ വിട്ടുപോകാന്‍ ആഗ്രഹിച്ച്, പിന്നീട് സ്ഥിരതമാസമാക്കിയ കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തി സമാനമായ സാമ്പത്തിക സഹായത്തിന് കേന്ദ്രം കൂടുതല്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
33,068 ഗുണഭോക്താക്കള്‍ക്കായി ഇതുവരെ 1428.74 കോടി രൂപ വിതരണം ചെയ്തു. വിഭജനത്തെത്തുടര്‍ന്ന് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കുടിയേറി ജമ്മുമേഖലയില്‍ സ്ഥിരതാമസമാക്കിയ 5764 പശ്ചിമ പാകിസ്ഥാന് അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് ധനസഹായം എന്ന നിലയില്‍ 317.02 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: