കരിപ്പൂര്‍: മൂന്ന് ക്യാപ്സൂളുകളാക്കി വിഴുങ്ങി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. ഏകദേശം 35 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ക്യാപ്സൂളുകളാക്കി വിഴുങ്ങി കടത്താന്‍ യുവാവ് ശ്രമിച്ചത്. മലപ്പുറം പൊലീസ് വിമാനത്താവളത്തിന് പുറത്തുവെച്ചാണ് സ്വര്‍ണ്ണം പിടിച്ചത്. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്തുകടക്കുന്ന സ്വര്‍ണ്ണക്കടത്തുകാരെ പൊലീസ് പിടികൂടിയ 88ാമത്തെ കേസാണിത്.
തിരൂര്‍ സ്വദേശി മുസ്തഫ(30) ആണ് പിടിയിലായത്. അബുദാബിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയതായിരുന്നു മസ്തഫ. മലാശയത്തില്‍ ഒളിപ്പിച്ചാണ് ക്യാപ്സൂള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തുകടന്ന മുസ്തഫയെ പുറത്ത് കാത്ത് നിന്നിരുന്ന മലപ്പുറം ജില്ലാ പൊലീസാണ് പിടികൂടിയത്. നേരത്തെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസും സംഘവും മുസ്തഫയെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലില്‍ മുസ്തഫ എല്ലാം നിഷേധിച്ചു. പിന്നീട് ലഗേജുകള്‍ പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ല. തുടര്‍ന്നാണ് എക്സ്റേ പരിശോധന നടത്തിയത്. അപ്പോഴാണ് മലാശയത്തില്‍ മൂന്ന് ക്യാപ്സൂളുകള് കണ്ടെത്തിയത്. 636 ഗ്രാമിന്റെ 24 കാരറ്റ് സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ മൂന്ന് ക്യാപ്സൂളുകളാക്കി വിഴുങ്ങുകയായിരുന്നു എന്ന് പറയുന്നു. വിപണിയില്‍ ഈ സ്വര്‍ണ്ണത്തിന് ഏകദേശം 35 ലക്ഷം രൂപ വിലവരും.
പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ നല്‍കും. സ്വര്‍ണ്ണക്കടത്തിന് മുസ്തഫയ്ക്ക് കൂട്ടുനിന്നവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: