പാലക്കാട്: ബഫര്‍ സോണ്‍ പ്രശ്നത്തില്‍ സര്‍ക്കാറിന് ആത്മാര്‍ത്ഥതയില്ലെന്ന് സംയുക്ത കര്‍ഷക സമിതി യോഗത്തില്‍ ആരോപണം. സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്ന യോഗത്തില്‍ ബഫര്‍ സോണ്‍ ഉള്‍പ്പെട്ട ജനവാസ മേഖലകളില്‍ സമരം ശക്തമാക്കാനും തീരുമാനമായി.
മുഖ്യമന്ത്രിയും മന്ത്രിമാരും ഇറക്കുന്ന പ്രസ്ഥാവനകള്‍ താഴെത്തട്ടില്‍ പ്രതിഫലിക്കുന്നില്ലെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പാലക്കാട് രൂപതാ ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ പറഞ്ഞു. സൈലന്റ് വാലിയുടെ ഇപ്പോള്‍ നിലവിലുള്ള 148 ച. കിലോമീറ്റര്‍ ഭവാനി വന്യജീവി സങ്കേതം എന്ന പുതിയ പേരില്‍ നോട്ടിഫൈ ചെയ്യുവാനുള്ള നിര്‍ദ്ദേശം കേരളം കേന്ദ്രത്തിന് അയച്ചു എന്നത് ഈ വിഷയത്തിലുള്ള സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ഇല്ലായ്മയുടെ തെളിവാണെന്ന് കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര ആരോപിച്ചു.
കേരളത്തിലെ 22 സംരക്ഷിത മേഖലയില്‍ അന്തിമ വിജ്ഞാപനം ഇറങ്ങിയത് രണ്ട് സങ്കേതങ്ങള്‍ക്ക് മാത്രമാണ്. സര്‍ക്കാരിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ബാക്കി 20 സങ്കേതങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പറയുന്നത്ര നിസഹായ അവസ്ഥയില്‍ അല്ലെന്നും, നിസ്സഹായത അഭിനയിക്കല്‍ ആണെന്നും ആരോപണമുയര്‍ന്നു.
അട്ടപ്പാടിയിലെ പുതിയ സങ്കേത നിര്‍ദ്ദേശം പിന്‍വലിപ്പിക്കാന്‍ അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും ഗ്രാമസഭകളും, പഞ്ചായത്തില്‍ അതിജീവന പ്രമേയവും പാസാക്കുവാന്‍ ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. ഈ ആവശ്യം ഉന്നയിച്ച് അട്ടപ്പാടിയിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും സംഘടിപ്പിച്ച് മുഖ്യമന്ത്രിക്കും, വനം, റവന്യൂ മന്ത്രിമാര്‍ക്കും ഭീമ ഹര്‍ജി നല്‍കും. പാലക്കാട് രൂപതാ ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍, കര്‍ഷക സംരക്ഷണ സമിതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫാ. സജി ജോസഫ്, കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര, കര്‍ഷക സംരക്ഷണ സമിതി ചെയര്മാന് അഡ്വ. ഫാ. ജോബി കാച്ചപ്പള്ളി, അബ്ബാസ് ഒരവന്ചിറക്കളം, രമേഷ്ചേവക്കുളം, ഭൂസംരക്ഷണ സമിതി ചെയര്മാന് എല്‍ദേ അയിലൂര്‍, ദിനേഷ് മാഷ് ചൂലന്നൂര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: