പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം കുറിച്ച് ചൊവ്വാഴ്ച അയ്യപ്പന് തങ്ക അങ്ക ചാർത്തി മണ്ഡലപൂജ നടന്നു. തുടർന്ന് രാത്രി ഹരിവരാസനം പാടി ഭഗവാനെ യോഗ നിദ്രയിൽ ഉറക്കിയാണ് ശബരിമല നട അടച്ചു. ഇനി മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഡിസംബർ 30നാണ് വീണ്ടും തുറക്കും.
ലക്ഷക്കണക്കിന് വിശ്വാസികൾ എത്തിച്ചേർന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ 41 ദിവസത്തെ മണ്ഡലകാല തീർത്ഥാടനത്തിനാണ് ചൊവ്വാഴ്ചയോടെ പരിസമാപ്തിയായത്. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങളില്ലാത്ത ഈ മണ്ഡലക്കാലം അഭൂതപൂർവമായ ഭക്തജനപ്രവാഹത്തിന് സാക്ഷ്യം വഹിച്ചു. ഏകദേശം 39ലക്ഷത്തിലധികം പേര്‍ മണ്ഡലക്കാലത്ത് മല ചവിട്ടിയതായാണ് കണക്കുകള്‍. മണ്ഡലകാലയളവിൽ മാത്രം 223 കോടി രൂപ നടവരവായി ലഭിച്ചെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു.
അയ്യപ്പനെ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചൊവ്വാഴ്ച ഉച്ചയ്‌ക്കായിരുന്നു നടന്നത്. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികത്വം വഹിച്ചു. തങ്ക അങ്കി ചാർത്തിയ അയ്യനെ കണ്ട നിര്‍വൃതിയോടെ അയ്യപ്പന്മാർ മലയിറങ്ങി. രാത്രി പത്തുമണിയോടെ ഹരിവരാസനം പാടി നട അടച്ചു.
2023 ജനുവരി 14ന് നടക്കുന്ന മകരവിളക്കിനും വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: