ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രൈന് പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കിയുമായി ഫോണില്‍ സംസാരിച്ചു ജി20യുടെ ഇന്ത്യയുടെ അധ്യക്ഷസ്ഥാനത്തിന് ആശംസകള്‍ അറിയിച്ച സെലന്‍സ്കി, സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്ന് അഭ്യര്‍ഥിച്ചു.
ഭക്ഷ്യം, ഊര്‍ജ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ വികസ്വര രാജ്യങ്ങളുടെ ആശങ്കകള്‍ക്ക് പരിഗണന നല്‍കുമെന്ന് ഉറപ്പു നല്കിയ മോദി ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിക്കാര്യത്തിലുള്ള മുന്‍ഗണനകള്‍ വിശദീകരിച്ചു. ഈ വര്‍ഷമാദ്യം യുദ്ധത്തെത്തുടര്‍ന്ന് ഉക്രൈയ്നില്‍ നിന്ന് മടങ്ങേണ്ടി വന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തുടര്‍വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങള്‍ സുഗമമാക്കാന്‍ പ്രധാനമന്ത്രി സെലന്‍സ്കിയോട് അഭ്യര്‍ത്ഥിച്ചു. റഷ്യ ഉക്രൈന് സംഘര്‍ഷവും ഇരുവരും ചര്‍ച്ച ചെയ്തു.
ശത്രുത ഉടനടി അവസാനിപ്പിക്കാനുള്ള തന്റെ ആഹ്വാനം ആവര്‍ത്തിച്ച പ്രധാനമന്ത്രി മോദി, അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ ഇരുപക്ഷവും ചര്‍ച്ചയിലേക്കും നയതന്ത്രത്തിലേക്കും മടങ്ങണമെന്നും അഭ്യര്‍ഥിച്ചു. ഏത് സമാധാന ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണ ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കിയ മോദി, ദുരിതബാധിതരായ ജനങ്ങള്‍ക്ക് സഹായം തുടര്‍ന്നും നല്‍കുമെന്ന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: