ഭുവനേശ്വര്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകരായ റഷ്യയിലെ ഒരു എംപിയെയും അദ്ദേഹത്തിന്റെ സഹായിയെയും ഒഡിഷയിലെ ഒരു ഹോട്ടലില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
റഷ്യന്‍ എംപിയായ പാവേല്‍ അന്റോവും അദ്ദേഹത്തിന്റെ അനുയായിയായ വ്ളാഡിമിറും ടൂറിസ്റ്റുകളായാണ് ഇന്ത്യയില്‍ എത്തിയതെന്ന് പറയപ്പെടുന്നു. ഡിസംബര്‍ 21ന് ഒഡിഷയിലെ കന്തമാര് ജില്ലയിലെ ദരിംഗ്ബദി സന്ദര്‍ശിച്ചശേഷം ഇരുവരും ഹോട്ടല്‍മുറിയില്‍ ചെക്കിന് ചെയ്തിരുന്നു.
“ടൂറിസത്തിന്റെ ഭാഗമായി നാല് റഷ്യക്കാര്‍ റായഗഡ ജില്ലയില്‍ വന്നിരുന്നു. അവര്‍ ഒരു ലോക്കല്‍ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതില്‍ ഒരാള്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇതില്‍ പൊലീസ് കേസെടുത്തു. ഒപ്പം പോസ്റ്റ് മോര്‍ട്ടവും നടത്തി. രണ്ട് ദിവസത്തിന് ശേഷം മറ്റൊരാള്‍ കൂടി അസാധാരണ സാഹചര്യത്തില്‍ മരിച്ചു. ഇതേക്കുറിച്ചും അന്വേഷണം നടന്നുവരുന്നു.”- ഒഡിഷ ഡിജിപി സുനില്‍ കുമാര്‍ ബന്‍സാല്‍ പറഞ്ഞു.
ഡിസംബര്‍ 21ന് റഷ്യന്‍ എംപിയുടെ അനുചരനായ വ്ളാഡിമിര്‍ ആണ് ആദ്യം ഹൃദയാഘാതം മൂലം മരിച്ചത്. അനുചരനായ വ്ളാഡിമിര്‍ മരിച്ചതോടെ കടുത്ത വിഷാദത്തിലായിരുന്നു റഷ്യയിലെ എംപിയായ പാവേല്‍ അന്റോവ്. പിന്നീട് നാല് ദിവസം കഴിഞ്ഞ് ഡിസംബര്‍ 25നാണ് റഷ്യന്‍ എംപി പാവേല്‍ അന്റോവ് മരിച്ചത്. “- എസ് പി വിവേകാനന്ദ ശര്‍മ്മ പറഞ്ഞു.
കൊല്‍ക്കൊത്തയിലെ റഷ്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുവരുന്നതായി ഒഡിഷ ഡിജിപി പറഞ്ഞു. തന്റെ 65ാം ജന്മദിനം ആഘോഷിക്കാന്‍ കൂടിയാണ് ശതകോടീശ്വരനായ പാവേല്‍ അന്റോവ് ഇന്ത്യയില്‍ എത്തിയത്. ഹോട്ടലിലെ മൂന്നാം നിലയിലെ ജനാലയിലൂടെ താഴെ വീണ് മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച കുടുംബത്തിന്റെ അനുമതിയോടെ അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിച്ചതായി പൊലീസ് പറഞ്ഞു.
“അഭ്യസ്തവിദ്യനും വിശാല കാഴ്ചപ്പാടുള്ളവനും എല്ലാവരുടെയും അഭിമാനപാത്രവും ബുദ്ധിശാലിയുമായ പാവേല്‍ അന്റോവ് തന്റെ പ്രൊഫഷണലിസത്താലും വ്യക്തിപരമായ ഗുണമേന്മയാലും വിലമതിക്കപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാവാത്ത വിടവാണ്.”- റഷ്യയുടെ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ വ്ളാഡിമിര്‍ കിസെല്യോവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: