തിരുവനന്തപുരം: പ്രതികാരത്തിന്റെ ഭാഗമായാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയതെന്ന് അറസ്റ്റിലായ വിന്‍സന്റ് ജോണ്‍ എന്ന അറുപത്തിമൂന്നുകാരന്റെ കുറ്റസമ്മതം. കഴിഞ്ഞദിവസം തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് ഹോട്ടലില്‍ താമസിച്ച് ലാപ്ടോപ്പ് മോഷ്ടിച്ച കേസില്‍ ഇയാളെ പിടികൂടിയത്. ചോദ്യംചെയ്യലില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളോടുള്ള പ്രതികാരത്തിന്റെ കഥ ഇയാള്‍ വെളിപ്പെടുത്തി. ടൂറിസ്റ്റ് ഗൈഡായിരുന്നപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് അതിഥികളെ എത്തിച്ചുനല്‍കിയിരുന്നു. എന്നാല്‍ ചില ഹോട്ടലുകാര്‍ കമ്മിഷന് നല്‍കാതെ പറ്റിച്ചതോടെ ഹോട്ടലുകാരെ പറ്റിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്തെ ഹോട്ടലില്‍നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച് 15,000 രൂപയ്ക്ക് കൊല്ലത്ത് മറിച്ചുവിറ്റത് കണ്ടെടുത്തിട്ടുണ്ട്. ഹോട്ടലില്‍നിന്ന് കൈക്കലാക്കിയ രണ്ടായിരം രൂപയുടെ മദ്യക്കുപ്പിയും ഇയാള്‍ കൊല്ലത്ത് വിറ്റു.
പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ രണ്ടോ മൂന്നോ ദിവസം താമസിച്ച് അവരുടെ ലാപ്ടോപ്പുമായി കടന്നുകളയുന്നതാണ് ഇയാളുടെ രീതി. ബിസിനസുകാരനാണെന്ന് പരിചയപ്പെടുത്തി വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നല്കിമുറിയെടുക്കും. തെരിനാഥന്‍, വിജയ്കാരന്‍, മൈക്കല്‍ ജോസഫ്, ദിലീപ് സ്റ്റീഫന്‍, മൈക്കല്‍ ഫെര്‍ണാണ്ടോ, രാജീവ് ദേശായി, എസ്.പി. കുമാര്‍, സഞ്ജയ് റാണെ തുടങ്ങി 11 കള്ളപ്പേരുകള്‍ ഇയാള്‍ക്കുണ്ട്.
മികച്ചരീതിയില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യും. വാടകയും ഭക്ഷണത്തിന്റെ തുകയുമെല്ലാം മുറി ഒഴിവാക്കുന്ന ദിവസം അടയ്ക്കാമെന്ന് വിശ്വസിപ്പിക്കും. ഏറ്റവും ഉയര്‍ന്ന സൗകര്യങ്ങളുള്ള മുറിയില്‍ താമസിച്ച് വില കൂടിയ മദ്യവും മുന്തിയ ഭക്ഷണവുമെല്ലാം കഴിക്കും. രണ്ടോ മൂന്നോ ദിവസത്തെ താമസത്തിന് ശേഷമാണ് ഹോട്ടലുകാരോട് ലാപ്ടോപ്പ് ചോദിക്കുക. ലാപ്ടോപ് കിട്ടിയാല്‍ അതുമായി മുങ്ങുന്നതാണ് ഇയാളുടെ രീതി. ഹോട്ടലിലെ മറ്റു സാധനങ്ങളോ അതിഥികളുടെ മുറികളില്‍ കയറിയോ മോഷ്ടിക്കാറില്ല. 2018ല്‍ കൊല്ലത്തെ ഹോട്ടലില്‍ സമാനരീതിയില്‍ മോഷണം നടത്തിയതിന് ഇയാള്‍ പിടിയിലായിരുന്നു. കേരളത്തിലും ബെംഗളൂരുവിലുമുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാളുടെ പേരില്‍ കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: