ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തില്‍ പൊലീസ് നടത്തിയ അഴിഞ്ഞാട്ടം ക്ഷേത്ര വിശ്വാസികള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് ബിജെപി.
ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടി രാത്രി 10 മണിക്ക് അവസാനിപ്പിച്ചില്ലെന്നാരോപിച്ചാണ് പൊലീസ് ക്ഷേത്രത്തില്‍ കടന്നു കയറി മര്‍ദ്ദനം നടത്തിയത്. ഗര്‍ഭിണി അടക്കം 25 ഓളം ഭക്തരെ തല്ലിച്ചതച്ചു. നിരവധി സ്ത്രീകള്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിന് ഒരു ചെറുപ്പക്കാരനെ പൊലീസ് വളഞ്ഞിട്ട് ഭീകരമായി മര്‍ദ്ദിച്ചു. അവിടെ നടന്ന കിരാത നടപടിയുടെ ഉത്തരവാദിത്വം എസ്.ഐയുടെ തോളില്‍ വെച്ച് തല ഊരാനാണ് ജില്ലാ ഭരണകൂടം ഇപ്പൊള്‍ ശ്രമിക്കുന്നത്. ബിജെപി വക്താവ് സന്ദീപ് വാചസ്പതി ആരോപിച്ചു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിടങ്ങാംപറമ്പ് ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ദേവ സന്നിധിയില്‍ പൊലീസ് കയറുന്നത്. ക്ഷേത്ര ഭാരവാഹികളുടെ ഉന്നതമായ സാംസ്കാരിക ചിന്തയും സൗമനസ്യവും കൊണ്ടാണ് വന്‍ സംഘര്‍ഷം ഒഴിവായത്. ആയിരക്കണക്കിന് ആള്‍ക്കാരെ നിയന്ത്രിക്കാന്‍ ഭാരവാഹികള്‍ കാണിച്ച സംയമനം അഭിനന്ദനാര്‍ഹമാണ്. ഗാനമേളയുടെ അവസാന ഗാനം പാടാനുള്ള 5 മിനിറ്റ് സമയം കൂടി അനുവദിച്ചാല്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകരുമായിരുന്നോ എന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കണം. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ചുമതല ഉണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തന്നെയാണ് നില വഷളാക്കിയത് എന്നാണ് ക്ഷേത്ര ഭാരവാഹികള്‍ നല്കിയ വിവരം. ഇത്തരക്കാരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ അധികാരികള്‍ തയ്യാറാകണം. പൊതു സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള നടപടിയല്ല വേണ്ടത്. സന്ദീപ് പറഞ്ഞു
മര്‍ദ്ദനമേറ്റവരെയും ക്ഷേത്ര ഭാരവാഹികളെയും സന്ദീപ് വാചസ്പതി സന്ദര്‍ശിച്ചു. ബിജെപി ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാര്‍, മണ്ഡലം അധ്യക്ഷന്‍ സജി.പി ദാസ്, ജനറല്‍ സെക്രട്ടറി ഡി. ജി സാരഥി, നഗരസഭാ കൗണ്‍സിലര്‍ മനു ഉപേന്ദ്രന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: