സി.ടി. തങ്കച്ചന്
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ റഷ്യന്‍ സാഹിത്യം വിശ്വസാഹിത്യത്തില്‍ സവിശേഷവും പ്രാമാണികവുമായ സ്ഥാനം വഹിക്കുന്നു. ദസ്തയവ്സ്കി, ടോള്‍സ്റ്റോയി, ചെഖോവ്, ടര്‍ജനേവ് തുടങ്ങി അനേകം മഹാരഥന്മാരെയാണ് റഷ്യ ലോകത്തിന് അക്കാലം സംഭാവന ചെയ്തത്. എന്നാല്‍ പ്രവാചക സദൃശരായ തന്റെ പുത്രന്മാരുടെ ജീവിത കഥകള്‍ അധികമൊന്നും പുറത്തേക്കു വിടാന്‍ റഷ്യന്‍ സന്നദ്ധയായിരുന്നില്ല. തന്റെ എണ്‍പത്തിരണ്ടാം വയസ്സില്‍ റഷ്യയിലെ ഒരു കുഗ്രാമ റെയില്‍വേ സ്റ്റേഷനായ അസ്റ്റപ്പോവയില് അനാഥനെപ്പോലെ കിടന്ന് യുഗസ്രഷ്ടാവും മാനവവാദിയുമായ ടോള്‍സ്റ്റോയ് നരകിച്ചു മരിച്ച കഥ ഏറെക്കഴിഞ്ഞാണ് ലോകം അറിഞ്ഞത്. എന്നിട്ടും അങ്ങനെ സംഭവിച്ചതിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീഴ്ത്തപ്പെട്ടില്ല. ആ രഹസ്യങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. ‘പ്രിയപ്പെട്ട ലിയോ’ എന്ന മലയാള നോവല്‍. ഒപ്പം ടോള്‍സ്റ്റോയിയുടെ പത്നി സോഫിയാ അനുഭവിച്ച ദുരിതപരമ്പരകളിലേക്കും.
പ്രഭുവര്‍ഗത്തില്‍ ജനിച്ച ടോള്‍സ്റ്റോയി സൈന്യ സേവനത്തില്‍ യൗവ്വനം ചെലവഴിക്കെ ഏര്‍പ്പെടാത്ത ആഘോഷങ്ങളോ അപഥസഞ്ചാരങ്ങളോ ഇല്ല. സ്വന്തം ഭൃത്യയില് അദ്ദേഹത്തിന് തന്റെ ഛായയിലുള്ള ഒരു പുത്രന് പോലുമുണ്ടായിരുന്നു. പക്ഷേ സൈന്യസേവനത്തില്നിന്നും പിന്‍വാങ്ങി, വളരെ വൈകി തന്നേക്കാള്‍ വളരെ ഇളപ്പമായ സോഫിയയെ വിവാഹം കഴിക്കുമ്പോഴേക്കും ആള് ഒരു പക്വമതിയായിക്കഴിഞ്ഞിരുന്നു. ‘കുട്ടിക്കാലം’ എന്ന കൃതി അദ്ദേഹത്തെ അന്നേക്ക് പ്രശസ്തനാക്കിയിരുന്നു താനും.
യുദ്ധവും സമാധാനവും പോലെ ബൃഹത്തായ പല കൃതികളും പലവട്ടം പകര്‍ത്തിയെഴുതുകയും ടോള്‍സ്റ്റോയിയുടെ പതിന്നാലു കുട്ടികളെ പ്രസവിക്കുകയും ചെയ്ത സോഫിയയോട് ടോള്‍സ്റ്റോയി ഒടുവില്‍ പുലര്‍ത്തിയ നിസ്സംഗതയും, ടോള്‍സ്റ്റോയിയുടെ ശിഷ്യന്മാരാല് അവര്‍ ആക്രമിക്കപ്പെട്ടതിന്റെയും വിശദാംശങ്ങള്‍ ഞെട്ടലോടെ മാത്രമേ നമുക്ക് വായിക്കുവാന്‍ കഴിയൂ. ആ അര്‍ത്ഥത്തില്‍ ഈ നോവല്‍ സോഫിയയുടെ കണ്ണീരിന്റെ കഥ കൂടിയാകുന്നു. സോഫിയയ്ക്ക് സാഹിത്യം, ചിത്രകല, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ അഗാധതാല്പ്പര്യവും സാമര്‍ത്ഥ്യവുമുണ്ടായിരുന്നു. സമൂഹത്തിനു മുന്നില്‍ തന്നെ കുറ്റക്കാരിയെന്നോണം ഭര്‍ത്താവ് അവതരിപ്പിച്ചപ്പോള്‍ (ക്രൂയിറ്റ് സര്സൊണാറ്റ എന്ന നോവലില്‍) അവര്‍ക്കു പിടിച്ചുനില്‍ക്കാനായില്ല. ‘ആരുടെ കുറ്റം?’ എന്ന പേരില്‍ സത്യാവസ്ഥ വിശദീകരിച്ചുകൊണ്ട് അവര്‍ക്കും ഒരു നോവല്‍ എഴുതേണ്ടി വന്നു. നൂറു വര്‍ഷങ്ങളോളം ഇരുട്ടുമൂടിക്കിടന്ന ആ നോവല്‍ വീണ്ടെടുക്കപ്പെട്ടിട്ടുണ്ട്. സോഫിയ കൂടുതല്‍ എഴുതിയിരുന്നുവെങ്കില് പ്രമുഖ സാഹിത്യകാരിയായി ഉയര്‍ന്നുവരുമായിരുന്നു എന്ന് ‘ആരുടെ കുറ്റം’ വായിക്കുമ്പോള്‍ അനുഭവപ്പെടും.
നാല്‍പ്പതു വയസ്സു പിന്നിട്ട ടോള്‍സ്റ്റോയി സാഹിത്യ പ്രവര്‍ത്തനം നിര്‍ത്തി ആധ്യാത്മിക സാഹിത്യ രചനയിലേക്കു തിരിഞ്ഞുവെന്നു മാത്രമല്ല, അഞ്ചുകല്പ്പനകള് രൂപീകരിച്ചു ടോള്സ്റ്റോയിയനിസം എന്ന മതസംഘടനയ്ക്കു രൂപംനല്കുകപോലുമുണ്ടായി. ചെര്‍ത്ക്കോവ് എന്ന ഒരു പ്രഭു പുത്രന് ടോള്‍സ്റ്റോയിയുടെ ശിഷ്യനായി എത്തി. ഈ ശിഷ്യന് പിന്നീട് ഗുരുവിന്റെ ജീവിതം തുലച്ചുകളയുന്നതിലാണേര്പ്പെട്ടത്. സോഫിയക്കും ടോള്സ്റ്റോയിക്കുമിടയിലെ പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നത് ഈ ചെര്ത്ക്കോവാണ്. ടോള്‍സ്റ്റോയിയുടെ മരണശേഷം പോലും ചെര്‍ത്ക്കോവ് സോഫിയയ്ക്കു സമാധാനം നല്‍കിയില്ല. അയാള്‍ ഓരോരോ വ്യവഹാരങ്ങളുമായി വിചാരണക്കോടതികളില്‍ സോഫിയയെ വലച്ചു.
റഷ്യയില്‍ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ജീവഭയം പോലും വെടിഞ്ഞ് ടോള്‍സ്റ്റോയിയും പെണ്മക്കളും സോഫിയയും രോഗബാധിതരെ സഹായിക്കുവാനായി ഇറങ്ങി. പിന്നീട് ടോള്‍സ്റ്റോയിയുടെ ഒരു പുത്രി ഒരു കര്‍ഷക സ്ത്രീയുടെ വീടിനു തീപിടിച്ചപ്പോള്‍ രക്ഷിക്കാനിറങ്ങി മരണമടയുന്നുമുണ്ട്. അവള് അപ്പോള്‍ ഗര്‍ഭിണിയുമായിരുന്നു.
‘പ്രിയപ്പെട്ട ലിയോ’ ഇത്തരം അനേകം സ്തോഭങ്ങളിലേക്ക് നമ്മെ ക്ഷണിക്കുന്നു. മലയാളത്തില്‍ ടോള്‍സ്റ്റോയിയെപ്പറ്റി അനേകം കൃതികളുണ്ട്. കെ. സുരേന്ദ്രന്റെ ‘ടോള്‍സ്റ്റോയിയുടെ കഥ’യാണ് എടുത്തുപറയുവാനുള്ള ഒന്ന്. ‘പ്രിയപ്പെട്ട ലിയോ’യില്‍ ഒരേസമയം രണ്ട് ചരിത്ര വ്യക്തിത്വങ്ങളുടെ ജീവിതങ്ങള്‍ തുറന്നിടുന്നു-ടോള്‍സ്റ്റോയിയുടേയും സോഫിയാ ടോള്‍സ്റ്റോയിയുടേയും.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ റഷ്യന്‍ സാഹിത്യത്തില്‍നിന്നും അനവധി കൃതികള്‍ മലയാളത്തിലേക്ക് വിടര്ത്തിത്തന്ന കവി വേണു വി.ദേശത്തിന്റെ ഈ നോവല്‍ നമ്മുടെ ഭാഷയ്ക്ക് എന്നെന്നേക്കും ഒരു മുതല്‍ക്കൂട്ടായി നിലനില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: