പാണത്തൂര്‍: പാണത്തൂര്‍ കാഞ്ഞിരത്തിങ്കാല്‍ അയ്യപ്പക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി പാണത്തൂര്‍ ടൗണില്‍ സ്ഥാപിച്ച കൊടിതോരണങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്ന് നീക്കം ചെയ്തു. ഓം ചിഹ്നം പതിച്ച പതാകയും തോരണങ്ങളുമാണ് പോലീസ് നീക്കം ചെയ്തത്.
സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് രാജപുരം സിഐ കൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ബലമായി കൊടികള്‍ അഴിച്ചുമാറ്റിയത്.ഇതിനെതിരെ സിപിഎംഅണികളിലും നാട്ടുകാരിലും വന്‍ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.
എല്ലാ വര്‍ഷവും വിവിധ കാഴ്ചകമ്മറ്റികളുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന് മുമ്പിലുള്ള റോഡില്‍ കൊടികെട്ടാറുണ്ട്. പൊതുസ്ഥലങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടാന്‍ പാടില്ലെന്ന കോടതി വിധിയുടെ പശ്ചാത്തലം ഉയര്‍ത്തിയും സംഘര്‍ഷാവസ്ഥ ഉണ്ടാകുമെന്ന് കാണിച്ച് സിപിഎം നേതാക്കള്‍ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പനത്തടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ക്ഷേത്രത്തിന്റെയും വിവിധ കാഴ്ച കമ്മറ്റിയുടേയും ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. യോഗത്തില്‍ ക്ഷേത്ര ഉത്സവം കഴിയുന്ന ഇന്ന് രാത്രി 12 മണിക്ക് പതാക അഴിച്ചുമാറ്റാമെന്ന് ക്ഷേത്ര ഭാരവാഹികള്‍ ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാന്‍ തയ്യാറാകാത്ത, സിപിഎമ്മുകാര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയും കൊടികള്‍ അഴിച്ച് മാറ്റാന്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണുണ്ടായത്.
സ്ഥലത്തെത്തിയ ബേക്കല്‍ ഡിവൈഎസ്പി സി.കെ.സുനില്‍ കുമാറിന് പഞ്ചായത്ത് പ്രസിഡന്റ് രേഖാമൂലം പരാതി നല്‍കിയതിനാല്‍ യാതൊരു കാരണവശാലും കൊടികള്‍ വീണ്ടും കെട്ടാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ വിവിധ കാഴ്ച കമ്മറ്റികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ഗാനമേള ഒഴിവാക്കി. വിവിധ കാഴ്ച കമ്മറ്റികളുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന കാഴ്ചാ സമര്‍പ്പണ ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്.
അതിനിടെ കൊടികള്‍ പോലീസിനെ ഉപയോഗിച്ച് ബലമായി അഴിപ്പിക്കുവാന്‍ ചരട് വലിച്ചത് കാഞ്ഞങ്ങാട്ടെ പ്രമുഖ ഹൈസ്‌കൂളിലെ അദ്ധ്യാപകനാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ജില്ലയിലെ ചില മതമൗലിക തീവ്രവാദികളുമായി ബന്ധമുണ്ടെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംഘടനയുടെ മറവില്‍ ഹിന്ദു ആചാരങ്ങളേയും വിശ്വാസങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹത്തില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ പാണത്തൂരില്‍ നടത്തിയ ബീഫ് ഫെസ്റ്റിന് ഇദ്ദേഹം നേതൃത്വം നല്‍കുകയും ഹിന്ദു ദേവന്‍മാരെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തത് വ്യാപകമായ ചര്‍ച്ചയ്‌ക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉത്സവ സമയങ്ങളില്‍ ഏതെങ്കിലും രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും ബുധനാഴ്ച രാത്രിയിലും ഓം ചിഹ്നംപതിച്ച കൊടി കെട്ടുമ്പോള്‍ ഇദ്ദേഹം അവരെ ചോദ്യം ചെയ്തതായും നാട്ടുകാര്‍ പറയുന്നു.
ക്ഷേത്ര ഉത്സത്തോടനുബന്ധിച്ച് ഉണ്ടായ ഈ പ്രശ്‌നങ്ങള്‍ മൂലം വന്‍ സാമ്പത്തിക നഷ്ടമാണ് ക്ഷേത്രത്തിനും വിവിധ കാഴ്‌ച്ച കമ്മറ്റികള്‍ക്കും ഉത്സവത്തെ ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ട ചന്ത കച്ചവടക്കാര്‍ക്കും ഹോട്ടല്‍ ഉള്‍പ്പെടെയുള്ള മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്കും ഉണ്ടായിട്ടുള്ളത്. വര്‍ഷങ്ങളായി ക്ഷേത്ര വിശ്വാസികള്‍ വിവിധ കാഴ്ച കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കാഴ്ച സമര്‍പ്പണ ഘോഷയാത്ര കാണുന്നതിനായി ആയിരങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നത്.
ഉത്സവം തടസപ്പെടുത്താന്‍ നീക്കം നടത്തിയ സിപിഎം നേതൃത്വത്തിനെതിരെ അണികളില്‍ വ്യാപക പ്രതിക്ഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: