തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ കുരുക്കിലാക്കി എസ്എഫ്ഐ മുന്‍ നേതാവിന്റെ ശബ്ദരേഖ. എസ്എഫ്ഐ നേതൃത്വത്തില്‍ തുടരാന്‍ പ്രായം കുറച്ചു പറയാന്‍ ആനാവൂര്‍ നാഗപ്പന് ഉപദേശം നല്‍കിയെന്ന് മുന്‍ ജില്ലാ സെക്രട്ടറി ജെ.ജെ അഭിജിത്താണ് വെളിപ്പെടുത്തിയത്.
പല പ്രായം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ തനിക്കുണ്ട്. പ്രായം കുറച്ചുപറയാന്‍ ഉപദേശിച്ചത് സിപിഎം ജില്ലാ സെക്രട്ടറിയാണ്. ആര് ചോദിച്ചാലും പ്രായം 26 ആയെന്ന് പറയാന്‍ നാഗപ്പന് സഖാവ് പറഞ്ഞു. 26 വയസ് വരെ മാത്രേ എസ്എഫ്ഐയിൽ നിൽക്കാനാവൂ. എനിക്ക് 30 വയസായി. ഞാൻ 1992 ലാണ് ജനിച്ചത്. സംഘടനയില്‍ തന്നെ വെട്ടിനിരത്താന്‍ ആളില്ലെന്നും അഭിജിത്തിന്റെ ശബ്ദരേഖയില്‍ പറയുന്നു.
അതേസമയം, അഭിജിത്തിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ആനാവൂര്‍ നാഗപ്പന് രംഗത്തെത്തി. പ്രായം കുറച്ചു കാണിക്കാന്‍ താന്‍ ആരെയും ഉപദേശിച്ചിട്ടില്ലെന്ന് ആനാവൂര്‍ പറഞ്ഞു. ലഹരി വിരുദ്ധ കാമ്പയിനില്‍ പങ്കെടുത്ത ശേഷം ബാറില്‍ പോയി മദ്യപിച്ചതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ അഭിജിത്തിനെതിരെ സിപിഎമ്മും ഡിവൈഎഫ്ഐയും നടപടിയെടുത്തത്.
അഭിജിത്തിനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ സിപിഎം നേമം ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്റെ പേരിലും സിപിഎം നടപടി എടുത്ത നേതാവാണ് ജെ.ജെ അഭിജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: