അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം വീണ്ടും തനിനിറം കാണിച്ചിരിക്കുന്നു. ഇസ്ലാമിക വിരുദ്ധമെന്ന് പ്രഖ്യാപിച്ച് അഫ്ഗാനിലെ വനിതകള്‍ക്ക് സര്‍വകലാശാലകളില്‍ പ്രവേശനം വിലക്കിയിരിക്കുകയാണ്. വസ്ത്രധാരണം സംബന്ധിച്ച സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിക്കാത്തതിനെ തുടര്‍ന്നാണിത്. ഹിജാബും മറ്റും ശരിയായി ധരിക്കാതെ വിവാഹത്തിനു പോകുന്നവരെപ്പോലെയാണ് വനിതകള്‍ സര്‍വകലാശാലകളിലേക്ക് വരുന്നതെന്നാണ് താലിബാന്‍ സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. താലിബാന്‍ അധികാരത്തില്‍ വന്നിട്ട് പതിനാല് മാസമായെന്നും, വിദ്യാഭ്യാസം സംബന്ധിച്ച ഇസ്ലാമിക ഭരണകൂടത്തിന്റെ നിര്‍ദേശം ഇതുവരെ അഫ്ഗാന്‍ വനിതകള്‍ അനുസരിക്കുന്നില്ലെന്നും ഈ മന്ത്രി പരാതിപ്പെടുന്നു. എഞ്ചിനീയറിങ്ങും കൃഷിയും പോലുള്ള ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്നത് വിദ്യാര്‍ത്ഥിനികളുടെ അന്തസ്സിനും അഫ്ഗാനിസ്ഥാന്റെ സംസ്‌കാരത്തിനും യോജിച്ചതല്ലെന്നു കൂടി ഈ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. അഫ്ഗാനിലെ വനിതകള്‍ ഒറ്റയ്‌ക്ക് പുറത്തിറങ്ങരുതെന്നും, ആണ്‍തുണ വേണമെന്നുമാണ് താലിബാന്‍ ശാസന. ഇത് വനിതകള്‍ അനുസരിക്കാത്തതും താലിബാനെ ചൊടിപ്പിക്കുന്നു. വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷയെഴുതാന്‍ മൂന്നുമാസം മുന്‍പ് അനുവാദം നല്‍കിയിരുന്നു. അവര്‍ അധ്യാപകരും ഡോക്ടര്‍മാരുമൊക്കെയാവാന്‍ ആഗ്രഹിച്ചിരിക്കുമ്പോഴാണ് സര്‍വകലാശാല വിദ്യാഭ്യാസം തന്നെ വിലക്കിക്കൊണ്ട് പുതിയ മതശാസന വന്നിരിക്കുന്നത്.
അങ്ങേയറ്റം അപരിഷ്‌കൃതവും സ്ത്രീവിരുദ്ധവുമായ താലിബാന്‍ വാഴ്ചയുടെ പുതിയ വിലക്കിനെതിരെ വലിയ പ്രതിഷേധമാണ് അഫ്ഗാന്‍ വനിതകളില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്. ഇറാനിലെ വനിതകള്‍ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ മാതൃകയില്‍ അഫ്ഗാന്‍ വനിതകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയിരിക്കുകയാണ്. അവകാശങ്ങള്‍ എല്ലാവര്‍ക്കുമുള്ളതാണ്, അല്ലെങ്കില്‍ ആര്‍ക്കും വേണ്ട എന്ന മുദ്രാവാക്യം അഫ്ഗാന്‍ വീഥികളില്‍ അലയടിക്കുന്നു. പ്രതിഷേധിച്ച വനിതകളെ പോലീസ് കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. കാബൂള്‍ സര്‍വകലാശാലയിലേക്ക് നടത്താനിരുന്ന വനിതകളുടെ പ്രതിഷേധ മാര്‍ച്ച് വന്‍ സുരക്ഷാ സന്നാഹമൊരുക്കി തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. കാണ്ഡഹാറിലെ സര്‍വകലാശാലയില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികള്‍ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം മുഴക്കിയത് പ്രതിഷേധത്തിന്റെ വ്യാപ്തിക്ക് തെൡവാണ്. വിദ്യാര്‍ത്ഥിനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആണ്‍കുട്ടികള്‍ പരീക്ഷാഹാളില്‍നിന്ന് ഇറങ്ങിപ്പോവുകവരെ ചെയ്തിരിക്കുന്നു. താലിബാന്‍ ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധ നടപടിയെ ഇന്ത്യയുള്‍പ്പെടെ ലോകരാജ്യങ്ങള്‍ ശക്തമായി അപലപിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചത് അവരുടെ അവകാശത്തിന്റെ മാത്രമല്ല, ആ രാജ്യത്തിന്റെ ഭാവിയുടെ തന്നെ നിഷേധമാണെന്ന ഐക്യരാഷ്‌ട്ര സെക്രട്ടറി ജനറലിന്റെ പ്രസ്താവന ലോകത്തിന്റെ പൊതുവികാരമാണ് പ്രതിഫലിപ്പിക്കുന്നത്.
ഹിജാബ് വിരുദ്ധ പ്രക്ഷോഭം അലയടിക്കുന്ന ഇറാനില്‍ ഭരണകൂടം വനിതകളെ അടിച്ചമര്‍ത്തുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ യുഎന്‍ വസ്തുതാന്വേഷണ സംഘം ആ രാജ്യത്തേക്ക് പോകാന്‍ തീരുമാനിച്ചിരിക്കെയാണ് സമാനമായ അന്തരീക്ഷം അഫ്ഗാനിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ അഫ്ഗാന്‍ ഭരണകൂടം അതിന്റെ ശക്തി മുഴുവന്‍ ഉപയോഗിക്കുകയാണെന്നും, സ്ത്രീകള്‍ക്ക് ശ്വസിക്കാന്‍ അനുമതിയില്ലെന്നായിരിക്കും അടുത്ത പ്രഖ്യാപനമെന്നും പ്രതിഷേധക്കാര്‍ പറയുന്നതില്‍നിന്ന് എത്ര ഭീകരമാണ് അവസ്ഥയെന്ന് ലോകത്തിന് മനസ്സിലാക്കാനാവും. എന്നാല്‍ അഫ്ഗാനില്‍ ഇങ്ങനെയൊന്നും സംഭവിക്കുന്നില്ലെന്നും, സ്ഥിഗതികള്‍ സാധാരണ നിലയിലാണെന്നും കരുതുകയാണ് ഇന്ത്യയിലെ ലെഫ്റ്റ് ലിബറലുകളും ഇസ്ലാമികവാദികളും. ഭീകരാക്രമണത്തിലൂടെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതിനെ വിസ്മയമായി കണ്ടവരാണ് കേരളത്തിലെ ഇസ്ലാമിക മതമൗലികവാദികള്‍. അവര്‍ക്കും മിണ്ടാട്ടമില്ല. വിദ്യാര്‍ത്ഥിനികളെയും സ്ത്രീകളെയും പലതരത്തില്‍ അപമാനിക്കുകയും, അവര്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന മുസ്ലിംലീഗിനെയും സമസ്തയെയും പോലുള്ള സംഘടനകളുടെ നിശ്ശബ്ദത കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. തങ്ങള്‍ക്ക് പരമാധികാരം ലഭിച്ച അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ചെയ്യുന്നതാണ് ഇവരും ആഗ്രഹിക്കുന്നതെന്ന സത്യം കാണാതെ പോയാല്‍ അത് കേരളീയ സമൂഹത്തിലും ഇരുട്ടുനിറയ്‌ക്കും. ഇതിനെതിരെ ജാഗ്രത പാലിക്കുകയും മതമൗലികവാദികളെ ഒറ്റപ്പെടുത്തുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: