ചെന്നൈ: വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി വൈദ്യുതിച്ചാര്‍ജ്ജ് ഇനത്തില്‍, നല്കാനുള്ള 12.75 കോടി രൂപയെച്ചൊല്ലി കെഎസ്ഇബി സംസ്ഥാന സര്‍ക്കാരിനെതിരെ പരാതി നല്കി.
കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള റസല്യൂഷന്‍ പ്ലാന്‍ റദ്ദാക്കണമെന്നാണ് ആവശ്യം. വന്‍ നഷ്ടത്തിലായതോടെ കേന്ദ്രം അടച്ചു പൂട്ടിയ ന്യൂസ് പ്രിന്റ് ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. തങ്ങള്‍ക്ക് ലഭിക്കാനുള്ള കുടിശിക ഒറ്റത്തവണയായി ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ഇതുമായി ബന്ധപ്പെട്ടുള്ള റസല്യൂഷന്‍ പ്ലാനിന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ കൊച്ചി ബെഞ്ച് അനുമതി നല്കിയിരുന്നു. ഈ പ്ലാന്‍ റദ്ദാക്കാന്‍ ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിലാണ് കെഎസ്ഇബി അപ്പീല്‍ നല്കിയത്. കമ്പനി നല്കാനുള്ള 12.75 കോടി രൂപയെപ്പറ്റി പ്ലാനില്‍ പരാമര്‍ശമില്ലെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.
കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് 145 കോടി രൂപയ്‌ക്കാണ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കിന്‍ഫ്ര ഏറ്റെടുത്തത്. കുടിശിക എഴുതിത്തള്ളുന്നത് 2003-ലെ വൈദ്യുതി നിയമത്തിന് എതിരാണെന്നും പ്ലാന്‍ തയാറാക്കിയവര്‍ക്ക് നിയമപരമായ നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‌ച്ചപറ്റിയതായും കെഎസ്ഇബി ആരോപിക്കുന്നു.തങ്ങള്‍ക്ക് ലഭിക്കാനുള്ള തുക ഒറ്റ ഗഡുവായി ലഭിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: