ന്യൂദല്‍ഹി: 2022 ഡിസംബര്‍ ഏഴ് ബുധനാഴ്ച ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം 2022 ഡിസംബര്‍ 23 വെള്ളിയാഴ്ച്ച അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 2022ലെ ശീതകാല സമ്മേളനം 17 ദിവസങ്ങളിലായി 13 സിറ്റിങ്ങുകള്‍ നടത്തിയെന്ന്, കേന്ദ്ര പാര്‍ലമെന്ററി കാര്യ, കല്‍ക്കരി, ഖനി മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
2022 ഡിസംബര്‍ ഏഴ് മുതല്‍ 2022 ഡിസംബര്‍ 29 വരെ 17 സിറ്റിംഗുകള്‍ നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്ന സമ്മേളനം അവശ്യ ഗവണ്മെന്റ് നടപടികള്‍ പൂര്ത്തീകരിച്ചതിനാലും ഇരുസഭകളുടെയും ബിസിനസ് അഡൈ്വസറി കമ്മിറ്റി ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് വെട്ടിച്ചുരുക്കിയതെന്നും പാര്‍ലമെന്റ് വളപ്പില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ക്രിസ്മസ്/വര്‍ഷാന്ത്യ ആഘോഷങ്ങള്‍ക്കായുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ കക്ഷിഭേദമന്യേയുള്ള ആവശ്യങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ടാണ് ഇരു സഭകളുടെയും ബിഎസികള് ശുപാര്‍ശ നല്‍കിയത്.
കേന്ദ്ര പാര്‍ലമെന്ററി കാര്യ, സാംസ്കാരിക സഹമന്ത്രി അര്ജുന് റാം മേഘ്വാള്, കേന്ദ്ര പാര്‍ലമെന്ററി കാര്യ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ 9 ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ചതായും ജോഷി പറഞ്ഞു. 7 ബില്ലുകള്‍ ലോക്സഭയും 9 ബില്ലുകള്‍ രാജ്യസഭയും പാസാക്കി. സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ മൊത്തം ബില്ലുകളുടെ എണ്ണം 9 ആണ്.
‘രാജ്യത്തെ മയക്കുമരുന്ന് ദുരുപയോഗത്തിന്റെ പ്രശ്നവും അതിനായി ഗവണ്മെന്റ് സ്വീകരിച്ച നടപടികളും’, ‘ഇന്ത്യയില്‍ കായിക രംഗം പ്രോത്സാഹിപ്പിക്കേണ്ടത്തിന്റെ ആവശ്യകതയും ഗവണ്മെന്റ് സ്വീകരിച്ച നടപടികളും’ എന്നീ രണ്ട് വിഷയങ്ങളില്‍ ലോക്സഭയില്‍ ചട്ടം 193 പ്രകാരം ഹ്രസ്വ ചര്‍ച്ചകള്‍ നടന്നു. രാജ്യസഭയില്‍, ചട്ടം 176ന് കീഴില്‍ ‘ആഗോളതാപനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളും അത് നേരിടുന്നതിനുള്ള പരിഹാര നടപടികളുടെ ആവശ്യകതയും’ എന്ന വിഷയത്തില്‍ ഒരു ഹ്രസ്വ ചര്‍ച്ച നടന്നു.
ലോക്സഭയുടെ ഉത്പാദനക്ഷമത ഏകദേശം 97%വും രാജ്യസഭയുടേത് ഏകദേശം 103%വും ആയിരുന്നു. ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍, ലോക്സഭ പാസാക്കിയ ബില്ലുകള്‍, രാജ്യസഭ പാസാക്കിയ ബില്ലുകള്‍, ഇരുസഭകളും പാസാക്കിയ ബില്ലുകള്‍ എന്നിവയുടെ പട്ടിക അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: