ഷാരൂഖ്ഖാന്റെ പത്താന്‍ പ്രദര്‍ശനത്തിനെത്തും മുന്‍പേ വിവാദമായിരിക്കുന്നു. ദീപിക പദുക്കോണ്‍ കാവിനിറമുള്ള അല്‍പ്പവസ്ത്രമണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന നൃത്തരംഗം വൈറലായതാണ് കാരണം. ഗാനരംഗത്തിലെ ഈ ദൃശ്യം ബോധപൂര്‍വമാണെന്നും, ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും ചില കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നത് ബോളിവുഡിലെ ലെഫ്റ്റ് ലിബറലുകളെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നു. ‘നിങ്ങള്‍ സീറ്റ് ബെല്‍റ്റ് ഇടൂ, കാലാവസ്ഥ മോശമാകാന്‍ പോകുന്നു’ എന്ന പ്രതികരണവുമായി ഷാരൂഖ് ഖാന്‍ തന്നെ രംഗം കൊഴുപ്പിച്ചു. ഇങ്ങനെ ആത്മരോഷം പ്രകടിപ്പിച്ചുവെങ്കിലും കോടികള്‍ കൊണ്ടുവരാന്‍ പോകുന്ന ബോക്‌സ് ഓഫീസ് വിജയത്തിന് ഈ വിവാദം സഹായമാകുമെന്നതിന്റെ സന്തോഷമായിരുന്നു ഉള്ളിലെന്ന് ഷാരൂഖിനെയും ബോളിവുഡിനെയും അറിയുന്നവര്‍ക്ക് മനസ്സിലാവും.
ദീപികയുടെ ഗാനരംഗത്തില്‍ വിവാദ ദൃശ്യം ഉള്‍പ്പെടുത്തിയത് സ്വാഭാവികമാണെന്നു കരുതാന്‍ പ്രയാസമാണെങ്കിലും അതിനെതിരെ കേസെടുക്കണമോയെന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പക്ഷേ പ്രതിഷേധം ഹിന്ദുക്കള്‍ക്കായതിനാല്‍ ചിത്രത്തെ വിമര്‍ശിക്കാന്‍ പാടില്ലെന്ന നിലപാട് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.
സഹസ്രാബ്ദങ്ങളുടെ പാരമ്പര്യവും, ചരിത്രത്തിലുടനീളം ബഹുസ്വരതയെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഭാരതീയ സംസ്‌കാരത്തെ മോശമായി ചിത്രീകരിക്കാനുള്ള ഒരവസരവും ബോളിവുഡ് പാഴാക്കാറില്ല. ഭാരതത്തിന്റെ കരുത്തുറ്റ ‘സോഫ്റ്റ് പവ്വര്‍’ ആയി കരുതപ്പെടുന്ന ബോളിവുഡ് സിനിമകള്‍ പാശ്ചാത്യര്‍ക്ക് നമ്മുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ അറിയാനുള്ള പ്രവേശന കവാടമാണ്. ഇതു മനസ്സിലാക്കിയാണ് പല ഹിന്ദി സിനിമകളും ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ വികൃതമായി അവതരിപ്പിക്കുന്നത്. പാശ്ചാത്യ മൂല്യങ്ങളെയും സെമിറ്റിക് മതങ്ങളുടെ അസഹിഷ്ണുതയെയും മഹത്വവല്‍ക്കരിക്കാന്‍ ബോളിവുഡിനെ വന്‍തോതില്‍ ദുരുപയോഗിക്കുന്നു. ഈ പശ്ചാത്തലത്തില്‍ നിശിതമായി വിമര്‍ശിക്കപ്പെടേണ്ട സിനിമയാണ് പത്താന്‍.
ദീപിക പദുക്കോണിന്റെ അടിവസ്ത്രത്തിനപ്പുറം പത്താന്‍ എന്ന സിനിമയുടെ പ്രമേയം, മനസ്സിലാക്കാന്‍ കഴിഞ്ഞിടത്തോളം ചരിത്രത്തെ വളച്ചൊടിക്കുകയും വികൃതവല്‍ക്കരിക്കുകയും ചെയ്യുന്നതാണ്. ഇതൊരു തുടര്‍ച്ചയുമാണ്. മുസ്ലിങ്ങളില്‍പ്പെടുന്ന പത്താന്‍ വിഭാഗത്തിന്റെ കരുത്തും രാജ്യസ്‌നേഹവും ഉദാരതയും മതസഹിഷ്ണുതയുമൊക്കെ വരച്ചുകാട്ടുന്ന നിരവധി ഹിന്ദി സിനിമകളുണ്ട്.
വിഭജനകാലത്തെ വര്‍ഗീയ ലഹളകളില്‍ ഒരു ഹിന്ദു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു പത്താന്‍ സ്വന്തം മകന്റെ ജീവന്‍ ബലികഴിക്കുന്നതിന്റെ കഥ പറയുന്ന പൃഥ്വിരാജ് കപൂറിന്റെ പത്താന്‍ എന്ന പേരിലുള്ള നാടകമാണ് ഇതിന്റെ തുടക്കം. പൃഥ്വിരാജ് തന്നെയാണ് ഷേര്‍ ഖാന്‍ എന്നു പേരായ നായകനെ അവതരിപ്പിക്കുന്നത്. മകന്റെ വേഷത്തിലെത്തുന്നത് സ്വന്തം മകന്‍ തന്നെയായ ഷമ്മിയും.
പൃഥ്വിരാജിന്റെ മകന്‍ രാജ്കപൂര്‍ പ്രധാനവേഷത്തിലെത്തുന്ന ‘ഛലിയ’ പത്താനികളുടെ മഹത്വം വാഴ്‌ത്തുന്ന രണ്ടാമത്തെ ചിത്രമാണ്. ഇതില്‍ പ്രാണ്‍ അവതരിപ്പിക്കുന്ന അബ്ദുള്‍ റഹ്മാന്‍ ഖാന്‍ എന്ന പത്താനും വിഭജനകാലത്ത് മുസ്ലിം അക്രമികളില്‍ നിന്ന് ഹിന്ദു പെണ്‍കുട്ടികളെ രക്ഷിക്കുന്നു. ഇതിനു പിന്നാലെ ബല്‍രാജ് സാഹ്നി നായകനായ കാബൂളിവാല എന്ന പത്താന്‍ സിനിമ വന്നു. അബ്ദുള്‍ റഹ്മാന്‍ എന്നുതന്നെ പേരുള്ള ഈ സിനിമയിലെ പത്താന്‍ കഥാപാത്രവും ഒരു ഹിന്ദു പെണ്‍കുട്ടിയെ നിരുപാധികം സ്‌നേഹിക്കുകയാണ്. 1973ല്‍ സലീം ഖാനും ജാവേദ് അക്തറും ചേര്‍ന്ന് തിരക്കഥയെഴുതിയ സംജ്ജീര്‍ എന്ന സിനിമയിലുമുണ്ട് ധീരതയുടെയും വിശ്വസ്തയുടെയും പ്രതീകമായ ഒരു പത്താന്‍.
ചരിത്രവിരുദ്ധമായ ഈ പത്താന്‍ സിനിമകള്‍ ആഘോഷിക്കപ്പെട്ടു എന്നത് ഒരു വിരോധാഭാസമാണ്. വിഭജനകാലത്ത് ഹിന്ദുക്കള്‍ക്കെതിരെ പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ മനുഷ്യത്വഹീനമായ കൊടുംക്രൂരതകള്‍ ചെയ്തവരാണ് പത്താനികള്‍. കൊല്‍ക്കത്തയിലും പഞ്ചാബിലുമൊക്കെ ഇവര്‍ ചെയ്തുകൂട്ടിയ ക്രൂരതകളെക്കുറിച്ച് ത്രിപുര ഗവര്‍ണറായിരുന്ന തഥാഗത റോയ് ഉള്‍പ്പെടെ നിരവധി പേര്‍ എഴുതിയിട്ടുണ്ട്. ബംഗാളില്‍ ഹിന്ദുക്കളോട് ക്രൂരത പ്രവര്‍ത്തിക്കാന്‍ പോലീസിലേക്ക് പത്താനികളെ പ്രത്യേകമായി റിക്രൂട്ടു ചെയ്തിരുന്നു.
വിഭജനകാലത്ത് ജന്മനാട്ടില്‍ ഹിന്ദുക്കള്‍ക്കെതിരായ പത്താനികളുടെ ക്രൂരതകള്‍ അരങ്ങേറുമ്പോഴാണ് അന്നത്തെ ബോംബെയില്‍ പൃഥ്വിരാജ് പത്താന്‍ നാടകം അവതരിപ്പിച്ചത്. 1920കളില്‍ പെഷവാറില്‍നിന്ന് ബോംബെയില്‍ എത്തിയതാണ് പൃഥ്വിരാജിന്റെ കുടുംബം. എന്നിട്ടും യാഥാര്‍ത്ഥ്യം പറയാന്‍ കൂട്ടാക്കാതിരുന്ന ഈ നടനെ ആരും ചോദ്യം ചെയ്തില്ലെന്നു മാത്രമല്ല, മതമൈത്രിയുടെ സന്ദേശം നല്‍കുന്നതാണ് ഈ നാടകമെന്ന് ഇസ്ലാമിക മതമൗലികവാദികളും ഇടതുലിബറലുകളും പ്രശംസിക്കുകയും ചെയ്യുന്നു.
പൃഥ്വിരാജിന്റെ കുടുംബം പഞ്ചാബിലെ ഖത്രി വിഭാഗം ഹിന്ദുക്കളാണ്. പക്ഷേ പെഷവാറിലെ പൂര്‍വികര്‍ ‘പഷ്‌തോ’ ഭാഷ സംസാരിക്കുന്നതിനാല്‍ പത്താനികളാണ് തങ്ങളെന്ന് ഇവര്‍ സ്വയം കരുതുകയാണ്! ആത്മാഭിമാനം വിലയ്‌ക്കു വാങ്ങാനാവില്ലല്ലോ. പൃഥ്വിരാജിന്റെ സഹോദര പുത്രനായ അനില്‍ കപൂര്‍ 2009 ല്‍ ഒരു പാക് മാധ്യമത്തോട് പറഞ്ഞത് താന്‍ ഒരു പത്താനാണെന്നും തന്റെ മീശ അതിന് തെളിവാണെന്നുമാണ്. ബംഗ്ലാദേശ് രൂപീകരണത്തിലേക്ക് നയിച്ച 1971 ലെ യുദ്ധകാലത്തും പത്താനികള്‍ ഹിന്ദുക്കള്‍ക്കെതിരെ സഹജമായ ക്രൂരതകള്‍ പുറത്തെടുത്തു. അതേ വര്‍ഷമാണ് പ്രാണ്‍ അഭിനയിച്ച പത്താന്‍ സിനിമ വരുന്നത്. ഈ കഥാപാത്രം പക്ഷേ വളരെ ദയാലുവാണ്. പത്താനികള്‍ക്ക് പ്രാമുഖ്യമുള്ള താലിബാനികള്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിക്കുകയും, അവിടത്തെ ഹിന്ദുക്കളും സിഖുകാരും ജീവനുംകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്ന അവസരത്തില്‍ പ്രാണിന്റെ ഈ പത്താന്‍ കഥാപാത്രത്തെ വാഴ്‌ത്തി ശശി തരൂര്‍ എഴുതുകയുണ്ടായി.
2022 ലും വന്നു ഒരു പത്താന്‍ സിനിമ. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ഗംഗുബായ് കത്തിയവാഡി. കുപ്രസിദ്ധ പത്താന്‍ മാഫിയ തലവന്‍ കരിംലാല എന്ന അബ്ദുള്‍ കരിം ഷേര്‍ ഖാനെ നല്ലവനായി അവതരിപ്പിക്കുന്നതായിരുന്നു ചിത്രം. അജയ് ദേവ്ഗണ്‍ അവതരിപ്പിച്ച കരിംലാല എന്ന ഈ കഥാപാത്രവും ഗംഗുബായ് എന്ന പെണ്‍കുട്ടിയെ അവള്‍ അകപ്പെട്ട വേശ്യാലയത്തില്‍നിന്ന് രക്ഷിക്കുകയാണ്. പതിറ്റാണ്ടുകളായി കൊള്ളയും കൊലയും ചൂതാട്ടവും മയക്കുമരുന്നു കടത്തും മദ്യവ്യാപാരവുമൊക്കെയായി മുംബൈ അധോലോകത്തെ അടക്കിവാഴുന്ന പത്താനികളില്‍പ്പെടുന്ന ഒരു കണ്ണിയാണ് കരിം ലാലയും. ഈ ചരിത്രത്തെയാണ് ഒന്നിനു പുറകെ ഒന്നായി വന്ന ഹിന്ദി സിനിമകള്‍ വെള്ളപൂശിയത്. ഷാരൂഖ് ഖാന്റെ പത്താനും ഇതില്‍നിന്ന് വ്യത്യസ്തമായിരിക്കില്ലെന്ന് ഉറപ്പിക്കാം. അതിനാല്‍ ചര്‍ച്ചയാവേണ്ടത് ദീപികയുടെ അല്‍പ്പവസ്ത്രമല്ല, പത്താന്‍ സിനിമകളുടെ ചരിത്രനിഷേധവും കലാപരമായ കാപട്യവുമാണ്.
പത്താന്‍ വിമര്‍ശിക്കപ്പെടാന്‍ പാടില്ലെന്നും, അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാണെന്നും വാദിക്കുന്നവരില്‍ അമിതാഭ് ബച്ചന്‍ വരെ ഉള്‍പ്പെടുന്നു. പത്താന്‍ ചിത്രത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നതില്‍ ഷാരൂഖ് ഖാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കൊല്‍ക്കത്തയിലെ ഒരു വേദിയില്‍ അമിതാഭ് ബച്ചനും ആശങ്ക രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇതേ ബച്ചനും ഖാനുമൊന്നും ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ ആസൂത്രിതമായി വിമര്‍ശിക്കപ്പെട്ടപ്പോള്‍ മൗനം പാലിക്കുകയായിരുന്നു.
2022ല്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടുകയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുകയും ചെയ്ത ചിത്രമാണ് വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീര്‍ ഫയല്‍സ്. ലെഫ്റ്റ് ലിബറലുകള്‍ക്കൊപ്പം ഈ ചിത്രത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടവരില്‍ ബോളിവുഡിലെ മുന്‍നിരക്കാരായ പലരുമുണ്ട്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഇസ്ലാമിക ഭീകരവാദികളില്‍നിന്നും, അവരോട് അനുഭാവം പുലര്‍ത്തുന്ന രാഷ്‌ട്രീയ പാര്‍ട്ടികളില്‍നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും, പിന്നീടുണ്ടായ പലായനത്തെക്കുറിച്ചും പറയുന്ന സിനിമയാണ് കശ്മീര്‍ ഫയല്‍സ്. എന്നിട്ടും അത് സംവിധായകനായ അഗ്നിഹോത്രിയുടെ ഭാവനാസൃഷ്ടിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടന്നു. കശ്മീരിലെ സംഭവവികാസങ്ങളെക്കുറിച്ച് കാര്യമായ ധാരണകളൊന്നുമില്ലാതെ, കശ്മീര്‍ ഫയല്‍സ് കാണുകപോലും ചെയ്യാത്ത ചിലരും മലയാള മാധ്യമങ്ങളിലിരുന്ന് വിവേക് അഗ്നിഹോത്രിയെ കടന്നാക്രമിച്ചു. ഇവര്‍ ഇപ്പോള്‍ പത്താന്‍ സിനിമയ്‌ക്ക് പച്ചയും ചുവപ്പും പരവതാനികള്‍ വിരിച്ചുകഴിഞ്ഞു.
കശ്മീരിലെ കഠിന യാഥാര്‍ത്ഥ്യങ്ങളാണ് വിവേക് അഗ്നിഹോത്രി ഉള്ളുപൊള്ളുന്ന കാഴ്ചകളാക്കിയത്. എതിര്‍പ്പുകളെയും വിലക്കുകളെയും ബഹിഷ്‌കരണത്തെയും കുപ്രചാരണങ്ങളെയും കുശുകുശുപ്പുകളെയും മറികടന്ന് കശ്മീര്‍ ഫയല്‍സ് ആഗോളതലത്തില്‍ പ്രേക്ഷക സ്വീകാര്യത നേടി. ഇന്ത്യയില്‍നിന്ന് വ്യത്യസ്തമായി ഇടവേളയില്ലാതെ പ്രദര്‍ശിപ്പിച്ച അമേരിക്കയില്‍ ചിത്രം ഉണ്ടാക്കിയ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു. നടുക്കവും തേങ്ങലുകളും നിറഞ്ഞ മൂന്നുമണിക്കൂര്‍ നേരം കശ്മീരിനെ സംബന്ധിക്കുന്ന സത്യം പ്രേക്ഷകര്‍ അനുഭവിക്കുകയായിരുന്നു.
കശ്മീര്‍ ഫയല്‍സിന് ലഭിച്ച സ്വീകാര്യതയെ അന്താരാഷ്‌ട്ര തലത്തില്‍തന്നെ പ്രതിരോധിക്കാന്‍ നടത്തിയ ശ്രമമാണ് ഇസ്രായേലി സംവിധായകനും ഐഎഫ്എഫ്‌ഐ ജൂറി ചെയര്‍മാനുമായ നദവ് ലാപിഡ് ഈ ചിത്രത്തിനും സംവിധായകനുമെതിരെ നടത്തിയ നിലവാരമില്ലാത്ത വിമര്‍ശനം. എത്ര വസ്തുതാവിരുദ്ധവും പ്രകോപനപരവുമാണെങ്കിലും പറയാന്‍ തീരുമാനിച്ചത് പറഞ്ഞേക്കുക. പിന്നീട് അത് വിമര്‍ശിക്കപ്പെടുകയോ അടിസ്ഥാനരഹിതമെന്ന് തെളിയിക്കപ്പെടുകയോ ചെയ്താലും പ്രശ്‌നമില്ല. സത്യാനന്തര കാലത്തെ പുതിയൊരു ആഖ്യാന തന്ത്രമാണിത്. വിമര്‍ശനത്തെ തുടര്‍ന്ന് പരാമര്‍ശം പിന്‍വലിച്ചെങ്കിലും ലാപിഡിനെക്കൊണ്ട് ഇതു പറയിപ്പിച്ചത് ലെഫ്റ്റ് ലിബറലുകള്‍ തന്നെയാണ്. ഇവരെയാണ് തുറന്നുകാട്ടേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: