ലഹരിവിപത്തിനെ നേരിടാന്‍ പാര്‍ലമെന്റ് ഭരണ-പ്രതിപക്ഷഭേദമെന്യേ സംയുക്തമായി പ്രമേയം പാസാക്കിയെന്നത് ശുഭോദര്‍ക്കമായ കാര്യമാണ്. രാജ്യം നേരിടുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമ്പോള്‍ രാഷ്‌ട്രീയപ്രേരിതമായി അതിനോട് സഹകരിക്കാതിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സമീപനം ഇക്കാര്യത്തില്‍ ഉണ്ടാവാതിരുന്നതിനെ സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നു. പാര്‍ലമെന്റിലെ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മയക്കുമരുന്നു കടത്തും ഭീകരവാദവുമായുള്ള ബന്ധത്തെക്കുറിച്ചും, പാക്കിസ്ഥാന്‍ വഴിയും ഗള്‍ഫ് രാജ്യങ്ങള്‍ വഴിയും ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തുന്നതിനെക്കുറിച്ചും വിശദീകരിക്കുകയുണ്ടായി. മയക്കുമരുന്ന് കടത്ത് മുന്‍കാലങ്ങളില്‍ കണ്ടിരുന്നതുപോല ഏതെങ്കിലുമൊരു പ്രദേശത്തെ സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന കുറ്റകൃത്യമല്ല. മയക്കുമരുന്നു കടത്തും ഭീകരപ്രവര്‍ത്തനവും പരസ്പരം സഹായിക്കുന്നത് എങ്ങനെയെന്ന് ഭീകരവാദത്തെ നേരിടുന്നതിനുള്ള തന്ത്രങ്ങള്‍ക്ക് രൂപംനല്‍കുന്നവര്‍ വിശദീകരിച്ചിട്ടുണ്ട്. ആഗോള ഇസ്ലാമിക ഭീകരസംഘടനകളുടെ ഫണ്ടിങ്ങിന് മയക്കുമരുന്ന് വ്യാപാരം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് പഠനങ്ങളുണ്ട്. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികള്‍ പിടിയിലാവുന്ന കേരളത്തില്‍ ഈ പഠനങ്ങള്‍ പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു. മയക്കുമരുന്നിന്റെ ദുരുപയോഗം ഏറ്റവും കൂടുതല്‍ നടക്കുന്നത് പഞ്ചാബിലാണെന്നതാണ് പൊതുധാരണയെങ്കിലും മഹാരാഷ്‌ട്ര കഴിഞ്ഞാല്‍ മയക്കുമരുന്നിന് അടിമയായുള്ള ആത്മഹത്യകള്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണെന്ന് പഠനങ്ങളില്‍ കാണുന്നു.
കേരളത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെങ്കിലും മയക്കുമരുന്നും ഭീകരവാദവും തമ്മിലെ ബന്ധം ഇവിടെ വലിയ ആശങ്കയല്ല. ഇതിനെക്കുറിച്ച് കാര്യമായ ചര്‍ച്ചയും നടക്കുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങളായാണ് മയക്കുമരുന്ന് കടത്തിനെ കാണുന്നത്. മയക്കുമരുന്ന് കടത്തില്‍ ഗള്‍ഫ് മേഖലയുമായുള്ള ബന്ധം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്. അഫ്ഗാനില്‍നിന്നുള്ള മയക്കുമരുന്ന് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന ശൃംഖലയെക്കുറിച്ച് അധികൃതര്‍ അന്വേഷിച്ചിട്ടുള്ളതാണ്. തിരുവനന്തപുരം, കോഴിക്കോട്, വിമാനത്താവളങ്ങള്‍ വഴി മയക്കുമരുന്ന് കടത്തുന്നുണ്ടെന്നും, ഇത് നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഹാഷിഷ് ഓയില്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ എത്തിക്കുന്നതിന്റെ കൈമാറ്റ കേന്ദ്രമായി കേരളം മാറുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാജ്യാന്തര ബന്ധമുണ്ട്. ഖത്തര്‍, സൗദിഅറേബ്യ, കേരളം, ബെംഗളൂരു എന്നിവിടങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ടവര്‍ കേന്ദ്രീകരിച്ചിട്ടുള്ളതെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. മയക്കുമരുന്നുകള്‍ക്ക് അടിമകളാവുന്നവര്‍ ഇരകളാണെന്നും, അവരെ അതില്‍നിന്ന് മോചിപ്പിക്കാന്‍ രാജ്യത്ത് നൂറുകണക്കിന് ഡി-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അമിത്ഷാ പാര്‍ലമെന്റിനെ അറിയിക്കുകയുണ്ടായി. എന്നാല്‍ മയക്കുമരുന്നു കടത്തുകാരെയും വിതരണക്കാരെയും കര്‍ശനമായി നേരിടുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു.
ഖത്തര്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ശൃംഖലയ്‌ക്ക് കാസര്‍കോഡ്, കണ്ണൂര്‍ എന്നിവിടങ്ങളിലെ കള്ളക്കടത്തുകാരുമായാണത്രേ ബന്ധം. ലഹരി ഉപയോഗത്തില്‍ അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബ് നേരിടുന്ന പ്രശ്‌നങ്ങള്‍ വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. ഒരു രാജ്യവുമായും അതിര്‍ത്തി പങ്കിടാത്ത കേരളത്തിലും എല്ലാതരത്തിലുള്ള മയക്കുമരുന്നുകളും ലഭ്യമാണ്. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന് ഇതിനെതിരെ നടപടികളെടുക്കാന്‍ പരിമിതികളുണ്ട്. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ യുവാക്കളെ മയക്കുമരുന്നിന്റെ അടിമകളാക്കിയാല്‍ മതിയെന്ന് കരുതുന്ന വൈദേശിക ശക്തികളുടെ ഗൂഢാലോചന കേരളത്തിലെ ലഹരിക്കടത്തിനു പിന്നിലുണ്ട്. അരാജകമായ ആശയങ്ങള്‍ കലാലയങ്ങളില്‍ പ്രചരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ മയക്കുമരുന്നിന് അടിമകളാക്കിയാല്‍ മതിയെന്ന് തീവ്രവാദികള്‍ കരുതുന്നു. മയക്കുമരുന്ന് കടത്ത്, വ്യാജകറന്‍സി, ഭീകരപ്രവര്‍ത്തനം എന്നിവ ഒരു ശൃംഖലയായാണ് പ്രവത്തിക്കുന്നതെന്ന് മയക്കുമരുന്ന് കേസിലെ ഒരു പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് കേരള ഹൈക്കോടതി അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. കേന്ദ്ര ഏജന്‍സികള്‍ മയക്കുമരുന്നു കടത്തിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ പശ്ചിമ ബംഗാളിനെപ്പോലുള്ള സംസ്ഥാനങ്ങള്‍ അനാവശ്യമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു. മയക്കുമരുന്നുകള്‍ കൈവശം വയ്‌ക്കുന്നവരും വിതരണം ചെയ്യുന്നവരും നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുന്നതിനെതിരെ അടുത്തിടെ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഏതുതരം മയക്കുമരുന്നായാലും പ്രതികള്‍ ശിക്ഷാര്‍ഹരാണെന്നായിരുന്നു ഈ വിധി. മയക്കുമരുന്നിനെതിരെ ഫലപ്രദമായ നടപടികളെടുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കരങ്ങള്‍ക്ക് ശക്തി പകരുന്ന വിധിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: