ന്യൂദല്‍ഹി: ലോകമെമ്പാടും കോവിഡ് കേസുകളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ കര്‍ശനമായും മാസ്ക് ധരിക്കാനും പരിശോധനകള്‍ കര്‍ശനമാക്കാനും പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശം. ചൈന, യുഎസ്, ജപ്പാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ തോതിലാണ് കോവിഡ് പടര്‍ന്നു പിടിക്കുന്നത്.
ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡ്യ നടത്തിയ കോവിഡ് സാഹര്യങ്ങള്‍ വിലയിരുത്തുന്ന യോഗത്തിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി മോദി സംസ്ഥാനങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തത്. “തിരക്കുള്ള പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിച്ചേ തീരൂ.ഒരു കാരണവശാലും ജനങ്ങള്‍ അലംഭാവം കാണിക്കരുതെന്നും മോദി പ്രത്യേകം നിര്‍ദേശിച്ചു. രോഗബാധയ്ക്ക് സാധ്യതയുള് പ്രായമേറിയവര്‍ക്കും അപകടസാധ്യതയേറിയവരിലും മുന്‍കരുതല്‍ ഡോസുകള്‍ നല്‍കുന്നത് പ്രോത്സാഹിപ്പിക്കണം”- പ്രധാനമന്ത്രി പറഞ്ഞു.
“ഇന്ത്യയില്‍ ഈ ആഴ്ച വെറും 153 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ലോകമെമ്പാടും കഴിഞ്ഞ ആറാഴ്ചയായി ദിവസേന 5.9 ലക്ഷം പേര്‍ക്ക് കോവിഡ് ബാധ ഉണ്ടാകുന്നുണ്ട്. കോവിഡ് അടിസ്ഥാനസൗകര്യങ്ങള്‍ എല്ലാ രീതിയിലും സജീവമാക്കി നിര്‍ത്തണം. ഇതിനാവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളും ആരോഗ്യപ്രവര്‍ത്തകരെയും ഒരുക്കി നിര്‍ത്തണം. ഓക്സിജന്‍ സിലിണ്ടറുകളും പിഎസ് എ പ്ലാന്റുകളും വെന്റിലേറ്ററുകളും തയ്യാറാക്കി നിര്‍ത്തണം.”- യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.
അതുപോലെ മരുന്ന്, വാക്സിനുകള്‍, ആശുപത്രികിടക്കകള്‍ എന്നിവ മതിയായ അളവില്‍ സൂക്ഷിക്കാനും യോഗത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതുപോലെ അവശ്യമരുന്നുകളുടെ വിലനിയന്ത്രണം പാലിക്കപ്പെടുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കാനും ധാരണയായിട്ടുണ്ട്.
ഒമിക്രോണ്‍ ബിഎഫ് 7 എന്ന പുതിയ വകഭേദം വലിയ തലവേദനയാവുകയാണ്. ചൈനയില്‍ ഒമിക്രോണ്‍ വകഭേദമായ എക്സ് ബിബി ആണ് വലിയ തലവേദന സൃഷ്ടിക്കുന്നത്. ചൈനയില്‍ ആരോഗ്യസംവിധാനം തകിടം മറിഞ്ഞു. പല ആശുപത്രികളിലും കിടക്കകളോ മതിയായ ആരോഗ്യപ്രവര്‍ത്തകരോ ഇല്ല. ശ്മശാനങ്ങള്‍ മൃതദേഹങ്ങളാല്‍ നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ്. ഇന്ത്യയില്‍ ഇതുവരെ നാല് ഒമിക്രോണ്‍ ബിഎഫ്7 കേസുകളേ സ്ഥിരീകരിച്ചിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: