ജിജേഷ് ചുഴലി
കോഴിക്കോട്: എട്ടാം ക്ലാസ് മലയാളം രണ്ടാംഭാഗം അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് ജ്യോതിഷവും ജ്യോത്സ്യന്മാരും വഞ്ചിക്കുന്നുവെന്ന് ഉത്തരമെഴുതാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്ന ചോദ്യം. ചൊവ്വാഴ്ചത്തെ മലയാളം രണ്ടാം പേപ്പറിന്റെ ചോദ്യപ്പേപ്പറിലാണിത്. ചട്ടവിരുദ്ധവും സാമൂഹ്യവിരുദ്ധവുമാണ് വിവേചനപരമായ ഈ ചോദ്യമെന്ന വിവാദം ഉയര്‍ന്നുകഴിഞ്ഞു. ബോധപൂര്‍വം വിവാദമുണ്ടാക്കാന്‍ സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും ശ്രമിച്ചുവെന്നാണ് വിശദീകരിക്കപ്പെടുന്നത്.
ജ്യോതിഷവും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെയും അവരുടെ കുടുംബത്തെയും സമൂഹത്തിന് മുന്നില്‍ തരം താഴ്ത്തുന്നതാണ് ഈ നടപടിയെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. കുഞ്ചന്‍ നമ്പ്യാരുടെ ധ്രുവചരിതം തുള്ളലിലെ ഒരു ഭാഗം ‘കാലനില്ലാത്ത കാലം’ എന്ന പേരില്‍ എട്ടാം ക്ലാസില്‍ പഠിക്കാനുണ്ട്. അതില്‍, ‘ജ്യോതിഷശാസ്ത്രം പഠിച്ചവര്‍ മിക്കതും പാതിരാജ്യം കൈക്കലാക്കാന്‍ തടവില്ല ജാതകം നോക്കീട്ടവര്‍ പറഞ്ഞീടുന്ന കൈതവം കേട്ടാല്‍ കൊടുക്കും പല വസ്തു’ എന്ന ഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യത്തിലാണ്, ”ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്ന ജനസമൂഹത്തെ ഇന്നും കാണാന്‍ കഴിയുന്നില്ലേ? വരികളിലെ ആശയവും സമകാലിക സംഭവങ്ങളും പരിഗണിച്ച് ‘അന്ധവിശ്വാസവും പുതുതലമുറയും’ എന്ന വിഷയത്തില്‍ പ്രഭാഷണം തയാറാക്കുക.’ എന്നാണാവശ്യപ്പെട്ടിരിക്കുന്നത്.
കുട്ടികള്‍ക്ക് ഇഷ്ടാനുസരണം ഉത്തരമെഴുതാനുള്ള അവസരം ഇല്ലാതാക്കി, ജ്യോതിഷത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഉത്തരമെഴുതിക്കാന്‍ നിര്‍ബന്ധിക്കുന്നതാണ് ചോദ്യം. ഇത് പരീക്ഷയുടെ മാനദണ്ഡത്തിനോ, ലക്ഷ്യത്തിനോ നിരക്കാത്തതാണുതാനും. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ തയാറാക്കിയ പൊതുവിദ്യാഭ്യാസ വകുപ്പ് രാഷ്ട്രീയ കാഴ്ചപ്പാട് പരീക്ഷയിലൂടെയും വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: