പത്തനംതിട്ട: ശബരിമലയില്‍ പതിനെട്ടാം പടി ചവിട്ടി സ്വാമിയെ തൊഴാന്‍ പലരും എത്തുന്നത് പ്രതിബന്ധങ്ങള്‍ ഏറെ തരണം ചെയ്ത്. ശരണമന്ത്രങ്ങള്‍ അവരുടെ മനസ്സിന് ബലമേകുന്നു, സ്വാമിയുടെ അനുഗ്രഹം നല്കുന്ന കരുത്തില്‍ ഒരോ വര്‍ഷവും താണ്ടി അവര്‍ വീണ്ടും അയ്യപ്പസന്നിധിപൂകാന് എത്തുന്നു.
കറയില്ലാത്ത ഭക്തിയുടെ ആള്‍രൂപങ്ങളാണ് കണ്ണൂരില്‍ നിന്നും 98ാം വയസ്സിലും പതിനെട്ടാം പടി കയറാനെത്തിയ ദേവു അമ്മയും ജ്യേഷ്ഠന് രവി നായികിനെയും തോളിലേറ്റി അയ്യപ്പസന്നിധിയില്‍ എത്തുന്ന അനുജന് രാം നായിക്കും. പോളിയോ ബാധിച്ചാണ് ആന്ധ്രക്കാരനായ രവി നായിക്കിന്റെ ഇരു കാലുകളും തളര്‍ന്നത്. അയല്പ്പക്കത്തുള്ളവര് ശബരിമലയില്‍ പോകുന്നത് കണ്ടപ്പോഴാണ് രവിനായിക്കിനും മനസ്സില്‍ ആഗ്രഹം തോന്നിയത്. അനുജന് രാം നായിക്ക് ജ്യേഷ്ഠന്റെ ആഗ്രഹസാഫല്യത്തിന് തയ്യാറായി രംഗത്തെത്തി. 40 ദിവസത്തെ കഠിനവ്രതത്തിന് ശേഷമാണ് ഇരുവരും അയ്യപ്പദര്‍ശനത്തിനെത്തിയത്. പക്ഷെ യാത്രയിലുടനീളം 55 കിലോ ഭാരമുള്ള ജ്യേഷ്ഠനെ അനുജന് തോളില്‍ ചുമന്നാണ് കൊണ്ടുപോയത്. പമ്പയില്‍ നിന്നും ഡോളിയില്‍ പതിനെട്ടാം പടിയിലേക്ക് പോകാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും 6500 എന്ന പൊള്ളുന്ന കൂലി കേട്ടപ്പോള്‍ വേണ്ടെന്ന് വെച്ചു. അങ്ങിനെയാണ് ജ്യേഷ്ടനെ അനുജന് തോളിലേറ്റിയത്. അനുജന്റെ ചുമലില്‍ ഇരുന്ന് സ്വാമിദര്‍ശനം നടത്തിയപ്പോള്‍ രവി നായക്കിന്റെ കണ്ണൂകള്‍ ഈറനായി…..
ഇതുപോലെയാണ് 99 കാരി ദേവു അമ്മയുടെ കഥയും. ദേവു അമ്മ ഇക്കുറി പതിനെട്ടാം പടി കയറി സ്വാമിയെ ദര്ശിച്ചപ്പോള് പൂര്‍ത്തിയാക്കിയത് 25ാമത്തെ കരിമലകയറ്റമാണ്. എല്ലാ മണ്ഡലക്കാലത്തും ദേവു അമ്മ വസ്ത്രം മാറും. പിന്നെ വ്രതനിഷ്ഠയുടെ നാളുകളാണ്. ഇക്കുറി 30 അംഗ അയ്യപ്പസംഘത്തിന്റെ ഗുരുസ്വാമിയായിരുന്നു ദേവു അമ്മ. ഇക്കുറിയും നീലമല നടന്നുകയറിത്തന്നെയാണ് ദേവു അമ്മ സ്വാമിയെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: