തിരുവനന്തപുരം: ലോകത്തിലെ തന്നെ ഏറ്റവും കൂടുതലും പഴക്കമുള്ളതുമായ താളിയോല രേഖകള്‍ അടങ്ങിയ സംസ്ഥാന പുരാരേഖ വകുപ്പിന്റെ താളിയോല രേഖാ മ്യൂസിയം തിരുവനന്തപുരം സെന്‍ട്രല്‍ ആര്‍ക്കൈവ്സ് ഫോര്‍ട്ടില്‍ ഡിസംബര്‍ 22 നാടിന് സമര്‍പ്പിക്കുന്നു. ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന് മ്യൂസിയം ഉദ്ഘാടനം നിര്‍വഹിക്കും. സെന്‍ട്രല്‍ ആര്‍ക്കൈവ്സ്, പുരാരേഖാ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ച താളിയോലകളില്‍ നിന്ന് തെരഞ്ഞെടുത്ത അമൂല്യങ്ങളായ 187 രേഖകളാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
മൂന്നാം നൂറ്റാണ്ട് മുതലുള്ള താളിയോലകള്‍ ഇതിലുണ്ട്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ രാജ്യങ്ങളുടെ സമഗ്ര ചരിത്രം വെളിവാക്കുന്ന അത്യപൂര്‍വ്വ രേഖകളാണ് ഇതില്‍ പലതും. കോടിക്കണക്കായ പേപ്പര്‍ രേഖകള്‍ക്ക് പുറമേ താളിയോലകള്‍, ചെപ്പേടുകള്‍, മുളക്കരണങ്ങള്‍ എന്നിവയും ശേഖരത്തില്‍ ഉള്‍പ്പെടുന്നു. പതിനായിരത്തിലേറെ ചുരുളുകളില്‍ ആയി ഒന്നരക്കോടിയോളം താളിയോല രേഖകള്‍ ആണ് പുരാരേഖാ വകുപ്പ് സൂക്ഷിച്ചു വരുന്നത്. പ്രാചീന ലിപികള്‍ ആയ വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ എന്നിവയിലും പ്രാചീന മലയാളം, തമിഴ് എന്നിവയിലും എഴുതപ്പെട്ട ഈ താളിയോല രേഖകളിലെ ഉള്ളടക്കം ആളുകള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ മലയാളത്തില്‍ വിവരിച്ചിട്ടുണ്ട്.
തിരുവനന്തപുരം മേഖലാ ഓഫീസ് ആയ സെന്‍ട്രല്‍ ആര്‍ക്കൈവ്സ് മന്ദിരത്തില്‍ മൂന്ന് കോടി രൂപ ചെലവിട്ട് 6000 ചതുരശ്ര അടിയില്‍ എട്ട് ഗാലറികളില്‍ ആയിട്ടാണ് താളിയോല രേഖാ മ്യൂസിയം ഒരുക്കിയിട്ടുള്ളതെന്ന് സംസ്ഥാന പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. വിഷയാധിഷ്ഠിതമായി എട്ട് ഗാലറികളിലായിട്ടാണ് താളിയോലകള്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ എഴുത്ത് ലിപികള്‍, 300 വര്‍ഷം പഴക്കമുള്ള ആര്‍ക്കൈവ്സ് കെട്ടിടത്തിന്റെ ചരിത്രം, ഭൂമി ഇടപാടുകള്‍, യുദ്ധവും സമാധാനവും, വിദ്യാഭ്യാസവും ആരോഗ്യവും, സ്ത്രീശാക്തീകരണം, ഭരണസംവിധാനം, സ്കൂള്‍ ആരംഭം, മതിലകം രേഖകള്‍ എന്നിങ്ങനെയാണ് വിവിധ ഗാലറികള്‍.
പ്രധാന താളിയോല രേഖകളില്‍ 180 വര്‍ഷം മുമ്പ് ആശുപത്രിക്കായി പണം നീക്കിവെച്ച ഭരണാധികാരിയുടെ ഉത്തരവും 150 വര്‍ഷം മുന്‍പ് ഇംഗ്ലീഷ് വിഭാഗത്തിനായി പണം മാറ്റിവെച്ച ഉത്തരവും ബംഗാള്‍ ക്ഷാമകാലത്ത് ഇവിടെ നിന്ന് ധനസഹായം നല്‍കിയതിന്റെ രേഖകളും ഉള്‍പ്പെടുന്നു. കൊല്ലവര്‍ഷം 1039 ലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, കൊല്ലവര്‍ഷം 984 ലെ വേലുത്തമ്പിദളവയുടെ തിരോധാനം, കൊല്ലവര്‍ഷം 1060 ല്‍ രാജ്യത്തെ സ്ത്രീകളെ വൈദ്യശാസ്ത്രം പഠിപ്പിക്കുന്നതിനുള്ള സംഭാവന നല്‍കിയത് എന്നിവയെക്കുറിച്ചെല്ലാം വ്യക്തമാക്കുന്ന അനവധി അപൂര്‍വ്വ രേഖകളുണ്ട്.
ഈ കൂട്ടത്തില്‍ വസൂരിക്കാലത്ത് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിച്ചിരുന്നത് വ്യക്തമാക്കുന്ന രേഖയും ഉള്‍പ്പെടുന്നു. 300 വര്‍ഷം പഴക്കമുള്ള സെന്‍ട്രല്‍ ആര്‍ക്കൈവ്സ് മന്ദിരം തന്നെ ഒരു ചരിത്രമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി ചൂണ്ടിക്കാട്ടി. 200 വര്‍ഷം മുമ്പ് തടവറയായിരുന്ന അതേ കെട്ടിടമാണ് ഇന്ന് അറിവിന്റെ നിലവറയായി മാറിയിരിക്കുന്നത്.
ചരിത്രകാരന്മാരിലും ഗവേഷകരിലും ഒതുങ്ങിനിന്നിരുന്ന സമഗ്ര ചരിത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടിയും പുതുതലമുറയ്ക്ക് ചരിത്രത്തില്‍ താല്പര്യം ജനിപ്പിക്കാന്‍ വേണ്ടിയുമാണ് മ്യൂസിയമെന്ന് മന്ത്രി ദേവര്‍കോവില്‍ വ്യക്തമാക്കി. ഉദ്ഘാടനശേഷം ക്രിസ്മസ്പുതുവര്‍ഷം പ്രമാണിച്ച് ആദ്യത്തെ ഒരു മാസം മ്യൂസിയത്തില്‍ പ്രദര്‍ശനം സൗജന്യമായിരിക്കും. പഴയ കാലത്തെ തിട്ടൂരം, നീട്ട്, ഒഴുക്, ആയക്കെട്ട് തുടങ്ങിയ ഭൂമി രേഖകളൊക്കെ പ്രദര്‍ശനത്തിലുണ്ട്. മ്യൂസിയം വികസനത്തിന്റെ രണ്ടാം ഘട്ടം എന്ന നിലയില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്റണി രാജു, വി ശിവന്‍കുട്ടി, ജി.ആര്. അനില്‍, ശശി തരൂര്‍ എം.പി, മേയര്‍ ആര്യാ രാജേന്ദ്രന് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ആര്‍ക്കിയോളജി, ആര്‍ക്കൈവ്സ്, മ്യൂസിയം വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു. പുരാരേഖാ വകുപ്പ് ഡയറക്ടര്‍ രജികുമാര്‍ ജെ, കേരള ചരിത്ര പൈതൃക മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്. ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: