ന്യൂദൽഹി: രാജ്യത്ത് ലഹരി വ്യാപനത്തെ തടയുന്നതിൽ വിട്ടു വീഴ്ചയില്ലെന്നും മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നത് എത്ര പ്രായത്തിൽ ഉളളവർ ആയാലും വെറുതെ വിടാൻ ആകില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മയക്കുമരുന്ന് വിൽപനയിലൂടെയുള്ള ലാഭം ഭീകര വാദത്തിന് വളമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോകസഭയിൽ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചയിൽ മറുപടി നൽകുകയായിരുന്നു അമിത് ഷാ.
സർക്കാരിന്റെ ലക്ഷ്യം ലഹരി മുക്ത ഭാരതമാണ്. ലഹരി വ്യാപാരത്തിന് എതിരെ ശക്തമായ നടപടികൾ തുടരുമെന്നും അമിത് ഷാ അറിയിച്ചു. മയക്കുമരുന്ന് വില്പനയ്ക്കെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് നടപടി എടുക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ഇരകൾ ആകുന്നവരുടെ ലഹരി മുക്തിക്ക് ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിൽ നിന്നുള്ള എംപിമാരായ എൻകെ പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ ചർച്ചയിൽ സംസാരിച്ചു. ചെറിയ സംസ്ഥാനമായ കേരളം ലഹരി ഉപയോഗത്തിൽ രാജ്യത്ത് നാലാം സ്ഥാനത്താണ് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. വിദ്യാർത്ഥികളെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നത്, ലഹരിയുടെ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
ലഹരി ഉപയോഗത്തെ തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങൾ കേരളത്തിൽ കൂടുന്നതായി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. യുവാക്കൾക്കിടയിൽ രാസലഹരി വസ്തുക്കളുടെ ഉപയോഗം കൂടുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: