ന്യൂദല്‍ഹി: ആര്‍എസ്എസ് പാലക്കാട് മുന്‍ ജില്ലാ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്കു വിട്ടു. എന്‍ഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണച്ചുമതല. കേരള പോലീസില്‍ നിന്നു കേസ് ഡയറി ലഭിച്ചാലുടന്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. നിരോധിത ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കള്‍ വരെ പ്രതികളായുള്ള കേസാണിത്.
കേസിലെ ഭീകര ബന്ധം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍ വധക്കേസിലെ ഭീകര ബന്ധം വ്യക്തമാക്കിയിരുന്നു.
2022 ഏപ്രില്‍ 16ന് ഉച്ചയ്‌ക്കാണ് എ. ശ്രീനിവാസനെ(44) പാലക്കാട് നഗരത്തിലെ മേലാമുറി എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ കയറി ആറംഗ സംഘം വെട്ടിക്കൊന്നത്. കേസുമായി ബന്ധപ്പെട്ട് 41 പേര്‍ പിടിയിലായെങ്കിലും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ചിലരെ പിഎഫ്‌ഐ നേതൃത്വം ഒളിപ്പിച്ചിരിക്കുകയാണ്. ഇവരെ കണ്ടെത്താന്‍ കേരള പോലീസ് കാര്യമായി അന്വേഷിച്ചില്ല.
എന്‍ഐഎ കേസ് ഏറ്റെടുത്തതോടെ കൊലയ്‌ക്കു പിന്നിലെ ഭീകര ബന്ധവും പ്രതികള്‍ക്കു ലഭിച്ച ഭീകര പരിശീലനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും പുറത്തു വരും. പിഎഫ്‌ഐ സംസ്ഥാന സെക്രട്ടറി പട്ടാമ്പി സ്വദേശി സി.എ. റൗഫ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന കൊലപാതകത്തിലെ പട്ടാമ്പി സ്വദേശികളായ പിഎഫ്‌ഐ നേതാക്കളില്‍ ചിലരാണ് ഇനിയും പിടിയിലാകാനുള്ളത്.
കേരള പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ 44 പ്രതികളാണുള്ളത്. ഇതില്‍ മൂന്നു പേര്‍ പിടിയിലാകാനുണ്ട്. ഇവരെ പിഎഫ്‌ഐ നേതൃത്വം ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ശ്രമമാരംഭിച്ചു.
കൊലയാളി സംഘത്തിലുണ്ടായിരുന്ന അജ്ഞാതനെപ്പറ്റിയുള്ള അന്വേഷണവും എവിടെയും എത്തിയിട്ടില്ല. കൊലപാതകത്തിന് വിദേശ ഭീകര സംഘങ്ങളില്‍ നിന്ന് പരിശീലനം ലഭിച്ചയാളാകാം ഇതെന്നാണ് സൂചനകള്‍. പാലക്കാട് നഗരത്തില്‍ കൊലപ്പെടുത്താനുള്ള ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ പട്ടിക തയ്യാറാക്കിയിരുന്നതായും നിരവധി നേതാക്കളെ ലക്ഷ്യമിട്ട് കൊലയാളി സംഘങ്ങള്‍ നഗരത്തിലൂടെ സഞ്ചരിച്ചതായും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇത്തരം കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ള സമഗ്രാന്വേഷണമാണ് എന്‍ഐഎ നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: