ദില്ലി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ രാഹുല്‍ഗാന്ധിയുടെ അനുയായിയും യുപിയിലെ കോണ്‍ഗ്രസ് നേതാവുമായ അജയ് റായി നടത്തിയ അശ്ലീല പരാമര്‍ശം വിവാദമായി. . സ്മൃതി ഇറാനി തന്റെ മണ്ഡലമായ അമേഠിയിലേക്ക് വരുന്നത് ‘ലട്കയും ജഡ്കയും’ കാണിക്കാന്‍ വേണ്ടി മാത്രമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവായ അജയ് റായിയുടെ പരിഹാസം. നൃത്തച്ചുവടുകളെ സൂചിപ്പിച്ചുകൊണ്ട് ഹിന്ദിയിലുള്ള അശ്ലീല കമന്റാണിത്. 2024ല്‍ കോണ്‍ഗ്രസ് അമേഠി മണ്ഡലം തിരിച്ചുപിടിക്കുമെന്നും അജയ് റായി വെല്ലുവിളിച്ചിരുന്നു.
ധൈര്യമുണ്ടെങ്കില്‍ അമേഠിയില്‍ 2024ല്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി വെല്ലുവിളിച്ചു. “താങ്കളുടെ അനുയായി എന്നെ മോശം ഭാഷയില്‍ അപമാനിച്ചിരുന്നു. 2024ല്‍ താങ്കള്‍ അമേഠിയില്‍ നിന്നും മത്സരിക്കുമെന്നും അയാള്‍ പറഞ്ഞു താങ്കള്‍ അമേഠിയില്‍ മത്സരിക്കുമെന്ന് ഉറപ്പിക്കാനാവുമോ? അതോ താങ്കള്‍ വേറെ ഏതെങ്കിലും മണ്ഡലത്തിലേക്ക് ഓടിപ്പോകുമോ? താങ്കളും അമ്മയും ഇത്തരം സ്ത്രീവിദ്വേഷികളായ അനുയായികള്‍ക്ക് പ്രസംഗമെഴുതുന്ന നല്ലൊരു ആളെ കണ്ടെത്തിയാല്‍ നന്നായിരിക്കും.”- സ്മൃതി ഇറാനി തിരിച്ചടിച്ചു.
.2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് രാഹുല്‍ ഗാന്ധിയുടെ കുത്തക സീറ്റായ അമേഠി സ്മൃതി ഇറാനി പിടിച്ചെടുത്തത്. ഏറെക്കാലമായി അമേഠി കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു. അവിടെ തോറ്റപ്പോള്‍ വയനാട്ടില്‍ നിന്ന് മത്സരിച്ചാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ സീറ്റുറപ്പിച്ചത്.
:”അമേഠി ഗാന്ധി കുടുംബത്തിന്റെ സീറ്റായിരുന്നു. രാഹുല്‍ ജി അവിടെ നിന്നും ലോക്സഭാ എംപിയായിട്ടുണ്ട്. രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും ആ മണ്ഡലത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേഠി മണ്ഡലം ഗാന്ധി കുടുംബത്തിന്റേത് ആയിരുന്നുവെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും റായ് കൂട്ടിച്ചേര്‍ത്തു. അമേഠിയില്‍ നിന്ന് തന്നെ 2024ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണം എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്”- അജയ് റായി ആഞ്ഞടിച്ചു.
രാജ്യത്തിന് ഒരു വനിതാ പ്രധാനമന്ത്രിയെ നല്കിയ പാര്‍ട്ടിയുടെ നേതാവില്‍ നിന്നുമുളള ഇത്തരം പരാമര്‍ശം അപമാനകരമാണെന്ന് ബിജെപി വക്താവ് ആനന്ദ് ദുബെ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ എക്കാലവും സ്ത്രീ വിരുദ്ധമായ ഭാഷയാണ് ഉപയോഗിക്കുന്നത് എന്നും ആനന്ദ് ദുബെ കുറ്റപ്പെടുത്തി.
മാപ്പ് പറയില്ല: അജയ് റായി
ഈ കമന്റിന്റെ പേരില്‍ താന്‍ മാപ്പ് പറയില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അജയ് റായി. ഈ നിലപാടിനെതിരെ ബിജെപി ശക്തമായ നിലപാട് എടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: