തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ആഞ്ഞടിച്ച് നടന് ഹരീഷ് പേരടി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ ശക്തമായ പ്രതിഷേധം. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച രഞ്ജിത്തിന്റെ പരാമർശത്തോടുള്ള പ്രതിഷേധമായിരുന്നു ഹരീഷ് പേരടി വീഡിയോയിലൂടെ അറിയിച്ചത്. വീഡിയോയില്‍ കൂവിയും കരച്ചുമായിരുന്നു ഹരീഷ് പേരടിയുടെ വ്യത്യസ്ത ശൈലിയിലുള്ള പ്രതിഷേധം.
ഹരീഷ് പേരടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണാം:
”ഞാനടക്കമുള്ള പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ചവരെ പട്ടികളുമായി ഉപമിച്ച രഞ്ജിത്തിന്റെ മാടമ്പത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും” എന്ന് ഹരീഷ് പേരടി വീഡിയോയിൽ പറഞ്ഞു.
ദേവാസുരം എന്ന സിനിമയിലെ ” വന്ദേ മുകുന്ദ ഹരേ” എന്ന പാട്ടിന്റെ ഈണത്തില്‍ കൂവിക്കൊണ്ടാണ് ഹരീഷ് പേരടി രഞ്ജിത്തിനോടുള്ള തന്റെ പ്രതിഷേധം അറിയിച്ചത്. ഇതിന് പിന്നാലെ കുരയ്ക്കുന്നതും കാണാം. മേലാൽ ഇത്തരം തെമ്മാടിത്തരങ്ങൾ ആവർത്തിക്കാതിരിക്കുക എന്നും വീഡിയോയിൽ പറയുന്നുണ്ട്…….
രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനവേദിയിൽ പ്രസംഗിക്കാൻ എത്തിയപ്പോഴാണ് രഞ്ജിത്തിന് നേരെ പ്രതിഷേധക്കാർ കൂവിയത്. മമ്മൂട്ടി നായകനായ ചിത്രം ‘ നൻപകൽ നേരത്ത് മയക്കം” എന്ന ചിത്രത്തിന് ടിക്കറ്റെടുത്തവര്‍ക്ക് സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയിരുന്നു. മൂന്ന് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതാണ് പിന്നീട് രഞ്ജിത് പ്രസംഗിച്ചപ്പോള്‍ ഒരു വിഭാഗം കൂവി പ്രതിഷേധിച്ചത്.
എന്നാൽ, തനിക്ക് കൂവൽ ഒരു പുത്തരിയല്ലെന്നും എസ്എഫ്ഐയിലൂടെ വളർന്ന ആളാണ് താനെന്നും പറഞ്ഞ രഞ്ജിത് പിന്നീട് കൂവിയ ആളുകളെ നായ്ക്കളോട് ഉപമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: