ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ.അബൂബക്കറിന് ചികിത്സ നല്‍കാം, പക്ഷെ വീട്ടുതടങ്കലിലേക്ക് മാറ്റാനാവില്ലെന്ന് ദല്‍ഹി ഹൈക്കോടതി. ഭീമ കോറിഗാവ് കേസില്‍ പ്രതിയായ ഗൗതം നവ്ലാഖയ്ക്ക് വീട്ടുതടങ്കല്‍ അനുവദിച്ച സുപ്രീംകോടതി വിധി അബൂബക്കറിന്റെ കാര്യത്തില്‍ നടപ്പാക്കാനാവില്ലെന്ന് ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.ഗൗതം നവ്ലാഖയുടെ കേസിലെ കോടതിയുടെ ഉത്തരവ് എല്ലാവര്ക്കും വീട്ടുതടങ്കല്‍ ആവശ്യപ്പെടാനുള്ള മാര്‍ഗ്ഗമല്ലെന്നും ഹൈക്കോടതി പറഞ്ഞു. അബൂബക്കറിന് വീട്ടുതടങ്കല്‍ ആവശ്യപ്പെട്ട് നവമ്പര്‍ 30ന് നല്കിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു.
“വീട്ടുതടങ്കല്‍ അനുവദിക്കാന്‍ സുപ്രീംകോടതിക്ക് അധികാരമുണ്ട്. ആ അധികാരം ഈ കോടതിയുടെ പക്കല്‍ ഇല്ല. താങ്കള്‍ ഇവിടെ വന്ന് പ്രായമായി എഴുപത് വയസ്സായി എന്ന് പറഞ്ഞു. താങ്കളുടെ രോഗവസ്ഥ ആശുപത്രി വാസം ആവശ്യപ്പെടുന്നുവെങ്കില്‍ അത് അനുവദിക്കാം”. -ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, തല്‍വന്ത് സിങ്ങ് എന്നിവരടങ്ങുന്ന ബെഞ്ച് വിശദമാക്കി. ഈയിടെ ഭീമ കോറിഗാവ് കേസിലെ പ്രതിയായ ഗൗതം നവ്ലാഖയെ ജയിലില്‍ പാര്‍പ്പിക്കുന്നതിന് പകരം വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിക്കാമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.
അബൂബക്കറിനെ കസ്റ്റഡിയില്‍ ഡിസംബര്‍ 22ന് എയിംസില്‍ വിദഗ്ധ പരിശോധനകള്‍ക്ക് വിടാന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ക്യാന്‍സര്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമാണ് എയിംസില്‍ പോകുന്നത്. എയിംസില്‍ പരിശോധനകള്‍ നടത്തുമ്പോള്‍ മകനെ അബൂബക്കറിന്റെ അടുത്ത് നിര്‍ത്താന്‍ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.
ക്യാന്‍സറും പാര്‍ക്കിന്‍സണ്‍സും മൂലം ബുദ്ധിമുട്ടുന്ന അബൂബക്കറിന് നിരന്തര ചികിത്സ ആവശ്യമായതിനാല്‍ ജാമ്യം നല്‍കണമെന്നും അതല്ലെങ്കില്‍ വീട്ടുതടങ്കലില്‍ കഴിയാന്‍ അനുവദിക്കണമെന്നും അഭിഭാഷകന് അദിത് പൂജാരി വാദിച്ചിരുന്നു. എന്നാല്‍ അബൂബക്കറിന് സാധ്യമായ ചികിത്സ നല്‍കുന്നുണ്ടെന്ന് എന്‍ ഐഎയുടെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ അക്ഷയ് മാലിക് വാദിച്ചു.
വീട്ടുതടങ്കല്‍ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. വീട്ടുതടങ്കലില്‍ അയയ്ക്കാന്‍ നിയമത്തില്‍ വകുപ്പില്ല. ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍ ആവശ്യപ്പെടാത്തതിനാല്‍ വീട്ടുതടങ്കല്‍ പറ്റില്ല. ആരോഗ്യാവസ്ഥ മോശമായതിനാല്‍ ആശുപത്രിയില്‍ പോകണമെങ്കില്‍ അതിന് ഉത്തരവിടാം. കൂട്ടിരിപ്പിന് ഒരാളെയും അനുവദിക്കാം. മറ്റൊന്നും സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
എയിംസിലെ പരിശോധനകളുടെയും ചികിത്സയുടെയും വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ തീഹാര്‍ ജയിലിനോടും എയിംസിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഇനി ജനവരിയില്‍ വാദംകേള്‍ക്കാനായി മാറ്റി.
ദേശീയ തലത്തില്‍ നടത്തിയ അറസ്റ്റില്‍ ഇ.അബൂബക്കറിനെയും അറസ്റ്റ് ചെയ്തത്. യുഎപിഎയുടെ കീഴിലുള്ള നിരവധി വകുപ്പുകളാണ് അബൂബക്കറിനെതിരെ ചുമത്തിയിരിക്കുന്നത്. ഒക്ടോബര്‍ ആറ് മുതല്‍ ഇദ്ദേഹം തീഹാര്‍ ജയിലിലാണ്. ഐഡിയന്‍ സ്റ്റുഡന്‍സ് ലീഗ്, ജമാത്ത് ഇ ഇസ്ലാമി, സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) എന്നീ സംഘടനകളുടെ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അബൂബക്കര്‍ കോഴിക്കോട് സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: