അര്‍ജന്റീനയ്ക്കും ലയണല്‍ മെസിക്കും ഒപ്പം ഫുട്ബോള്‍ ലോകകപ്പ് ഒരിക്കല്‍ക്കൂടി തെക്കേ അമേരിക്കയിലേയ്ക്കു യാത്രയായത് ഒട്ടേറെ പ്രതീക്ഷകളുടെ അകമ്പടിയോടെയാണ്. അര്‍ജന്റീനയുടെ വിജയം എന്നതിനൊപ്പം, ലോകം ആരാധനയോടെ കണ്ട ലയണല്‍ മെസി എന്ന താരത്തിന്, ഫുട്ബോള്‍ ജീവിതത്തിന്റെ സായാഹ്നത്തില്‍ ലഭിച്ച സ്വാഭാവികമായ ആദരവും അംഗീകാരവുമാണ് ഈ ലോകകപ്പ് നേട്ടം. അര്‍ഹമായ മികവ് അംഗീകരിക്കപ്പെട്ടേ പറ്റൂ. അതു ലോക നീതിയാണ്. മെസിക്ക് വേണ്ടി കാലം കാത്തുവച്ച ലോകകപ്പായിരിക്കാം ഇത്. മിക്ക ടീമുകള്‍ക്കും ആരാധകര്‍ ഉണ്ടെങ്കിലും മെസിയുടെ നേട്ടത്തില്‍ ആഹ്ലാദിക്കുന്നവരായിരിക്കും ഫുട്ബോളിനെ സ്നേഹിക്കുന്നവരെല്ലാം. പെലെയുടേയും മറഡോണയുടേയും ബക്കന്ബോവറുടേയും മറ്റും നിരയില്‍ ഫുട്ബോള്‍ ലോകം മെസ്സിയേയും പ്രതിഷ്ഠിക്കും. അതിന് ആകെയുണ്ടായിരുന്ന കുറവായിരുന്നു ഒരു ലോകകിരീടത്തിന്റെ പൊലിമ. അതാണ് മെസിക്കുവേണ്ടി ടീം അംഗങ്ങള്‍ നേടിക്കൊടുത്തത്. ആ നേട്ടത്തിന് ലോകകപ്പ് അടുത്ത കാലത്തു കണ്ട ഏറ്റവും ആവശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തിന്റെ ചാരുതയുമുണ്ട്. താരപരിവേഷത്തോടെ ഒട്ടേറെ പേര് കടന്നു പോയെങ്കിലും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ എന്ന ചെറുപ്പക്കാരന് ഏറെക്കാലം ഏവരുടേയും ഓര്‍മയില്‍ നില്ക്കും. കളിയിലെ മികവു മാത്രമല്ല, കളിക്കളത്തിലെ മാന്യതയിലും സ്വയം നിയന്ത്രണത്തിലും ടീമിനെ ഒന്നായി നയിക്കുന്നതിലും ഈ ചെറു പ്രായത്തില്‍ കാണിച്ച പക്വത അനുകരണീയമാണ്. ഏഴു കളിയില്‍ എട്ടു ഗോളടിച്ച് സുവര്‍ണപാദുകത്തിന് അര്‍ഹത നേടിയത് ഒരു മഞ്ഞ കാര്‍ഡു പോലും കാണാതെയാണ്. വരുംലോകകപ്പുകളുടെ താരമാകാന്‍ എംബാപ്പെയ്ക്ക് ഇനിയും കാലം ബാക്കിയുണ്ട്.
ഏഷ്യ ആതിഥ്യം വഹിക്കുന്ന രണ്ടാം ലോകകപ്പ് എന്നതിനൊപ്പംതന്നെ ഇത്ര ബൃഹത്തായ മേള ഏറ്റെടുക്കാന്‍ ഖത്തര്‍ എന്ന കൊച്ചുരാജ്യം കാണിച്ച ധൈര്യവും ഈ പരമ്പരയെ വ്യത്യസ്തമാക്കി. അതുവഴി ഖത്തര്‍ തുറന്നു കാണിച്ചത് അത്ഭുതങ്ങള്‍ ഒളിപ്പിച്ചു വച്ച കപ്പാണ്. നിലവാരമുള്ള കളികളും കളിക്കാരും അണിനിരന്ന മത്സര പരമ്പരയില്‍, ഫുട്ബോളിലെ മൂന്നാം ലോകത്തു നിന്നുള്ള ടീമുകളും ശക്തമായ സാന്നിദ്ധ്യം അറിയിച്ചു എന്നതാണ് ഏറെ ശ്രദ്ധേയം. മിക്കവാറും എല്ലാ ലോകകപ്പുകളിലും അട്ടിമറികള്‍ നടക്കാറുണ്ടെങ്കിലും ഇത്തവണ അതിന്റെ പ്രഹരശേഷി ഏറെ ഇരട്ടിച്ചു എന്നത് അതിലേറെ ശ്രദ്ധേയം. അതു പല വമ്പന്മാരുടേയും വഴിമുടക്കിയത് ലോകകപ്പിന്റെ ഗ്ളാമറിനെ ബാധിച്ചു എന്നു കരുതുന്ന ആരാധകരുണ്ടാകാം. അത് ഒരു പരിധിവരെ ശരിയുമാകാം. പക്ഷേ, ലോകഫുട്ബോളിലെ എക്കാലത്തേയും ശക്തന്മാര് എന്നു കരുതിയവര്‍ക്കെതിരെ ശക്തമായ പുതു നിര രൂപപ്പെടുന്നു എന്നും ഫുട്ബോളിന്റെ സ്വാധീന വലയം കൂടുതല്‍ വിസ്തൃതമാകുന്നു എന്നുമുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ഫുട്ബോള്‍ മേധാവിത്വം ആര്‍ക്കും കുത്തകയല്ലാതായി മാറുന്നു. പാരമ്പര്യവാദത്തില്‍ കഥയില്ലാതാകുന്നു. ഏഷ്യയും ആഫ്രിക്കയും ഉറക്കെ പ്രഖ്യാപിച്ചത് അതൊക്കെയാണ്.
ലോകകപ്പ് 22 പരിവൃത്തി പൂര്‍ത്തിയായപ്പോള്‍ പത്താം തവണയാണ് കിരീടം ലാറ്റിനമേരിക്കയിലേയ്ക്കു പറന്നത്. അര്‍ജന്റീനയുടെ മൂന്നാം കിരീടം. ബ്രസീല്‍ അഞ്ചും യുറഗ്വായ് രണ്ടും തവണ ജയിച്ചു കഴിഞ്ഞു. 12 തവണ കപ്പ് യൂറോപ്യന്‍ രാജ്യങ്ങളുടെ കൈവശമായിരുന്നു. ലോകകപ്പ് ഇതുവരെ ഈ രണ്ടു ഭൂഖണ്ഡങ്ങള്‍ക്കു പുറത്തു പോയിട്ടില്ലെന്ന് അര്‍ഥം. ഈ രണ്ടു ഭൂഖണ്ഡങ്ങളിലും മാത്രമായി ലോകകപ്പ് അരങ്ങേറിയിരുന്ന കാലമുണ്ടായിരുന്നു. വിജയവും ഇവര്‍ മാറി മാറി പങ്കിട്ടു പോന്നു. അതു മാറി ഏഷ്യയിലും ആഫ്രിക്കയിലും വടക്കേ അമേരിക്കയിലും ലോകകപ്പ് വേദികള്‍ എത്തി. ആ മാറ്റം കപ്പ് വിജയത്തിലും പ്രതിഫലിക്കുന്ന കാലത്തേയ്ക്കാണ് ഇനി കളി വളരേണ്ടത്. ആ നിലയ്ക്കുള്ള ശുഭ സൂചനകള്‍ ഖത്തര്‍ കാണിച്ചു തന്നു. അവരവരുടേതായ ദിവസം ഏതു ടീമും ഏതു വമ്പനേയും തകിടം മറിച്ചേക്കാം. അതുപോലെയല്ല വലിയവര്‍ക്കെതിരെ തുടര്‍ വിജയം വെട്ടിപ്പിടിക്കുന്നത്. പോരാട്ടം മാത്രമല്ല യുദ്ധം തന്നെ ജയിക്കാന്‍ ഫുട്ബോളിലെ വരേണ്യവിഭാഗത്തിനു പുറത്തുള്ള രാജ്യങ്ങള്‍ പ്രാപ്തരാകുന്നു എന്നതിന്റെ സുചനയാണ് ജപ്പാനും ദക്ഷിണ കൊറിയയും മൊറോക്കോയും മറ്റും മുന്‍ ചാമ്പ്യന്മാരടക്കം ഒന്നിലധികം പ്രമുഖരെ വീഴ്ത്തിയത്. മൊറോക്കോയുടെ സെമിഫൈനല്‍ പ്രവേശനം ഫുട്ബോള്‍ ലോകത്തെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു. ഇംഗ്ളണ്ട് ഒഴികെ പ്രമുഖര്‍ എല്ലാം തന്നെ പ്രാഥമിക റൗണ്ടില്‍ തോല്‍വി വഴങ്ങി എന്നത് ഫുട്ബോള്‍ ലോകത്തെ ചിന്തിപ്പിക്കും. ഫുട്ബോളിലെ ഒരു മൂന്നാം ലോക രാഷ്ട്രത്തിന്റെ കിരീട ധാരണം അകലെയല്ലെന്നു പ്രതീക്ഷിക്കാം.
നടത്തിപ്പിലും കളി നിയന്ത്രണത്തിലും വലിയ പരാതികളില്ലാതെ കടന്നുപോയ മേള അക്കാര്യത്തിലും ശ്രദ്ധിക്കപ്പെട്ടു. അവിടവിടെ ചില പരാതികള്‍ ഉയര്‍ന്നെങ്കിലും റഫറിമാരെക്കുറിച്ചു പൊതുവെ മതിപ്പാണ് ഉണ്ടായത്. ഭംഗിയായ മത്സര നടത്തിപ്പിന്റെ ഒരു പാഠപുസ്തകം പോലെയായിരുന്നു ഫൈനല്‍ മത്സരം. പോളണ്ടില്‍ നിന്നുള്ള സൈമണ്‍ മാര്‍ച്ചിനിയക് കളി നിയന്ത്രിച്ച രീതി, മത്സരം പോലെ തന്നെ ഏവരും ആസ്വദിച്ചിട്ടുണ്ടാവും. അനാവശ്യ ഇടപെടലുകള്‍ ഇല്ലാതെ കളിയില്‍ പൂര്‍ണ നിയന്ത്രണം കൊണ്ടുവന്ന അദ്ദേഹത്തിന്റെ ശൈലി കളിയുടെ സൗന്ദര്യവും ഒഴുക്കും ഒട്ടു തടസ്സപ്പെടുത്തിയില്ല. ഫൈനല്‍ മത്സരത്തിന്റെ നിലവാരത്തിനു യോജിച്ച ശൈലിതന്നെ.
ലോകകപ്പുകാലത്തു ലോക ശ്രദ്ധ ആകര്ഷിച്ചുകൊണ്ടു കേരളത്തില്‍ കണപ്പെട്ട ഫുട്ബോള്‍ ആവേശം കായികരംഗത്തു നമുക്കുള്ള താത്പര്യത്തിന്റെ സൂചനയാണെങ്കിലും അത് അതിരു കടന്നു പോകുന്നതു കളികള്ക്കെന്നല്ല ഒരു മേഖലയ്ക്കും ശുഭകരമല്ല. കളിയേയും കളിക്കാരേയും ടീമുകളേയും സ്നേഹിക്കുന്നതു തെറ്റല്ല. പക്ഷേ, അതു പരസ്പര അധിക്ഷേപത്തിലേയ്ക്കും സംഘര്‍ഷത്തിലേയ്ക്കും കടക്കുന്നതു കളിപ്രേമമല്ല താരാരാധന മാത്രമാണ്. നമുക്കു കളിയേയും കളിക്കാരേയും സ്നേഹിക്കാം. പരസ്പരം പൊരുതി ജയിച്ചും തോറ്റും പിരിയുമ്പോഴും കെട്ടിപ്പിടിച്ചും അഭിനന്ദിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന മെസ്സിയേയും എംബാപ്പെയേയും നെയ്മറേയും ലൂക്ക മോഡ്രിച്ചിനേയും മറ്റും നമുക്കു മാതൃകയാക്കാം. അതാണു കളികളുടെ യഥാര്‍ഥ സന്ദേശം. ആ കളിസ്നേഹം എക്കാലവും ലോകകപ്പിന്റെ ആവേശമായി നമ്മുടെ മനസ്സില്‍ നിലനില്ക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: