ഇറ്റാനഗര്‍: അടുത്തിടെ തവാങ്ങിലെ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനയെ വിമര്‍ശിച്ച് ബുദ്ധ സംന്യാസിമാര്‍. അരുണാചല്‍ പ്രദേശിലെ തവാങ്ങിലുള്ള പ്രശസ്തമായ ആശ്രമത്തിലെ സംന്യാസിമാരാണ് ചൈനയ്ക്കെതിരെ രംഗത്തെത്തിയത്.
ഇത് 1962 അല്ല. നരേന്ദ്ര മോദി സര്‍ക്കാരിന്റെ 2022 ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരെയും വിട്ടു കളയില്ല. ഞങ്ങള്‍ മോദി സര്‍ക്കാരിനെയും സൈന്യത്തെയും പിന്തുണയ്ക്കുന്നു. തവാങ് ആശ്രമത്തിലെ സംന്യാസിയായ ലമ യഷി ഖേവോ പറഞ്ഞു. പതിനേഴാം നൂറ്റാണ്ടില്‍ ആശ്രമിത്തിലുണ്ടായിരുന്ന, 1962ലെ യുദ്ധത്തിന് സാക്ഷ്യം വഹിച്ചവര്‍ക്കെല്ലാം ചൈനയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലായ്പ്പോഴും മറ്റ് രാജ്യങ്ങളുടെ അതിര്‍ത്തിയിലേക്ക് കടന്നു കയറുകയാണ് ചൈനീസ് സര്‍ക്കാര്‍. അത് തെറ്റായ രീതിയാണ്. ഇന്ത്യയിലും അവര്‍ കണ്ണുവച്ചിട്ടുണ്ട്. അവര്‍ ലോകസമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്തരത്തിലൊന്നും പ്രവര്‍ത്തിക്കില്ല. ആരെയും ഉപദ്രവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സര്‍ക്കാരും സൈന്യവും തവാങ്ങിനെ സംരക്ഷിക്കുമെന്നതില്‍ പൂര്‍ണ വിശ്വാസമുണ്ട്. അദ്ദേഹം ആവര്‍ത്തിച്ചു.
1962ലെ യുദ്ധത്തില്‍, ആശ്രമത്തിലുണ്ടായിരുന്നവര്‍ ഇന്ത്യന്‍ സൈനികരെ സഹായിക്കുകയുണ്ടായി. അന്ന് ചൈനീസ് പട്ടാളക്കാര്‍ ആശ്രമത്തിനകത്ത് കടന്നിരുന്നു. പക്ഷേ ആരെയും ഉപദ്രവിച്ചില്ല. നേരത്തെ തവാങ് ടിബറ്റിന്റെ ഭാഗമായിരുന്നു. ചൈനീസ് സര്‍ക്കാര്‍ ടിബറ്റ് പിടിച്ചെടുത്തു. തുടര്‍ന്ന് തവാങ് അവരുടെ പ്രദേശമാണെന്ന് അവകാശപ്പെട്ടു. പക്ഷേ, തവാങ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്.
ഞങ്ങള്‍ക്ക് ഒരു ഉത്കണ്ഠയുമില്ല. കാരണം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഞങ്ങള്‍ ആകുലപ്പെടുന്നില്ല, സന്തോഷത്തോടെയും സമാധാനത്തോടെയും ഇവിടെ ജീവിക്കുകയാണ്. അദ്ദേഹം പറഞ്ഞു. 1681ല്‍ സ്ഥാപിതമായതാണ് ആശ്രമം. ഏഷ്യയിലെ ഏറ്റവും പഴക്കംചെന്ന രണ്ടാമത്തെ ആശ്രമമാണിത്. ആശ്രമത്തില്‍ 500 സംന്യാസിമാരാണുള്ളത്. പ്രദേശത്ത് 89 ചെറിയ വീടുകളുണ്ട്. ഗുരുകുല സമ്പ്രദായമാണിവിടെ. ബുദ്ധ ഫിലോസഫിക്കു പുറമെ പൊതുവിദ്യാഭ്യാസ സമ്പ്രദായവും ഇവിടെയുണ്ടെന്നും യഷി ഖേവോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: