തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം തിങ്കളാഴ്ച വ്യക്തമാക്കി. ഇത് സംബന്ധിച്ച് എംപി പ്രേമചന്ദ്രന് പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് ഇക്കാര്യം കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
ഉന്നതവ്യക്തികള്‍ ഇടപെട്ട കേസായതുകൊണ്ട് അന്വേഷണം അവസാനിപ്പിക്കാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ടോയെന്നും കേസന്വേഷണം അവസാനിപ്പിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍ദേശം വിദേശകാര്യമന്ത്രാലയം നല്‍കിയിട്ടുണ്ടോ എന്നുമായിരുന്നു എന്‍.കെ. പ്രേമചന്ദ്രന്റെ ചോദ്യം. ഇഡി അന്വേഷണം അവസാനിപ്പിക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്നും ധനകാര്യസഹമന്ത്രി ചോദ്യത്തിനുത്തരം നല്കവേ പറഞ്ഞു.
കേസ് വിചാരണ കേരളത്തിന്റെ പുറത്തേക്ക് മാറ്റാന്‍ ഇഡി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും കേന്ദ്രധനസഹമന്ത്രി പറഞ്ഞു. കേരളത്തിലെ ഭരണ സംവിധാനം വലിയ തോതില്‍ ഈ കേസന്വേഷണവും വിചാരണയും തടയാന്‍ ദുരുപയോഗം ചെയ്യുകയാണ്. അതുപോലെ ഇഡി ഉദ്യോഗസ്ഥരെ കേസന്വേഷണം സുഗമമായി നടത്താന്‍ സംസ്ഥാന പൊലീസ് അനുവദിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ടെന്നും ഇഡി സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: