കൊല്ലം: ഡിസംബര്‍ 23 മുതല്‍ സാമ്പ്രാണിക്കൊടിത്തുരുത്തിലേക്കു വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നല്കാന്‍ തീരുമാനം. വീണ്ടും തുറക്കുമ്പോഴും സുരക്ഷാ പ്രശ്‌നങ്ങള്‍ ബാക്കി നില്ക്കുന്നു.
അപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന മാനദണ്ഡങ്ങളാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. എംഎല്‍എ, ഡിടിപിസി സെക്രട്ടറി, അഞ്ചാലുംമൂട് സിഐ, ബോട്ട് അസോസിയേഷന്‍ പ്രതിനിധികള്‍, തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ നടത്തിയ ചര്‍ച്ചിയിലാണ് 23ന് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നല്കാന്‍ തീരുമാനിച്ചത്. മുന്‍പും നിരവധി നിബന്ധനകള്‍ അധികൃതര്‍ നിശ്ചയിക്കുമെങ്കിലും പിന്നീട് ബന്ധപ്പെട്ടവരുടെ അറിവോടെ ഇതെല്ലാം അട്ടിമറിക്കപ്പെടുകയാണ് പതിവ്.
സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാന്‍ ടിക്കറ്റ് ബുക്കിങ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഡിടിപിസി വെബ്‌സൈറ്റിലെ പ്രത്യേക പോര്‍ട്ടലിലൂടെയാകും ഓണ്‍ലൈന്‍ ബുക്കിങ് നടപ്പിലാക്കുക.
ഡിടിപിസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബോട്ടുകള്‍ക്കു മാത്രമെ സമ്പ്രാണിക്കൊടിയിലേക്ക് വിനോദ സഞ്ചാരികളുമായി പോകാന്‍ സാധിക്കൂ. പോര്‍ട്ടില്‍ നിന്നു ബോട്ട് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചവര്‍ക്കു ഡിടിപിസി നല്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമെ തുരുത്തിലേക്ക് ബോട്ട് ഓടിക്കാന്‍ അനുമതി നല്‍കൂ. ഒരു ദിവസം പരമാവധി 15 മുതല്‍ 20 ബോട്ടുകള്‍ക്കു മാത്രമെ സാമ്പ്രാണിക്കൊടി തുരുത്തിലേക്കു സര്‍വീസ് നടത്താന്‍ അനുമതിയുള്ളൂ. ഒരു സമയം തുരുത്തില്‍ പരമാവധി 100 പേര്‍ക്കുമാത്രം പ്രവേശനം. അനധികൃതമായി ആളുകളെ എത്തിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ജൂലൈയില്‍ ഡിങ്കി വള്ളത്തില്‍ ഭക്ഷണ വിതരണം നടത്തിയ സ്ത്രീ വള്ളം മറിഞ്ഞു മരിച്ചതോടെയാണ് തുരുത്തിലേക്കുള്ള സഞ്ചാരം കളക്ടര്‍ തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: