കൊല്ലം: സര്‍ക്കാര്‍ ആശുപത്രികളില്‍ വൈകുന്നേരമായാല്‍ ജനറല്‍ ഒപി സേവനങ്ങളില്ല, രോഗികള്‍ വലയുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, വിവിധ താലൂക്ക് ആശുപത്രികളിലുമാണ് സായാഹ്ന ഒപി എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഒപി വിഭാഗം പ്രവര്‍ത്തിക്കാത്തത്.
പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി തുടങ്ങിയ തിരക്കേറിയ ആശുപത്രികളില്‍ പോലും പനി ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി എത്തുന്നവര്‍ അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടുന്നത്.മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ഉള്ളത്. ഷിഫ്റ്റനുസരിച്ചുള്ള ഡ്യൂട്ടിയില്‍ പലപ്പോഴും ജൂനിയര്‍ ഡോക്ടര്‍മാരാകും ഉണ്ടാവുക. അപകടത്തില്‍പ്പെട്ടവരും അടിയന്തര പരിചരണം വേണ്ടണ്ടിവരും ഉള്‍പ്പെടെ അത്യാഹിത വിഭാഗത്തിലേക്കാണ് എത്തുന്നത്. പലപ്പോഴും മണിക്കൂറുകളോളം കാത്തുനിന്ന് തളരാനാണ് ചികിത്സ തേടിയെത്തുന്നവരുടെ വിധി.
ജില്ലയിലെ താലൂക്ക് ആശുപത്രികളിലെ ജനറല്‍ മെഡിസിന് വിഭാഗത്തിലെ ജൂനിയര്‍ ഡോക്ടര്‍മാരെ സായാഹ്ന ഒപിയില്‍ നിയോഗിച്ചിരുന്നു. എന്നാല്‍ പലരും ഉച്ചയ്ക്ക് ശേഷം കാണാറില്ല. നിലവില്‍ ചികിത്സ നടത്തിവരുന്ന രോഗികള്‍ക്ക് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ തുടരാന്‍ കുറിച്ചുനല്‍കുക മാത്രമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ചെയ്യുന്നത്.
പലപ്പോഴും സായാഹ്ന ഒപി അടച്ചിടുകയാണ്. ഇത് കാരണം ആട്ടോറിക്ഷകളിലും മറ്റും എത്തുന്ന രോഗികള്‍ നിരാശയോടും പ്രതിഷേധത്തോടും കൂടിയാണ് സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നത്. എല്ലാ ദിവസവുമുള്ള ജനറല്‍ മെഡിസിന് വിഭാഗത്തിലെ ഡോക്ടര്‍മാരെ കാണണമെങ്കില്‍ താലൂക്ക് ആശുപത്രികളില്‍ നല്ല സമയം നോക്കി വരണമൊ എന്നാണ് രോഗികള്‍ ചോദിക്കുന്നത്. സാധാരണ ഗതിയില്‍ വൈകിട്ട് ആറുവരെ നീളുന്ന ഒപി രണ്ടിനുമുന്പ് അവസാനിപ്പിച്ചു മടങ്ങുകയാണ് ഡോക്ടര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: