അവിസ്മരണീയ അനുഭവങ്ങളുടെ ഒരു മാസക്കാലമാണ് കടന്നുപോയത്. ലോകത്തെ ത്രസിപ്പിച്ച പോരാട്ടങ്ങളുടെ പിന്നാലെ… ലയണല്‍ മെസി, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, കൈലിയന്‍ എംബാപ്പെ, നെയ്മര്‍, അന്റോയിന്‍ ഗ്രീസ്മന്, ഹാരി കെയ്ന്‍, തിയാഗോ സില്‍വ, എമിലിയാനോ മാര്‍ട്ടിനസ് തുടങ്ങി ലോക ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളുടെ സാമീപ്യത്തിലുടെയുള്ള യാത്ര…
അതിനേക്കാളുമേറെ വിസ്മയിപ്പിച്ചത് മറ്റൊന്ന്, ഖത്തറിന്റെ ആതിഥ്യമര്യാദ. ഇത്ര വലിയ ഒരു മേള നടത്തേണ്ടതെങ്ങനെയെന്ന് ഖത്തര്‍ കാണിച്ചു തന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് ആരാധകരെ ഒരു പരാതിക്കു പോലും ഇട നല്‍കാതെയാണ് ഖത്തര്‍ സ്വീകരിച്ചത്. വിവിധ രാജ്യങ്ങളുടെ ഭക്ഷണ വിഭവങ്ങളും സുലഭം.
ലോകകപ്പിന്റെ മുഖ്യസംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കായി മീഡിയ ആന്‍ഡ് ബ്രോഡ്കാസ്റ്റ് സോഷ്യല്‍ ഈവനിങ് സംഘടിപ്പിച്ചു. സാധാരണ സംഘാടകര്‍ മാധ്യമങ്ങള്‍ക്കായി വലിയ പരിപാടികളൊന്നും സംഘിടിപ്പിക്കാറില്ലെന്നാണ് നിരവധി ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പരിചയസമ്പത്തുള്ള മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞത്. ഖത്തര്‍ ഒന്നുകൂടി ചെയ്തു. പബ്ലിക് ട്രാന്സ്പോട്ടേഷന് മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി നല്കി. ആയിരക്കണക്കിന് ബസ്സുകളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും കാണികള്‍ക്കും വേണ്ടി മാത്രമായി ഒരുക്കിയത്.
ലുസൈല്‍ നഗരം സൃഷ്ടിച്ചപ്പോള്‍ നവീകരിച്ചെടുത്ത ദ്വീപാണ് ഖുതായിഫാന്‍. ഇവിടെയായിരുന്നു പരിപാടി. കടല്‍ കാവല്നില്ക്കുന്ന, അംബരചുംബികളായ മണിസൗധങ്ങളുടെ വര്‍ണപ്പലിമ നിഴലായി പതിക്കുന്ന ഖുതായിഫാന്റെ മനോഹാരിതയിലായിരുന്നു ഗെറ്റ്ടുഗെദര്‍. ഒരു രാത്രി നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ഇത്രയും ദിവസത്തെ ഇടതടവില്ലാത്ത ജോലിയും മാനസിക സമ്മര്‍ദവുമൊക്കെ കുറയ്ക്കുന്നതിന് സുപ്രീം കമ്മിറ്റി ആസൂത്രണം ചെയ്തതായിരുന്നു സോഷ്യല്‍ ഈവനിങ്. അമേരിക്കന്‍ ബാന്‍ഡിന്റെ സംഗീതപരിപാടികളടക്കം നിരവധി പ്രോഗ്രാമുകള്‍ കൂട്ടായ്മയുടെ ഭാഗമായി. ലാറ്റിനമേരിക്കയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഡാന്‍സും പാട്ടുമായി കളം നിറഞ്ഞു. രാത്രി എട്ടുമണിയോടെ തുടങ്ങിയ കലാപരിപാടി പിറ്റേദിവസം പുലര്‍ച്ചെയാണ് സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: