ഡോ. രാജഗോപാല്‍ പി. കെ
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും കേരള സര്‍ക്കാരും തമ്മില്‍ നടക്കുന്ന പോര് ജനാധിപത്യ വിശ്വാസികള്‍ക്കിടയില്‍ അതൃപ്തി ഉളവാക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന മാര്‍ക്സിസ്റ്റ് വല്‍ക്കരണത്തെ ചോദ്യം ചെയ്തു തുടങ്ങിയതോടെയാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ കണ്ണിലെ കരടായത്. ഭരണം നടത്തുന്ന സിപിഎമ്മിന്റെ ഇഷ്ടക്കാരെയും നേതാക്കളുടെ ബന്ധുക്കളെയും എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി സര്‍വകലാശാലകളില്‍ നിയമിച്ചുതുടങ്ങിയതോടെയാണ് ചാന്‍സിലറായ ഗവര്‍ണര്‍ കലാപക്കൊടിയുയര്‍ത്തിയത്. തങ്ങളുടെ ഇംഗിതത്തിന് ഗവര്‍ണര്‍ വഴങ്ങാതെ വന്നതോടെ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും സിപിഎം നേതാക്കളും പരസ്യമായാണ് ഗവര്‍ണറെ നേരിടുന്നത്.
ഗവര്‍ണര്‍ക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങളുമായി മുഖ്യമന്ത്രി അടക്കം പാര്‍ട്ടി ഒന്നാകെ രംഗത്തു വന്നു കഴിഞ്ഞു. ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റാന്‍ സഭയില്‍ കൊണ്ടുവന്ന ബില്ലിനെ പ്രതിപക്ഷം ആദ്യം എതിര്‍ത്തുവെങ്കിലും മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി പിന്തുണയ്ക്കുകയാണുണ്ടായത്. വേണ്ടത്ര കൂടിയാലോചന ഇല്ലാതെ അവതരിപ്പിച്ച ബില്ലിലൂടെ ഭരണപക്ഷവും, അതിനെ പിന്തുണയ്ക്കുക വഴി പ്രതിപക്ഷവും വെട്ടിലായിരിക്കുകയാണ്. പതിനാല് സര്‍വകലാശാലകള്‍ക്കായി പതിനാല് ചാന്‍സിലര്‍മാരെ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം ആശാസ്ത്രീയവും നീതിക്ക് നിരക്കാത്തതുമാണ്. ബില്ല് ഗവര്‍ണര്‍ക്ക് അയയ്ക്കും മുന്‍പ്, ഒപ്പിട്ടില്ലെങ്കില്‍ നിയമപരമായി നേരിടും എന്ന ഭീഷണിയും സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്ലില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ അസന്നിഗ്ധമായി വ്യക്തിമാക്കിയ നിലയ്ക്ക് ഭരണക്കാര്‍ക്ക് പ്രശ്നം പരിഹരിക്കുക അത്ര എളുപ്പമല്ല.
ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്
കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ പാലമായി വര്‍ത്തിക്കേണ്ട, സംസ്ഥാനത്തിന്റെ ഭരണ നിര്‍വ്വഹണകാര്യങ്ങളില്‍ നിര്‍ണ്ണായക പങ്കാളിത്തമുള്ള ഗവര്‍ണറെ പിണക്കിക്കൊണ്ട് പിണറായി സര്‍ക്കാരിന് എത്രകാലം മുന്നോട്ടു പോകാനാകും എന്നതാണ് അറിയാനുള്ളത്. എന്തായാലും ഏറെനാള്‍ ഇക്കളിയുമായി മുന്നോട്ടു പോക്ക് സാധ്യമല്ല. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 153 മുതല്‍ ആര്‍ട്ടിക്കിള്‍ 162 വരെ ഗവര്‍ണറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനാണ്. കൂടാതെ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഇടയിലുള്ള പ്രധാന കണ്ണിയായും പ്രവര്‍ത്തിക്കുന്നു. ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് തലവന്മാരാണ്. സംസ്ഥാനം പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും നിയമനങ്ങളും ഗവര്‍ണറുടെ അനുമതിക്ക് വിധേയമാണ്. അത്തരം സാഹചര്യത്തില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് അധികകാലം നീട്ടിക്കൊണ്ടുപോകുന്നത് കേരളത്തിന്റെ ഭരണ നടത്തിപ്പിനും വികസനകാര്യങ്ങള്‍ക്ക് അടക്കം നല്ലതല്ല.
ഗവര്‍ണറുടെ വിവേചനാധികാരം
ഒരു ഗവര്‍ണര്‍ക്ക് കോടതിയുടെ ഇടപെടല്‍ കൂടാതെ ഉചിതമെന്ന് തോന്നുമ്പോഴെല്ലാം വിവേചനാധികാരം പ്രയോഗിക്കാന്‍ കഴിയും. ഇന്ത്യയില്‍ ഗവര്‍ണര്‍മാരുടെ വിവേചനാധികാരങ്ങള്‍ നിരവധിയാണ്. ഇവ പ്രധാനമായും രണ്ടുവിഭാഗങ്ങളായി തിരിക്കാം. ഭരണഘടനാപരമായ വിവേചനാധികാരം എന്നും സാഹചര്യ വിവേചനാധികാരം എന്നും ഇന്ത്യന്‍ ഭരണഘടനയില്‍ പരാമര്‍ശിച്ചിരിക്കുന്നു. സാഹചര്യ വിവേചനാധികാരം ഒരു സംസ്ഥാനത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. വിവേചനാധികാരം അവര്‍ക്ക് ഉചിതമെന്ന് തോന്നുമ്പോഴെല്ലാം ഗവര്‍ണര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ഇന്ത്യന്‍ നിയമമനുസരിച്ച്, ഗവര്‍ണര്‍ക്ക് കോടതിയുടെ ഇടപെടലില്ലാതെ വിവേചനാധികാരം പ്രയോഗിക്കാം. ഉദാഹരണമായി, ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് തന്റെ വിവേചനാധികാരം ഉപയോഗിക്കാം.
ചാന്‍സിലര്‍ പദവി ഇല്ലാതാക്കാന്‍ ശ്രമം
ചാന്‍സിലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ പങ്ക് വിവാദങ്ങള്‍ക്കും പരസ്യ വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കുന്നത് ശരിയല്ല. ഗവര്‍ണറുടെ ചുമതല ഭരണഘടനാ വ്യവസ്ഥകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ മേല്‍നോട്ടം കുറയ്ക്കാന്‍ ചില സംസ്ഥാനങ്ങള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 2022 ഏപ്രിലില്‍, രണ്ട് സംസ്ഥാനങ്ങള്‍ ചാന്‍സിലറുടെ അധികാരങ്ങള്‍ ഗവര്‍ണറില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് കൈമാറാനുള്ള നിയമ ഭേദഗതിക്ക് മുന്നോട്ടു വന്നു. ഈ പാതയില്‍ കേരളവും വരുന്നു എന്നതും ശ്രദ്ധേയമാണ്. ഭരണഘടനാ പദവിയിലുള്ള ഒരു വ്യക്തി യെ അപമാനിക്കുന്ന തരത്തിലുള്ള നടപടികളാണിതെന്ന കാര്യത്തില്‍ സംശയമില്ല. യുജിസി വ്യവസ്ഥകള്‍ പ്രകാരം ഫണ്ട് കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളില്‍ ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കാനുള്ള തീരുമാനം നീതിക്ക് നിരക്കാത്തതാണ്.
സംസ്ഥാനത്തിന്റെ ഈ തീരുമാനം കോടതികയറിയാല്‍ വിമര്‍ശിക്കപ്പെടുകയും റദ്ദാക്കപ്പടുകയും ചെയ്യുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. സംസ്ഥാന സര്‍ക്കാരിന് അത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിച്ചേരാന്‍ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് വിശകലം ചെയ്യുമ്പോഴാണ് കൂടുതല്‍ ഇളിഭ്യരാകാന്‍ പോകുന്നത്. തങ്ങള്‍ക്ക് അഴിമതിയും സ്വജനപക്ഷപാതവും സ്വന്തക്കാരെ നിയമിക്കാനുള്ള അനുവാദവും നല്‍കാത്തതിലുള്ള വിരോധമാണ് ഗവര്‍ണറോട് തീര്‍ക്കുന്നത് എന്നകാര്യം കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമാകുക തന്നെ ചെയ്യും. ചാന്‍സിലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണര്‍ നീക്കം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായാല്‍ സര്‍വ്വകലാശാലകള്‍ക്കതു ഗുണകരമാകില്ലെന്നത് നിസ്സംശയം പറയാം. കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന സഹായത്തിന് കുറവു വരികയും ചെയ്യാം. അക്കാദമിക നിലവാരത്തെയും അത് പ്രതികൂലമായി ബാധിക്കും. നമുക്കുമുന്നിലുള്ള അനുഭവങ്ങള്‍ അത്തരത്തില്‍ ചിന്തിക്കാനാണ് പ്രേരിപ്പിക്കുന്നത്. എല്ലാരംഗത്തും മാനദണ്ഡങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി പാര്‍ട്ടിക്കാരെ നിയമിക്കുമ്പോള്‍(ഭരിക്കുന്നത് ഏതു സര്‍ക്കാരായാലും) അക്കാദമിക നിലവാരം കുളംകോരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇപ്പോള്‍തന്നെ താഴേക്കുപോകുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം കൂടുതല്‍ താഴേക്ക് പതിക്കാനാണ് സാധ്യത.
യുജിസീ ചട്ടങ്ങളില്‍ ഭേദഗതി അനിവാര്യം
സംസ്ഥാനങ്ങളില്‍ നടക്കുന്ന ഗവര്‍ണര്‍ വിരുദ്ധ പോരാട്ടത്തിന്റെപിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. കേരളത്തില്‍ മാര്‍ക്സിസ്റ്റ് ചിന്തകരെ അക്കാദമിക സ്ഥാനങ്ങളില്‍ അവരോധിക്കാനുള്ള നീക്കം തുടങ്ങിയിട്ട് നാളുകളേറെയായി. സര്‍വകലാശാലകളില്‍ വൈസ്ചാന്സിലര് മുതല്‍ തൂപ്പുകാരായിവരെ പാര്‍ട്ടിക്കാരെ തിരുകി കയറ്റികൊണ്ട് ഭരണം ഏകെജി സെന്റര്‍ വഴി നടത്താം എന്ന നി ലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകാന്‍ തുടങ്ങിയാല്‍ കേരളത്തില്‍ യോഗ്യത നേടിയവര്‍ വഴിയാധാരമാകും. യുജിസി ധനസഹായം പറ്റുന്ന സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ നീങ്ങിയാല്‍ നിയന്ത്രണം അനിവാര്യം തന്നെയാണ്. ഗവര്‍ണ്ണര്‍ നടത്തുന്ന നീക്കങ്ങള്‍ സേവ് യൂണിവേഴ്സിറ്റി ഫോറം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ്. വ്യക്തമായ പഠനങ്ങള്‍ക്ക് ശേഷമാണ് ചാന്‍സിലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ഇടപെട്ടിട്ടുള്ളത്. വൈസ് ചാന്‍സിലര്‍ നിയമനത്തിനായുള്ള പാനല്‍ നല്കാന് കേരള സര്‍വകലാശാല സെനറ്റ് തയ്യാറാകാത്തതുമൂലം സര്‍വകലാശാലക്ക് വൈസ്ചാന്സിലര് ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ചു. ടെക്നിക്കല്‍ യൂണിവേഴ്സിറ്റി വൈസ്ചാന്സിലര്ക്കെതിരെ പ്രതിഷേധം നടത്തി ഭീകരത സൃഷ്ടിച്ചവര്‍ക്ക് കോടതി വിധിയിലൂടെ തിരിച്ചടികിട്ടി. അടിയന്തിരമായി യുജിസി ചട്ടങ്ങള്‍ ഭേദഗതി ചെയ്തു ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറെ നിലനിര്‍ത്തേണ്ടത് സര്‍വകലാശാലകളുടെ സ്വയംഭരണം കാത്തുസൂക്ഷിക്കാനും അക്കാദമിക നിലവാരം സംരക്ഷിക്കാനും അനിവാര്യമാണ്. ഒപ്പം ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളുടെ ഭാവിയും സംരക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: