മുംബൈ: ഇന്ത്യയുടെ നാവികശക്തിക്ക് മുതല്‍ക്കൂട്ടായി മിസൈല്‍ നശീകരണിക്കപ്പല് ഐഎന്‍എസ് മുര്‍മുഗാവ് കമ്മിഷന് ചെയ്തു. 7400 ടണ്‍ ഭാരമുള്ള കപ്പല്‍, മുംബൈ മസഗോണ്‍ ഡോക്കില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നാവിക സേനയ്ക്ക് സമര്‍പ്പിച്ചു.
ഗോവ വിമോചന ദിനത്തിന്റെ തലേന്നാണ് ഗോവയിലെ തുറമുഖ നഗരത്തിന്റെ പേരിട്ടിട്ടുള്ള കപ്പലിന്റെ കൈമാറ്റം. 450 കി.മീ അകലെയുള്ള ലക്ഷ്യം തകര്‍ക്കാന്‍ കഴിയുന്ന ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈലുകളും 70 കി.മീ പരിധിയുള്ള ഉപരിതല വ്യോമ മിസൈലുകളും കപ്പലുകള്‍ തകര്‍ക്കുന്ന ടോര്‍പിഡോകളും റോക്കറ്റ് ലോഞ്ചറുകളും വിവിധയിനം തോക്കുകളും അത്യാധുനിക റഡാര്‍ സംവിധാനവും മറ്റുമുള്ള കപ്പലാണിത്.
35,800 കോടിയുടെ പാക്കേജിന്റെ ഭാഗമായുള്ള രണ്ടാമത്തെ കപ്പലാണിത്. ഒന്നാമത്തെ കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണം കഴിഞ്ഞവര്‍ഷം നവംബറില്‍ പുറത്തിറക്കിയിരുന്നു. ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് സൂററ്റ് എന്നിവ അടുത്ത വര്‍ഷങ്ങളില്‍ കമ്മിഷന് ചെയ്യും. 163 മീറ്ററാണ് കപ്പലിന്റെ നീളം. 130 യുദ്ധക്കപ്പലുകളുള്ള നാവിക സേനയ്ക്കു വേണ്ടി 44 കപ്പലുകള്‍ നിര്‍മാണത്തിലാണ്. അവയില്‍ 42 എണ്ണവും രാജ്യത്തെ കപ്പല്ശാലകളില്തന്നെയാണ് പണിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: