പാലക്കാട്: സംഘടിത ജാതി-മത ഭിന്നിപ്പുകള്‍ കേരളത്തിന്റെ ശാപമായിമാറിയിരിക്കുകയാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അഭിപ്രായപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ പൊതുതാത്പര്യങ്ങളെ ബലികഴിക്കുകയാണ് ഇതിലൂടെ. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിയമങ്ങളെ പരസ്യമായി ലംഘിക്കുന്നവര്‍ക്കും, അതിനെ ന്യായീകരിക്കുന്നവര്‍ക്കും ലഭിക്കുന്ന സ്വീകാര്യത അപകടകരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കുന്നത്. മാധ്യമങ്ങള്‍ ഈ ശിഥിലീകരണശക്തികളെ പിന്തുണക്കുന്ന അന്തരീക്ഷം അപലപനീയമാണ്. ആശയപരമായ പ്രതിസന്ധിയെ മറികടക്കാന്‍ ധൈഷണിക വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് കഴിഞ്ഞാല്‍ മയക്കുമരുന്നിന്റെ ഏറ്റവും വലിയ കേന്ദ്രമായി കേരളം മാറി. ഭീകരവാദവും മയക്കുമരുന്ന് വിപണിയും ബന്ധപ്പെട്ടിരിക്കുകയാണ്. കുട്ടികളും യുവതി-യുവാക്കളും അടങ്ങുന്ന സമൂഹം ലഹരിക്ക് അടിമപ്പെട്ടിരിക്കുന്ന സാഹചര്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്തേണ്ട ചുമതലയും മാധ്യമങ്ങള്‍ക്കുണ്ട്. ഇന്ന് നമുക്ക് സമഗ്രവീക്ഷണമുള്ള കാഴ്ചപ്പാടില്ല. കൈയേറ്റക്കാരെ പിന്തുണയ്ക്കുന്ന സമീപനമാണ് ഭരണാധികാരികള്‍ കൈക്കൊള്ളുന്നത്.
വനം,നദി, മല തുടങ്ങിയവയെല്ലാം ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്നും സഞ്ജയന് പറഞ്ഞു.സംസ്ഥാന അധ്യക്ഷന്‍ ഡോ.എം. മോഹന്‍ദാസ് അധ്യക്ഷനായി. ക്ഷേത്ര സംയോജകന്‍ എസ്. വിശ്വനാഥന്, സംസ്ഥാന ജന. സെക്രട്ടറി കെ.സി. സുധീര്‍ബാബു, സംഘടന സെക്രട്ടറി വി. മഹേഷ്, പ്രൊഫ. കെപി. സോമരാജന്, ഡോ. എസ്. മധുസൂദനന്, ജെ. മഹാദേവന്,ഡോ. സി.എം. ജോയ്, അഡ്വ. അഞ്ജന,ഡോ. ഗീത സംസാരിച്ചു.
ഇന്ന് രാവിലെ 10ന് സംസ്ഥാന സമ്മേളനം ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് ഉദ്ഘാടനം ചെയ്യും. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആര്. സഞ്ജയന്, ജന. സെക്രട്ടറി കെ.സി. സുധീര്‍ബാബു, സംസ്ഥാന അധ്യക്ഷന്‍ ഡോ. എം. മോഹന്‍ദാസ്, സ്വാഗതസംഘം ചെയര്മാന് ഡോ. എന്‍. സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കെടുക്കും. 250 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: