താമരശ്ശേരി : ബഫര്‍സോണ്‍ നിര്‍ണയവുമായി ബന്ധപ്പെട്ട ഉപഗ്രഹ സര്‍വേ അബദ്ധങ്ങള്‍ നിറഞ്ഞതാണ്. അത് പിന്‍വലിക്കണമെന്ന് താമരശ്ശേരി അതിരൂപത. സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിനു തയ്യാറായില്ല. കോഴിക്കോട് മലയോര മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ ഇതിനെതിരെയുള്ള പ്രതിഷേധ സമരം ആരംഭിക്കുമെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമഞ്ചിയോസ് ഇഞ്ചനാനിയല്‍ അറിയിച്ചു.
നിരവധി തവണ ഉഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിനു തയ്യാറായില്ല. ഇതിനു പിന്നില്‍ ഗൂഢാലോചനയാണെന്നും സംശയിക്കുന്നുണ്ടെന്നും ബിഷപ്പ് പ്രതികരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ, രണ്ടോമൂന്നോ മന്ത്രിമാരെ നിയോഗിച്ച് വിഷയത്തെ കുറിച്ച് പഠിക്കണമെന്നും സാമൂഹികാഘാത പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
റവന്യു ഭൂമിയെപ്പറ്റി പഠിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചത് എന്തിനാണ്. മുഖ്യമന്ത്രി കര്‍ഷകര്‍ക്ക് എതിരാണെന്ന് തോന്നുന്നില്ല. ചര്‍ച്ചയ്‌ക്ക് തയാറാകണം. ജനദ്രോഹ നടപടികള്‍ക്ക് പിന്നില്‍ മറ്റേതോ ലോബിയാണെന്ന് സംശയമുണ്ട്. ജനങ്ങളെ ബോധവത്കരിക്കാനുള്ള ജനജാഗ്രത യാത്രകള്‍ക്ക് തിങ്കളാഴ്ച മുതല്‍ തുടക്കമിടുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി 2 മാസം കൂടി നീട്ടിക്കൊണ്ട് ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കും. സെപ്റ്റംബര്‍ 30 നായിരുന്നു അഞ്ചംഗകമ്മിറ്റി ഉണ്ടാക്കിയത്. ഡിസംബര്‍ 30 നുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്കാന്‍ ആയിരുന്നു നിര്‍ദ്ദേശം. ഉപഗ്രഹ സര്‍വേക്കെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് റിപ്പോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സമയം നല്‍കുന്നത്.ജനങ്ങളുടെ സംശയനിവാരണത്തിനായി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സജ്ജമാക്കുന്ന ഹെല്‍പ് ഡെസ്‌കുകള്‍ അടുത്തയാഴ്ച പ്രവര്‍ത്തനം തുടങ്ങും. ഉപഗ്രഹ സര്‍വേയിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനും കൃത്യത ഉറപ്പാക്കാനുമാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: